Vigilance Raid: അതിർത്തി ചെക്ക് പോസ്റ്റുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; വ്യാപക ക്രമക്കേടുകൾ കണ്ടെത്തി

Vigilance Inspections: 'ഓപ്പറേഷൻ ട്രഷർ ഹണ്ട്'' എന്ന പേരിൽ നടത്തിയ സംസ്ഥാന തല മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ വിജിലൻസ് കണ്ടെത്തി.  

Written by - Zee Malayalam News Desk | Last Updated : Aug 27, 2023, 06:45 PM IST
  • രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
  • എക്‌സൈസ് വകുപ്പിന്റെ കീഴിലുള്ള 39 അതിർത്തി ചെക്ക് പോസ്റ്റുകളിലും പരിശോധന നടത്തി.
  • വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് വിജിലൻസ് അറിയിച്ചു.
Vigilance Raid: അതിർത്തി ചെക്ക് പോസ്റ്റുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; വ്യാപക ക്രമക്കേടുകൾ കണ്ടെത്തി

തിരുവനന്തപുരം: സംസ്ഥാന അതിർത്തികളിൽ വിജിലൻസിന്റെ സംസ്ഥാനതല മിന്നൽ പരിശോധന. അതി‍ർത്തികളിഷ പ്രവർത്തിക്കുന്ന മോട്ടോർ വാഹന വകുപ്പ്, എക്സൈസ് വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നീ വകുപ്പുകളിൻ കീഴിലെ ചെക്ക് പോസ്റ്റുുകളിലെ ചില ഉദ്യോഗസ്ഥർ അന്യ സംസ്ഥാനങ്ങളിൽ നിന്നും അതിർത്തി കടന്നു വരുന്ന വാഹനങ്ങളിൽ മതിയായ പരിശോധന നടത്താതെ ഡ്രൈവർമാരിൽ നിന്നും കൈക്കൂലി വാങ്ങി സംസ്ഥാനത്തേക്ക് കടത്തി വിടുന്നതായും ഇതുവഴി സർക്കാർ ഖജനാവിന് സാമ്പത്തിക നഷ്ടം വരുത്തുന്നതായും വിജിലൻസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് ഇന്ന് പുലർച്ചെ 05:30 മുതൽ ഒരേ സമയം സംസ്ഥാന അതിർത്തിയിലെ എല്ലാ ചെക്ക് പോസ്റ്റുകളിലും “ഓപ്പറേഷൻ ട്രഷർ ഹണ്ട്“ എന്ന പേരിൽ നടത്തിയ സംസ്ഥാന തല മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ വിജിലൻസ് കണ്ടെത്തി.

സംസ്ഥാനത്തെ എക്സൈസ് വകുപ്പിന്റെ കീഴിലുള്ള 39 അതിർത്തി ചെക്ക് പോസ്റ്റുകളിലും, മോട്ടോർ വാഹന വകുപ്പിന്റെ കീഴിലെ 19 ചെക്ക് പോസ്റ്റുകളിലും,  മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള 12 കന്നുകാലി ചെക്ക് പോസ്റ്റുകളിലുമാണ് മിന്നൽ പരിശോധന നടത്തിയത്. “ഓപ്പറേഷൻ ട്രഷർ ഹണ്ട്“ന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പിന്റെ കീഴിലുള്ള വിവിധ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ താഴെക്കാണുന്ന ക്രമക്കേടുകള്‍ വിജിലന്‍സ് കണ്ടെത്തി.

ALSO READ: കേരളത്തിലേക്ക് ടൺ കണക്കിന് പൂവ്; മുല്ലപ്പൂ കിലോ 700, അരളി-400

തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല മോട്ടോര്‍ വാഹന വകുപ്പ് ചെക്ക് പോസ്റ്റിന് സമീപം കാണപ്പെട്ട ഏജന്റിന്റെ കൈവശത്തു നിന്നും 11,900/- രൂപയും, കൊല്ലം ജില്ലയിലെ ആര്യങ്കാവ് മോട്ടോര്‍ വാഹന വകുപ്പ് ചെക്ക് പോസ്റ്റിലെ ഓഫീസ് അസിസ്റ്റന്റിന്റെ മേശപ്പുറത്തു നിന്നും 6,000/- രൂപയും,  പാലക്കാട് ജില്ലയിലെ ഗോപാലപുരം മോട്ടോര്‍ വാഹന വകുപ്പ് ചെക്ക് പോസ്റ്റില്‍ നിന്നും 3,950/- രൂപയും പാലക്കാട് ജില്ലയിലെ വേലന്താവളം ചെക്ക് പോസ്റ്റില്‍ ഓഫീസിനകത്തു കാണപ്പെട്ട ഫ്ലക്സ് ബോർഡിനടിയില്‍ നിന്നും 4,700/- രൂപയും, മേശപ്പുറത്തു നിന്നും 1,600/- രൂപയും കണക്കിൽപ്പെടാത്ത നിലയിൽ വിജിലൻസ് പിടികൂടി.  

പാലക്കാട് ജില്ലയിലെ വാളയാർ-ഇൻ ചെക്ക് പോസ്റ്റില്‍ നിന്നും പരിശോധന കഴിഞ്ഞു കടന്നു വന്ന മൂന്നു വാഹനങ്ങള്‍ വിജിലന്‍സ് പിടികൂടി അമിത ഭാരം കയറ്റിയതിനു 85,500/- രൂപ പിഴ ഈടാക്കി. കാസർഗോഡ് ജില്ലയിലെ ചെറുവത്തൂര്‍, പാലക്കാട് ജില്ലയിലെ വാളയാർ- ഔട്ട്‌ എന്നീ ചെക്ക് പോസ്റ്റുകളില്‍ പരിശോധന കൂടാതെ വാഹനങ്ങളെ കടത്തി വിടുന്നതായും, കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം, ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിൽ കാണേണ്ട മോട്ടോര്‍ വാഹന വകുപ്പ് ഇന്‍സ്പെക്ടറെ അവിടെ ഹാജരില്ലാത്തതും വിജിലൻസ് കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ പൂവാര്‍ മോട്ടോര്‍ വാഹന വകുപ്പ് ചെക്ക് പോസ്റ്റിൽ വിജിലൻസ് പരിശോധനയ്ക്ക് എത്തിയ സമയം ഓഫീസ് അടച്ചിട്ട് ഉദ്യോഗസ്ഥർ ഉറങ്ങുന്നതായും വിജിലൻസ് കണ്ടെത്തി.

“ഓപ്പറേഷൻ ട്രഷർ ഹണ്ട്“ന്റെ ഭാഗമായി എക്സൈസ് വകുപ്പിന്റെ കീഴിലുള്ള വിവിധ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ താഴെക്കാണുന്ന ക്രമക്കേടുകള്‍ വിജിലന്‍സ് കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ ആറ്റുപുറം എക്സൈസ് ചെക്ക് പോസ്റ്റിലും, പൂവാർ എക്സൈസ് ചെക്ക് പോസ്റ്റിലും, മാവിളക്കടവ് എക്സൈസ് ചെക്ക് പോസ്റ്റിലും, മണ്ടപത്തിൻക്കടവ് എക്സൈസ് ചെക്ക് പോസ്റ്റിലും, നെയ്യാറ്റിൻകര അറക്കുന്ന് കടവ് എക്സൈസ് ചെക്ക് പോസ്റ്റിലും, അമരവിള എക്സൈസ് ചെക്ക് പോസ്റ്റിലും, പിരായുംമൂട് എക്സൈസ് ചെക്ക് പോസ്റ്റിലും, വയനാട് തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റുകളിലും, പരിശോധന കൂടാതെ വാഹനങ്ങൾ കടത്തിവിടുന്നതായി വിജിലൻസ് കണ്ടെത്തി. 

നെയ്യാറ്റിൻകര അറക്കുന്ന് കടവ് എക്സൈസ് ചെക്ക് പോസ്റ്റിൽ ഡ്യൂട്ടി സമയം രണ്ട് എക്സൈസ് ഉദ്യോഗസ്ഥരും, പിരായുംമൂട് ചെക്ക് പോസ്റ്റിൽ ഡ്യൂട്ടി സമയം ഒരു എക്സൈസ് ഉദ്യോഗസ്ഥനും, പെരുംപഴുതൂർ ചെക്ക് പോസ്റ്റിൽ ഡ്യൂട്ടി സമയം രണ്ട് എക്സൈസ് ഉദ്യോഗസ്ഥരും ഉറങ്ങുന്നതായും വിജിലൻസ് കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ നെയ്യാർഡാം എക്സൈസ് ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിലുള്ള ഒരു എക്സൈസ് ഉദ്യോഗസ്ഥനും, പിരായുമ്മൂട് എക്സൈസ് ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിലുള്ള രണ്ട് എക്സൈസ് ഉദ്യോഗസ്ഥരും, മണ്ടപത്തിൻകടവ് ചെക്ക് പോസ്റ്റിൽ ഒരു ഉദ്യോഗസ്ഥനും കൊല്ലം ജില്ലയിലെ അച്ചൻകോവിൽ എക്സൈസ്  ചെക്ക് പോസ്റ്റിൽ മൂന്ന്  എക്സൈസ് ഉദ്യോഗസ്ഥരും, മലപ്പുറം ജില്ലയിലെ വഴിക്കടവ് ചെക്ക് പോസ്റ്റിൽ രണ്ട് എക്സൈസ് ഉദ്യോഗസ്ഥരും ഡ്യൂട്ടി സമയം ചെക്ക് പോസ്റ്റിൽ കാണപ്പെട്ടിട്ടില്ലാത്തതായി വിജിലൻസ് കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ പിരായുംമൂട് ചെക്ക് പോസ്റ്റില്‍  ഒരു ഉദ്യോഗസ്ഥന്റെ ഫോണിലേക്ക് ഗൂഗിൾ പേ വഴി 29,250/- രൂപ കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ ലഭ്യമായതിനെപ്പറ്റി ചോദിച്ചതില്‍ തൃപ്തികരമായ മറുപടി നൽകിയിട്ടില്ല. വിജിലന്‍സ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയ സമയം  നെയ്യാർഡാം ചെക്ക് പോസ്റ്റ് അടച്ചിട്ട നിലയിൽ ഉദ്യോഗസ്ഥർ ഉറങ്ങുകയായിരുന്നു. 

മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള വിവിധ അതിര്‍ത്തി കന്നുകാലി പരിശോധന ചെക്ക് പോസ്റ്റുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ നിരവധി ക്രമക്കേടുകള്‍ വിജിലന്‍സ് കണ്ടെത്തി. ഇടുക്കി ജില്ലയിലെ കുമിളി, ബോഡിമേട്ട്, തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല എന്നീ ചെക്ക്പോസ്റ്റുകളിൽ പരിശോധന കൂടാതെ വാഹനങ്ങൾ കടത്തിവിടുന്നതായി വിജിലൻസ് കണ്ടെത്തി. പാറശ്ശാലയിൽ വിജിലൻസ് വന്ന സമയം പരിശോധന കൂടാതെ കോഴികളുമായി കടന്നുവന്ന വാഹനം തിരിച്ച് ചെക്ക്പോസ്റ്റിലെത്തിച്ച് ഫീസ് അടപ്പിച്ച ശേഷം കടത്തി വിട്ടു. ഇടുക്കി ജില്ലയിലെ കുമിളി, ബോഡിമേട്ട്, എന്നീ കന്നുകാലി ചെക്ക്പോസ്റ്റുകളിൽ TR-5 രസീത് നൽകാതെ തുക ഈടാക്കിയതായും വിജിലൻസ് കണ്ടെത്തി. ഇടുക്കി ജില്ലയിലെ കമ്പംമേട്ട് നിന്നും 2,600/- രൂപയും, ബോഡിമേട്ട് നിന്നും 1,100/- രൂപയും, കണ്ണൂർ ജില്ലയിലെ ഇരിട്ടി കന്നുകാലി ചെക്ക് പോസ്റ്റിൽ നിന്നും 6,460/- രൂപയും കണക്കിൽപ്പെടാത്ത തുക വിജിലൻസ് പിടിച്ചെടുത്തു.  

ഇടുക്കി ജില്ലയിലെ കുമിളി ചെക്ക് പോസ്റ്റിൽ ഓഫീസ് അടച്ചിട്ട് ഒരു ഉദ്യോഗസ്ഥൻ കിടന്നുറങ്ങുന്നതായും, മറ്റൊരു ഉദ്യോഗസ്ഥൻ ഇരുന്ന് ഉറങ്ങുന്നതായും കണ്ടെത്തി. മലപ്പുറം മണിമൂലി ചെക്ക് പോസ്റ്റ് അടച്ചിട്ട നിലയിൽ ഉദ്യോഗസ്ഥർ ഉറങ്ങുന്നതായും കണ്ടെത്തിയിട്ടുണ്ട്. പാറശ്ശാല കന്നുകാലി ചെക്ക്പോസ്റ്റിലെ കോഴി പരിശോധന രജിസ്റ്റർ പ്രകാരം ഈമാസം 17 ന് ശേഷവും, കന്നുകാലി പരിശോധന രജിസ്റ്റർ പ്രകാരം ഈമാസം 24 ന് ശേഷവും യാതൊരു പരിശോധനയും നടത്തിയിട്ടില്ല എന്നും വിജിലൻസ് കണ്ടെത്തി.

ഇന്ന് നടന്ന മിന്നൽ പരിശോധനയിൽ കണ്ടെത്തിയ ക്രമക്കേടുകളെ പറ്റിയുള്ള വിശദമായ റിപ്പോർട്ട് തുടർ നടപടികൾക്കായി സർക്കാരിന് നൽകുന്നതാണെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുന്നതാണെന്നും വിജിലൻസ് ഡയറക്ടർ ടി. കെ. വിനോദ് കുമാർ. ഐ. പി. എസ്. അറിയിച്ചു. വിജിലൻസ് ഡയറക്ടർ ടി. കെ. വിനോദ് കുമാർ. ഐ.പി.എസിന്റെ ഉത്തരവ് പ്രകാരം വിജിലൻസ് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ഹർഷിത അത്തല്ലൂരി. ഐ.പി.എസ്-ന്റെ മേൽനോട്ടത്തിലും പോലീസ് സൂപ്രണ്ട് (ഇന്റ്) ഇ.എസ്. ബിജുമോന്റെ നേതൃത്വത്തിലും നടക്കുന്ന മിന്നൽ പരിശോധനയിൽ സംസ്ഥാനത്തെ എല്ലാ വിജിലൻസ് യൂണിറ്റുകളും പങ്കെടുത്തു.

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ ടി. കെ. വിനോദ് കുമാർ. ഐ.പി.എസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News