കണ്ണൂർ: പയ്യന്നൂരിൽ 12 വയസുകാരന് മെലിയോയിഡോസിസ് എന്ന രോഗം സ്ഥിരീകരിച്ചു. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ നിന്നാണ് കുട്ടിയ്ക്ക്‌ മെലിയോയിഡോസിസാണെന്ന് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് പയ്യന്നൂർ കോറോം ഭാഗത്ത് ആരോ​ഗ്യ വകുപ്പ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കുട്ടിയുടെ താടിയിൽ കുരു വരികയും അത് പഴുത്ത് വ്രണമായി മാറുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. വിശദമായ പരിശോധനകൾക്ക് ശേഷം കുട്ടിയ്ക്ക് മെലിയോയിഡോസിസ് സ്ഥിരീകരിക്കുകയായിരുന്നു. പഴുപ്പ് പരിശോധിച്ചപ്പോഴാണ് അസുഖം തിരിച്ചറിഞ്ഞത്. പ്രദേശത്തെ മറ്റൊരു യുവാവും സമാനമായ രോഗലക്ഷണങ്ങളുമായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഇദ്ദേഹത്തിന്റെ സാമ്പിൾ പരിശോധനാ ഫലം ലഭ്യമായിട്ടില്ല. 


ALSO READ: അതിർത്തി ചെക്ക് പോസ്റ്റുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; വ്യാപക ക്രമക്കേടുകൾ കണ്ടെത്തി


അടുത്തുള്ള കുളത്തിൽ നിന്നായിരിക്കാം ഇരുവർക്കും രോഗം പകർന്നത് എന്നാണ് ആരോ​ഗ്യ വകുപ്പിന്റെ പ്രാഥമിക നി​ഗമനം. ഇതേ തുടർന്ന് ഈ കുളം ഉപയോ​ഗിക്കുന്നതിന് താത്ക്കാലിക വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. സമീപവാസികളുടെ വീടുകളിലും ഈ കുളം ഉപയോ​ഗിച്ചവരുമായി ബന്ധപ്പെട്ടും ആരോ​ഗ്യ വകുപ്പ് സർവ്വേ നടത്തുന്നുണ്ട്. 


എന്താണ് മെലിയോയിഡോസിസ്?


ബാക്ടീരിയ വഴി പടരുന്ന രോ​ഗമാണ് മെലിയോയിഡോസിസ്. മണ്ണിൽ നിന്നോ മലിന ജലത്തിൽ നിന്നോ രോഗാണുബാധയുണ്ടാകാം. ബർക്കോൾഡറിയ സ്യൂഡോമലെ എന്ന ബാക്ടീരിയയാണ് ഈ രോ​ഗം പരത്തുന്നത്. ഈ ബാക്ടീരയ മനുഷ്യരിലും മൃ​ഗങ്ങളിലും രോ​ഗമുണ്ടാക്കും. 


രോ​ഗവ്യാപനം


ചെളിയിലും മണ്ണിലും മലിനജലത്തിലും കാണുന്ന ബാക്ടീരിയയാണ് ബർക്കോൾഡറിയ സ്യൂഡോമലെ. അതിനാൽ ഭക്ഷണത്തിൽ നിന്നോ വെള്ളത്തിൽ നിന്നോ മണ്ണിൽ നിന്നോ മുറിവിലൂടെയോ രോഗം ബാധിക്കാം. മനുഷ്യരിൽ നിന്ന് മനുഷ്യരിലേയ്ക്കോ മൃ​ഗങ്ങളിൽ നിന്ന് മനുഷ്യരിലേയ്ക്കോ ഈ രോ​ഗം പകരാനുള്ള സാധ്യത വളരെ കുറവാണ്. 


രോ​ഗലക്ഷണങ്ങൾ


രോ​ഗാണു ശരീരത്തിൽ എത്തിയാൽ പനി, ചുമ, തലവേദന എന്നിവയാണ് ആദ്യം അനുഭവപ്പെടുക. ഇത് പിന്നീട് ശ്വാസംമുട്ടൽ, നെഞ്ചുവേദന, ന്യൂമോണിയ എന്നിവയിൽ എത്താനുള്ള സാധ്യതയുണ്ട്. ചർമത്തിൽ കുരുക്കൾ പ്രത്യക്ഷപ്പെടുക, ഇത് പിന്നീട് പഴുത്ത് വ്രണമായി മാറുക തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. ‌രോഗാണു ശരീരത്തിലെത്തി ഒന്ന് മുതൽ നാല് ആഴ്ചയ്ക്കകം ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.