യൂട്യൂബ് ചാനലുകളുടെ നിരോധനം; തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാൽ ഇനിയും നടപടിയുണ്ടാകുമെന്ന് കേന്ദ്രം
അഭിപ്രായ സ്വാതന്ത്ര്യത്തെ കേന്ദ്രം പിന്തുണയ്ക്കുന്നുവെന്നും എന്നാൽ രാജ്യത്തെ വിഭജിക്കാനും തെറ്റായ വിവരങ്ങളും വ്യാജവാർത്തകളും പ്രചരിപ്പിക്കാനും ആർക്കും അവകാശമില്ലെന്നും കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു.
ന്യൂഡൽഹി: ദേശീയ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന് കേന്ദ്ര സർക്കാർ. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന യുട്യൂബ് ചാനലുകൾക്കെതിരെ ഭാവിയിൽ കർശന നടപടി തുടരുമെന്നും കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം വ്യക്തമാക്കി. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് 16 യൂട്യൂബ് വാർത്താ ചാനലുകൾ നിരോധിച്ചതിന് പിന്നാലെയാണ് പ്രതികരണം.
അഭിപ്രായ സ്വാതന്ത്ര്യത്തെ കേന്ദ്രം പിന്തുണയ്ക്കുന്നുവെന്നും എന്നാൽ രാജ്യത്തെ വിഭജിക്കാനും തെറ്റായ വിവരങ്ങളും വ്യാജവാർത്തകളും പ്രചരിപ്പിക്കാനും ആർക്കും അവകാശമില്ലെന്നും കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു. 68 കോടിയോളം കാഴ്ചക്കാരുള്ള വാർത്താ ചാനലുകൾക്കാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്.
Also Read: വ്യാജവാർത്ത, രാജ്യസുരക്ഷയ്ക്ക് ഭീഷണി; 16 യൂട്യൂബ് ചാനലുകൾ നിരോധിച്ച് ഇന്ത്യ
“രാജ്യത്തിന്റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും വെല്ലുവിളിയായി മാറുന്ന കിംവദന്തികളും വ്യാജവാർത്തകളും പ്രചരിപ്പിക്കാൻ ആർക്കും അവകാശമില്ല. നിയമങ്ങൾക്കനുസൃതമായി കർശനമായ നടപടികൾ സ്വീകരിച്ചു, 16 യൂട്യൂബ് ചാനലുകൾ ബ്ലോക്ക് ചെയ്തു കൊണ്ടാണ് നടപടി. അഞ്ചാം തവണയാണ് ഇത്തരത്തിലൊരു നടപടിയെടുക്കുന്നത് - അനുരാഗ് താക്കൂർ വ്യക്തമാക്കി. രാജ്യത്തിനകത്തും പുറത്തുമുള്ളവർക്കുള്ള വ്യക്തമായ സന്ദേശമാണ് യുട്യൂബ് ചാനലുകൾ ബ്ലോക്ക് ചെയ്തതിലൂടെ നൽകുന്നത്. ഭാവിയിലും കർശന നടപടി തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
Also Read: LIC IPO : എൽഐസിയുടെ പ്രഥമ ഒഹരിവില 902-949 രൂപ; പ്രാഥമിക വിൽപന 21,000 കോടി രൂപയ്ക്ക്
“ഇന്ത്യയുടെ സുരക്ഷയിൽ ഒരു വിട്ടുവീഴ്ചയും ഇല്ല, രാജ്യത്തിനെതിരായി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാനുള്ള ശ്രമങ്ങൾ ഭാവിയിലും തുടരും,” അനുരാഗ് താക്കൂർ പറഞ്ഞു.
ദേശീയ താത്പര്യങ്ങൾക്ക് വിരുദ്ധമായ ഉള്ളടക്കം പ്രക്ഷേപണം ചെയ്തതിന്റെ പേരിൽ 16 യൂട്യൂബ് ചാനലുകളാണ് കഴിഞ്ഞ ദിവസം കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ബ്ലോക്ക് ചെയ്തത്. നിരോധിച്ചതിൽ 10 എണ്ണം ഇന്ത്യൻ യൂട്യൂബ് ചാനലുകളും 6 എണ്ണം പാക്കിസ്ഥാനിൽ നിന്നുള്ളവയുമാണ്. ഒരു ഫേസ്ബുക്ക് അക്കൗണ്ടും നിരോധിച്ചിട്ടുണ്ട്. പൊതുസമൂഹത്തിൽ മതസ്പർദ വളർത്തുന്നതും തെറ്റായതും, കൃത്യതയില്ലാത്തതും, ജനങ്ങളിൽ പരിഭ്രാന്തി പരത്തുന്നതുമായ വാർത്തകളാണ് ഈ യൂട്ര്യൂബ് ചാനുകൾ പ്രക്ഷേപണം ചെയ്തത്. ദേശ സുരക്ഷയെയും വിദേശ ബന്ധത്തെയും ബാധിക്കുന്നവയായിരുന്നു ഇവയിലെ ഉള്ളടക്കം എന്നും മന്ത്രാലയം അറിയിച്ചു.
ഇന്ത്യൻ സൈനിക വിഷയം, ജമ്മു കശ്മീർ, യുക്രൈനിലെ റഷ്യൻ അധിനിവേശം തുടങ്ങിയവയുടെ പശ്ചാത്തലത്തിൽ ഇന്ത്യയെക്കുറിച്ചുള്ള വ്യാജവാർത്തകൾ പ്രക്ഷേപണം ചെയ്യാൻ പാകിസ്ഥാൻ ആസ്ഥാനമായുള്ള യൂട്യൂബ് ചാനലുകൾ ഉപയോഗിച്ചതായി കണ്ടെത്തലുണ്ടെന്നും മന്ത്രാലയം പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...