കൊച്ചി: മാതാപിതാക്കളുടെ മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന മൂന്ന് വയസുകാരന്‍ മരണത്തിനു കീഴടങ്ങി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടി ഇന്ന് രാവിലെ 9.30 ഓടെയാണ് മരണത്തിന് കീഴടങ്ങിയതെന്നാണ് വിവരം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഏതാനും ദിവസങ്ങളായി കുട്ടി അതീവ ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയുടെ ആരോഗ്യനില ഇന്ന് പുലര്‍ച്ചയോടെ തീര്‍ത്തും വഷളാവുകയായിരുന്നു. 


കുട്ടിയുടെ തലച്ചോറിന്‍റെ പ്രവര്‍ത്തനം പൂര്‍ണ്ണമായി നിലച്ചതിനെ തുടര്‍ന്ന് ശരീരം മരുന്നുകളോട് പ്രതികരിക്കാതെയായി. തുടര്‍ന്നാണ് മരണം സംഭവിച്ചത്. കുട്ടിയുടെ മൃതശരീരം മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. 


തലച്ചോറിനേറ്റ ഗുരുതര പരിക്കാണ് മരണകാരണം. സ്വന്തം കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ ജാര്‍ഖണ്ഡ് സ്വദേശിനിയായ അമ്മയുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. 


കുട്ടി അനുസരണക്കേട് കാട്ടിയത് കൊണ്ടാണ് മർദ്ദിച്ചതെന്നാണ് അമ്മ പൊലീസിന് നൽകിയ മൊഴി. കുട്ടിയുടെ അച്ഛന്‍റെ ക്രിമിനൽ പശ്ചാത്തലവും പൊലീസ് അന്വേഷിക്കുന്നുണ്ട്. 


ചൊവ്വാഴ്ച  ഉച്ചയ്ക്ക് ഒന്നരയോടെയാണ് കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടുക്കളയില്‍ വീണെന്നാണ് ബംഗാള്‍ സ്വദേശിയായ അച്ഛന്‍ ഷാജിത് ഖാനും സുഹൃത്തും പറഞ്ഞത്. എന്നാല്‍ അത് കള്ളത്തരമാണെന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു.


കുട്ടിയുടെ പൃഷ്ടഭാഗത്തും ശരീരമാസകലവും മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ച പാടുകളും ഉണ്ടായിരുന്നു. അതോടെയാണ് ആശുപത്രി അധികൃതര്‍ പോലീസില്‍ വിവര മറിയിച്ചത്.


പരിക്കുകള്‍ മര്‍ദനത്തെ തുടർന്ന് സംഭവിച്ചതെന്ന സംശയത്തിലാണ് ആശുപത്രി അധികൃതർ പൊലീസിനെയും ചൈല്‍ഡ്‌ ലൈനെയും വിവരം അറിയിച്ചത്. കുഞ്ഞിന്‍റെ പരിക്കുകള്‍ സംബന്ധിച്ച് രക്ഷിതാക്കള്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന്  പൊലീസ് കണ്ടെത്തി. തുടർന്നുള്ള ചോദ്യം ചെയ്യലിൽ കുട്ടിയെ മർദ്ദിച്ചെന്ന് അമ്മ സമ്മതിക്കുകയായിരുന്നു.