സ്മൃതി ഇറാനിയുടെ പരാതി; കേരളാ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍?
ലോക്‌സഭയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ കോണ്‍ഗ്രസ് അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം.
ന്യൂഡല്‍ഹി: ലോക്‌സഭയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ കോണ്‍ഗ്രസ് അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം.
കോൺഗ്രസ് എംപിമാരായ ഡീൻ കുര്യാക്കോസിനെയും ടി എൻ പ്രതാപനെയും ലോക്സഭയിൽ നിന്ന് സസ്പെൻഡ് ചെയ്യുക.
ഇതിനുള്ള പ്രമേയം കേന്ദ്രസര്‍ക്കാര്‍ തിങ്കളാഴ്ച അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പാര്‍ലമെന്‍റില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ പ്രസംഗത്തിനിടെ ആക്രോശിച്ച് ഓടിയെത്തി എന്ന പരാതിയെ തുടര്‍ന്നാണ് നടപടി.
മന്ത്രിയോട് മാപ്പുപറയാന്‍ തയ്യാറാവാത്ത സാഹചര്യത്തില്‍സെക്ഷന്‍ 374 പ്രകാരം അഞ്ച് ദിവസത്തേക്കായിരിക്കും ഇവര്‍ക്ക് സസ്‌പെന്‍ഷന്‍ നേരിടേണ്ടി വരിക.
സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ മന്ത്രി സംസാരിക്കുമ്പോള്‍ ഇരുവരും മുഷ്ടിചുരുട്ടി ആക്രോശിച്ചുവെന്നും മര്‍ദിക്കുമെന്ന് ആംഗ്യം കാട്ടിയെന്നുമാണ് ബിജെപിയുടെ ആരോപണ൦.
അതേസമയം സസ്‌പെന്‍ഡ് ചെയ്യാനുള്ള പ്രമേയത്തെ എതിര്‍ക്കുമെന്നു വ്യക്തമാക്കി കോണ്‍ഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് രംഗത്തെത്തിയിരുന്നു.
തിങ്കളാഴ്ച സഭയില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് സുരേഷ് കോണ്‍ഗ്രസംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്.
വളരെ മോശം പ്രവര്‍ത്തിയാണ് കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നുണ്ടായതെന്ന് സ്മൃതി ഇറാനി തുറന്നടിച്ചിരുന്നു. സ്പീക്കറോട് ഇക്കാര്യത്തില്‍ പരാതി പറയുകയും ചെയ്തിരുന്നു.
ഒരു സ്ത്രീയായത് കൊണ്ടാണ് തന്നെ സംസാരിക്കാന്‍ അനുവദിക്കാതെ ഭീഷണിപ്പെടുത്തിയതെന്നും സ്മൃതി ഇറാനി പറഞ്ഞിരുന്നു.
അതേസമയം കോണ്‍ഗ്രസ് നേതാക്കള്‍ എത്ര ശ്രമിച്ചാലും താന്‍ സംസാരിക്കുമെന്നും, സ്ത്രീയായത് കൊണ്ട് തന്നെ സംസാരിക്കുന്നതില്‍ നിന്ന് വിലക്കാന്‍ സാധിക്കില്ലെന്നും അവര്‍ പറഞ്ഞു.