ന്യൂഡല്‍ഹി :രാജ്യത്തൊന്നാകെയുള്ള മെഡിക്കല്‍-ഡെന്റല്‍  കോളേജുകളിലേക്കുള്ള അഡ്മിഷന്‍ നേടാന്‍  ഏകീകൃത  പൊതു പ്രവേശന പരീക്ഷ നടത്തണം എന്ന സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യ മന്ത്രിമാരുമായി ഇന്ന്‍ കൂടിയാലോചന നടത്തും


COMMERCIAL BREAK
SCROLL TO CONTINUE READING

നീറ്റിനെതിരെ പല എം .പി മാരും വിയോജിപ്പ്‌ ഉയര്‍ത്തിയ സാഹചര്യത്തിലാണ് യോഗം വിളിച്ച് കൂട്ടുന്നത് മെഡിക്കല്‍-ഡെന്റല്‍ കോളേജുകളില്‍ പ്രവേശനം ആഗ്രഹിക്കുന്ന ലക്ഷ കണക്കിന് വിദ്യാര്‍ഥികളുടെയും മാതാപിതാകളുടെയും ആശങ്കകള്‍ പരിഹരിക്കാന്‍ ഇന്നത്തെ യോഗത്തിലൂടെ കഴിയുമെന്ന്   കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെ .പി നദ്ദ   ട്വിട്ടെറില്‍ കുറിച്ചു.  


ഈ വര്‍ഷം മെഡിക്കല്‍ ഡെന്റല്‍ കോളേജുകളില്‍ പ്രവേശനം ആഗ്രഹിക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികളും നാഷണല്‍ എലിജിബിലിറ്റി എന്ട്രന്‍സ് ടെസ്റ്റ്‌ (നീറ്റ് ) എഴുതണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്തില്‍ പല സംസ്ഥാനങ്ങള്‍ക്കും വിയോജിപ്പുണ്ടായിരുന്നു. ഇക്കുറി പല സംസ്ഥാനങ്ങളും തങ്ങളുടെ മെഡിക്കല്‍ പ്രവേശന പരീക്ഷ നടത്തി കഴിഞ്ഞ ഘട്ടത്തില്‍ ഈ വര്‍ഷം തങ്ങള്‍ നടത്തിയ പ്രവേശന പരീക്ഷ പ്രകാരം അഡ്മിഷന്‍ നടത്താന്‍ അനുവദിക്കണമെന്ന്‍ കാണിച്ച് വിവിധ സംസ്ഥാനങ്ങള്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിരുന്നു . കഴിഞ്ഞ ആഴ്ച്ച സുപ്രീം കോടതി വിവിധ സംസ്ഥാനങ്ങള്‍ നല്‍കിയ ഹരജി തള്ളുകയും നീറ്റ് എഴുതിയ വിദ്യാര്‍ഥികള്‍ മാത്രമേ എം .ബി .ബി .എസ് -ബി .ഡി .എസ് അഡ്മിഷന്‍ നേടാന്‍ അര്‍ഹരാവൂ എന്നും വ്യക്തമാക്കിയിരുന്നു .


സുപ്രീം കോടതി വിധിയെ തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ നീറ്റിനെതിരെ വിവിധ ആശങ്കകള്‍ ഉന്നയിച്ചിരുന്നു . പ്രാദേശിക ഭാഷകളില്‍ പ്ലസ് ടു തലം വരെ പഠിച്ചവര്‍ക്കും ഗ്രാമീണ മേഖലകളില്‍ നിന്ന്‍ വരുന്നവര്‍ക്കും  ഏകീകൃത രൂപത്തിലുള്ള പരീക്ഷ ബുദ്ധിമുട്ട് സൃഷ്ട്ടിക്കുമെന്നുമുള്ള ആശങ്കകള്‍ ഇനിയും ദൂരീകരിക്കപ്പെടാനിരിക്കുന്നു.ഈ അക്കാദമിക വര്‍ഷത്തില്‍  നീറ്റ് പരീക്ഷ നടത്താതിരിക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ട് വരണമെന്ന് നിരവധി എം .പി മാര്‍ കേന്ദ്ര ഗവര്‍മെന്റിനോട് ആവശ്യപ്പെട്ടിരുന്നു.