കൊല്ലം: കടക്കലിൽ  ഒറ്റക്ക് താമസിച്ചിരുന്ന തൊണ്ണൂറുകാരിയെ അജ്ഞാതന്‍ പീഡിപ്പിച്ചു. ക്യാന്‍സര്‍ രോഗികൂടിയായ വയോധികയെ കത്തി കട്ടി ഭീക്ഷണിപ്പെടുത്തിയാണ് അജ്ഞാതന്‍ പീഡിപ്പിച്ചത്. പീഡന വിവരം ബന്ധുക്കളോട് പറഞ്ഞെങ്കിലും അവർ വിവരം പൊലീസിലറിയിച്ചില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

തിരുവോണ ദിവസം രാത്രിയായിരുന്നു സംഭവം. ഇയാള്‍ വീട്ടില്‍ അതിക്രമിച്ചു കയറി കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും വായില്‍ തുണി തിരുകിയ ശേഷം പീഡിപ്പിക്കുകയായിരുന്നെന്നും മൊഴിയില്‍ പറയുന്നു.  ഭര്‍ത്താവ് മരിച്ചതിന് ശേഷം ഇരുപത് വര്‍ഷമായി വീട്ടില്‍ തനിച്ചാണ് കഴിയുന്നത്. മക്കള്‍ ഇല്ല. 


വീടിനടുത്ത് ഉള്ള ആള്‍ തന്നെയാണ് പീഡിപ്പിച്ചതെന്നും മൊഴിയില്‍ വൃദ്ധ പറയുന്നുണ്ട്. പിന്‍ ഭാഗത്തെ വാതില്‍ പുറത്ത് നിന്നും തുറക്കണമെങ്കില്‍ ഇത് അറിയാവുന്ന ആളാകണം. പീഡിപ്പിക്കപ്പെട്ട വിവരം അടുത്തുള്ള ബന്ധുക്കളെ അറിയിച്ചെങ്കിലും സംഭവം മൂടിവയ്ക്കാനായിരുന്നു അവരുടെ ശ്രമം.


പീഡനത്തിരയായ ശേഷം ചികിത്സ പോലും ലഭിക്കാതെ കഴിഞ്ഞ വൃദ്ധയുടെ വാർത്ത മാധ്യമങ്ങളിൽ വന്നതിനെ തുടർന്ന് റൂറൽ എസ്.പി അജിതാ ബീഗത്തിന്റെ നിർദ്ദേശ പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതിയെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല. മൊഴിയെടുത്ത ശേഷം വൃദ്ധയെ പൊലീസ് കടക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ കൊല്ലം എസ്പിയോട് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.