തിരുവനന്തപുരം: പൊലീസ് പുറത്തുവിട്ട കണക്കുകളുടെ അടിസ്ഥാനത്തില്‍ ഹര്‍ത്താല്‍ അക്രമത്തില്‍ ഇതുവരെ 1369 പേര്‍ അറസ്റ്റിലായിട്ടുണ്ട്‍. 717 പേര്‍ കരുതല്‍ തടങ്കലിലാണ്. 801 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

കേസുകളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് വിവരം.  ശബരിമല വിഷയത്തില്‍ വ്യാഴാഴ്ച കേരളത്തില്‍ നടന്ന ഹര്‍ത്താലിലുണ്ടായ വ്യാപകമായ അക്രമ സംഭവങ്ങളില്‍ ജില്ലാ പോലീസ് മേധാവികളോട് ഡിജിപി റിപ്പോര്‍ട്ട് തേടിയിരുന്നു. 


ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിട്ടും പോലീസ് വിന്യാസം കാര്യക്ഷമമായില്ല എന്ന് ആക്ഷേപമുണ്ട്. വിഷയത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിച്ചില്ല എന്നതും വീഴ്ചയായി. ഇക്കാര്യങ്ങളിലുള്ള അതൃപ്തിയാണ് ഡിജിപി അറിയിച്ചിട്ടുള്ളത്. അക്രമ സംഭവങ്ങള്‍ സംബന്ധിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അവഗണിച്ചതില്‍ ഡിജിപി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.


അതേസമയം ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് മുതൽ അ‍ഞ്ച് ദിവസത്തേക്കാണ് നിരോധനാജ്ഞ.


ഇന്നലെ കടുത്ത സംഘർഷമുണ്ടായ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്, വലിയമല സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് റൂറൽ എസ്.പി തിരുവനന്തപുരം ജില്ലാ കള്കടർക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. അടുത്ത മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കണം എന്നാണ് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നത്.