Job Fraud: പട്ടികജാതി വിദ്യാർഥികൾക്ക് വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് സ്വകാര്യസ്ഥാപനം തട്ടിയത് 2.54 കോടി സർക്കാർഫണ്ട്
2.54 crores of government funds was stolen by a private institution: സർക്കാർ 3.24 കോടി രൂപയാണ് 2018ൽ ഇതിനായി അനുവദിച്ചത്.
തിരുവനന്തപുരം: പട്ടികജാതി വിദ്യാർത്ഥികൾക്ക് ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ സർക്കാർ ഫണ്ട് തട്ടിയെടുത്ത് സ്വകാര്യ സ്ഥാപനം. പാലക്കാട് പ്രവർത്തിച്ചിരുന്ന ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് സ്റ്റഡീസ് എന്ന സ്ഥാപനമാണ് പട്ടികജാതി വിദ്യാർഥികൾക്ക് ആറുമാസത്തെ കോഴ്‌സും വിദേശത്ത് ജോലിവാഗ്ദാനവും നൽകി സർക്കാർഫണ്ട് പറ്റിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ധനകാര്യപരിശോധനാവിഭാഗം സംസ്ഥാനമൊട്ടാകെ അന്വേഷണം തുടങ്ങി.
ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് സ്റ്റഡീസിനെതിരെ പട്ടികജാതി വകുപ്പ് ആഭ്യന്തര വിജിലൻസ് വിഭാഗം റിപ്പോർട്ട് നൽകി. 2018ൽ ഇതിനായി സർക്കാർ 3.24 കോടി രൂപയാണ് അനുവദിച്ചത്. പരിശീലനത്തിനായി 2.24 കോടി രൂപയും വിദേശത്ത് ജോലി നൽകുമ്പോൾ ഒരുകോടിയും എന്നായിരുന്നു ഇവർ പറഞ്ഞിരുന്നത്. അത്തരത്തിലാണ് 3.24 കോടി നൽകിയത്. എന്നാൽ, പലർക്കും ജോലികിട്ടിയില്ലെന്ന് മാത്രമല്ല, പരിശീലനത്തിന് അനുവദിച്ച ഫണ്ട് പാഴാവുകയുംചെയ്തു.
ALSO READ: ന്യൂയോർക്കിലെ ടൈംസ്ക്വയറിൽ അമേരിക്കൻ മലയാളികളെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ- വീഡിയോ
പരാതിയെ തുടർന്ന് പട്ടികജാതിവകുപ്പിന്റെ ആഭ്യന്തര വിജിലൻസ് പ്രാഥമികാന്വേഷണം നടത്തി. തുടരന്വേഷണത്തിന് ധനകാര്യവിഭാഗത്തിലേക്ക് പട്ടികജാതിവകുപ്പ് മന്ത്രി ശുപാർശചെയ്തു. തുടർന്നാണ് ധനകാര്യപരിശോധനാവിഭാഗം അന്വേഷണമേറ്റെടുത്തത്. അന്നത്തെ പട്ടികജാതി ഡയറക്ടറേറ്റിലെ ഉന്നതോദ്യോഗസ്ഥൻ ഇടപെട്ട് ടെൻഡർ വ്യവസ്ഥകൾ ലംഘിച്ച് പാലക്കാട്ടെ സ്വകാര്യസ്ഥാപനത്തിന് കരാർ കൊടുത്തെന്നും ആരോപണമുയർന്നിരുന്നു.
പ്രധാനപദ്ധതികളിൽ തീരുമാനമെടുക്കേണ്ട വർക്കിങ് ഗ്രൂപ്പ് യോഗത്തിൽ സ്ഥാപനത്തിന് കരാർ നൽകാൻ ഉന്നതൻ നേരിട്ട് ഇടപെടുകയായിരുന്നു. ഇതുസംബന്ധിച്ച തെളിവുകളും ധനകാര്യപരിശോധനവിഭാഗത്തിന് ലഭിച്ചു. നിലവിൽ സ്വകാര്യസ്ഥാപനം പാലക്കാട്ടെ ഓഫീസ് അടച്ചുപൂട്ടി. സ്ഥാപനത്തിന് 2.24 കോടിയും 30 പേർക്ക് വിദേശത്ത് ജോലി നൽകിയെന്നുപറഞ്ഞതിന്റെ അടിസ്ഥാനത്തിൽ 30 ലക്ഷവും സർക്കാർ കൈമാറിയിരുന്നു. ആറുമാസം പരിശീലനം നൽകിയില്ലെന്നും ജോലികിട്ടിയവരെ ഗൾഫ് രാജ്യങ്ങളിൽ കൊണ്ടുപോയി ദുരിതത്തിലാക്കിയെന്നുമാണ് വിദ്യാർഥികളുടെ പരാതി.
വ്യവസ്ഥകൾ ലംഘിച്ച് കരാർ നൽകി
അംഗീകാരമുള്ള സർവകലാശാലയുടെ കീഴിൽ സർക്കാർ അംഗീകൃത കോഴ്‌സാകണമെന്നാണ് പ്രധാന വ്യവസ്ഥ. നേരത്തേ വിദേശങ്ങളിൽ ഇതിനു മുന്നേ ജോലി നൽകി പരിചയവുമുള്ള സ്ഥാപനവുമാകണം. സമാനരംഗത്ത് നാലുവർഷത്തെ പരിചയമുണ്ടാകണം.
എന്നാൽ, ഈ വ്യവസ്ഥകളെല്ലാം മറികടന്നാണ് സ്വകാര്യസ്ഥാപനത്തിന് കരാർ കൊടുത്തത്. ആറുമാസത്തെ കോഴ്‌സ് പ്രായോഗികപരിശീലനത്തിന് നൽകിയാണ് ക്രമീകരിച്ചതെന്നും പലവിദ്യാർഥികൾക്കും വിദേശത്ത് ജോലിനൽകിയെന്നുമാണ് സ്ഥാപനാധികൃതരുടെ വിശദീകരണം.
വിജിലൻസ് അന്വേഷണത്തിലെ കണ്ടെത്തലുകൾ
*വിജയിക്കുന്നവർക്ക് സ്ഥാപനം നൽകുന്ന ഐ.സി.പി.ഇ.എം. ഡിപ്ലോമ സർട്ടിഫിക്കറ്റിന് നാട്ടിലോ വിദേശത്തോ പ്രത്യേക അംഗീകാരമില്ല
*പുതിയ തൊഴിൽമേഖലയിൽ പ്രയോഗിക അറിവ് നൽകുന്നതിന് കോഴ്‌സ് പര്യാപ്തമാണ്
*സമാനകോഴ്‌സുകൾ നടത്തുന്ന മറ്റുസ്ഥാപനങ്ങളെക്കാൾ ഉയർന്ന ഫീസാണ് ഈടാക്കിയത്
*പരിശീലനത്തിനുശേഷം വിദേശനിയമനം നൽകുന്നതിലുള്ള കഴിവില്ലായ്മ അന്വേഷണത്തിൽ ബോധ്യപ്പെട്ടു
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...