ന്യൂഡല്‍ഹി: കാണാതായ വ്യോമസേനയുടെ എ എന്‍ 32 വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അരുണാചല്‍ പ്രദേശിലെ ലിപോയ്ക്ക് വടക്ക് ഭാഗത്തായി വ്യോമ പാതയില്‍ നിന്ന് 15 മുതല്‍ 20 കിലോമീറ്റര്‍ അകലത്തിലായാണ് വ്യോമസേന വിമാനത്തിന്‍റെ  അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ജൂണ്‍ 3നാണ് വിമാനം കാണാതായത്. ഏഴ് വ്യോമസേനാംഗങ്ങളും ആറ് യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ചൈന അതിര്‍ത്തിയായ മെചൂക്കയിലേക്കുള്ള യാത്രമധ്യേയായിരുന്നു വ്യോമസേന വിമാനവുമായുള്ള ബന്ധം നഷ്ടമായത്. 


അസമിലെ ജോര്‍ഹട്ടില്‍നിന്ന് 12.30-ന് മെന്‍ചുക അഡ്വാന്‍സ് ലാന്‍ഡി൦ഗ് ഗ്രൗണ്ടിലേക്ക് തിരിച്ച എഎന്‍- 32 എന്ന വിമാനവുമായുള്ള സമ്പര്‍ക്കം 1 മണിയോടെ നഷ്ടമായിരുന്നു. 


കഴിഞ്ഞ ഒരാഴ്ചയായി ഈ വിമാനത്തിനായുള്ള തെരച്ചില്‍ നടക്കുകയായിരുന്നു. വനപ്രദേശവുമായതിനാലും ഒപ്പം പ്രതികൂല കാലാവസ്ഥയും തെരച്ചില്‍ കൃത്യമായി നടത്താന്‍ സാധിക്കാത്ത സാഹചര്യം ഉളവാക്കിയിരുന്നു.


മിഗ് 17, സി 130, സുഖോയ് 30 വിമാനങ്ങളും കരസേന ഹെലികോപ്റ്ററുകളും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വിമാനത്തിന്‍റെ  അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്