തിരുവനന്തപുരം: സംസ്ഥാനത്തെ 513 സബ് സെന്ററുകൾക്ക് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കാൻ ദേശീയ ധനകാര്യ കമ്മീഷൻ വഴി 284 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഒരു സബ് സെന്ററിന് 55.5 ലക്ഷം രൂപ വീതമാണ് അനുവദിച്ചിരിക്കുന്നത്. ഇതുകൂടാതെ 13 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, 5 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പുതിയ കെട്ടിടം സ്ഥാപിക്കാൻ 1.43 കോടിയുടെ വീതം അനുമതി ലഭ്യമായിട്ടുണ്ട്. ആദ്യഘട്ടമായി ആകെ 152.75 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്വന്തമായി കെട്ടിടമില്ലാത്ത സബ് സെന്ററുകൾക്കും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്കും സാമൂഹികാരോഗ്യ കേന്ദ്രങ്ങൾക്കും വരും വർഷങ്ങളിൽ പുതിയ കെട്ടിടം ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്. അതത് പ്രദേശത്തെ തദ്ദേശ സ്ഥാപനങ്ങൾ വഴി സ്ഥലം ലഭ്യമാക്കിയാൽ വരും വർഷങ്ങളിൽ കൂടുതൽ കെട്ടിടങ്ങൾക്കായി പ്രൊപ്പോസൽ സമർപ്പിക്കാൻ സാധിക്കുന്നതാണ്.


സംസ്ഥാനത്തെ സബ് സെന്ററുകൾ വഴിയുള്ള ഇ സഞ്ജീവനി ശക്തമാക്കാനും തുകയനുവദിച്ചു. 5409 സബ് സെന്ററുകളിൽ ഇ സഞ്ജീവനി സംവിധാനമൊരുക്കുന്നതിന് 37.86 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഡെസ്‌ക് ടോപ്പ്, പ്രിന്റർ, വെബ്ക്യാമറ, സ്പീക്കർ, ഹെഡ് ഫോൺ, മൈക്ക് എന്നിവയുൾപ്പെടെയുള്ളവ ഇ സഞ്ജീവനിയ്ക്കായൊരുക്കും. ഇതോടെ ഇ സഞ്ജീവനി സേവനങ്ങൾ സബ് സെന്ററുകൾ വഴിയും ലഭ്യമാക്കും.


സംസ്ഥാനത്തെ എല്ലാ സബ് സെന്ററുകളേയും ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കാൻ സംസ്ഥാന സർക്കാർ അടുത്തിടെ അനുമതി നൽകിയിരുന്നു. സംസ്ഥാനത്തെ എല്ലാ സബ് സെന്ററുകളും ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി മാറുന്നതോടെ പ്രാഥമികാരോഗ്യ തലത്തിൽ വലിയ മാറ്റമാണ് ഉണ്ടാകാൻ പോകുന്നത്. സബ് സെന്ററുകൾ കേന്ദ്രീകരിച്ച് ജനപങ്കാളിത്തത്തോടെ എല്ലാവർക്കും ആരോഗ്യം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.