കൊച്ചി: ആന്ധ്രാപ്രദേശില്‍ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന രാസവസ്തു കലര്‍ത്തിയ മീന്‍ ഭഷ്യസുരക്ഷ വകുപ്പ് പിടികൂടി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഫോര്‍മാലിന്‍ എന്ന രാസവസ്തു കലര്‍ത്തിയ 4000 കിലോ ചെമ്മീനാണ് സംഘം പിടിച്ചെടുത്തത്. ആന്ധ്രയില്‍ നിന്നും കൊണ്ട് വരുന്ന മീനില്‍ രാസവസ്തു കലര്‍ത്തിയിട്ടുണ്ട് എന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധന നടത്തിയത്. ഇന്നലെ രാത്രി 45 വാഹനങ്ങളിലായി നടത്തിയ പരിശോധനയില്‍ ഒരു വാഹനത്തിലെ 4 ടണ്‍ ചെമ്മീനിലാണ് രാസവസ്തു കലര്‍ത്തിയതായി കണ്ടെത്തിയത്. 


പ്രാഥമിക പരിശോധനയില്‍ ഇവയില്‍ ഫോര്‍മാലിന്‍റെ അംശം കണ്ടെത്തുകയും വിശദമായ പരിശോധനയ്ക്കായി എറണാകുളം കാക്കനാടുള്ള ലാബിലേക്ക് അയക്കുകയും ചെയ്തു. 


ഇതിനു മുന്‍പും ഫോര്‍മാലിന്‍ കലര്‍ത്തിയ മീന്‍ ആന്ധ്രയില്‍ നിന്നും കൊണ്ട് വന്നത് പിടികൂടിയിരുന്നതിനാല്‍ നടപടി പരിശോധനയില്‍ മാത്രം ഒതുങ്ങില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. മരണം പോലും സംഭവിക്കാവുന്ന രാസവസ്തു മീനില്‍ കലര്‍ത്തിയത് ഗുരുതരമായ കുറ്റമാണെന്നും ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ്‌ സര്‍ക്കാരിന്‍റെ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. 


അതേസമയം, രണ്ട് ദിവസത്തിനുള്ളില്‍ രാസപരിശോധന ഫലം പുറത്തു വരുമെന്നും, രാസവസ്തു കലര്‍ത്തിയിട്ടുണ്ടെന്നു ഫലത്തില്‍ സ്ഥിരീകരിച്ചാല്‍ മീന്‍ കൊണ്ട് വന്ന എറണാകുളത്തെ ഫാക്ടറിക്കെതിരെയും ആന്ധ്രയിലെ വ്യാപരിക്കെതിരെയും നടപടിയെടുക്കുമെന്നു ഭക്ഷ്യ സുരക്ഷ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. 


കേരളത്തില്‍ 55 ദിവസത്തെ ട്രോളിംഗ് നിരോധനം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ആന്ധ്രയില്‍ നിന്നും മീന്‍ കൊണ്ടുവരുന്നത്.