പാലക്കാട്: മണ്ണാർക്കാട് കോട്ടോപ്പാടത്ത് പനിയെതുടർന്ന് മൂന്ന് വയസ്സുകാരി മരിച്ചു. അമ്പലപ്പാറ എസ്.ടി കോളനിയിലെ കുമാരൻ്റെ മകൾ ചിന്നു (3) ആണ് പനി ബാധിച്ച് മരിച്ചത്. കുട്ടി ഇന്ന് രാവിലയോടെ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ കുട്ടിയെ ഉടൻ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


അതേസമയം മലപ്പുറത്ത്  മഞ്ഞപ്പിത്തം ബാധിച്ച് 14 വയസ്സുകാരൻ മരിച്ചു. കാളികാവ് സ്വദേശി ചന്ദ്രന്റെ മകൻ ജി​ഗിന് ആണ് മരിച്ചത്. കുട്ടി ഭിന്നശേഷിക്കാരൻ ആയിരുന്നു. രോഗബാധയെ തുടർന്നു കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്. കുട്ടിയുടെ പിതാവും സഹോദരനും രോഗബാധയെ തുടർന്ന് ഇപ്പോഴും മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്. മലപ്പുറത്ത് ഇന്ന് റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ മഞ്ഞപ്പിത്ത മരണമാണ് ജി​ഗിന്റേത്. പോത്തുകൽ കോടാലിപൊയിൽ സ്വദേശി ഇത്തിക്കൽ സക്കീർ ആണ് ഇന്ന് രാവിലെ മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു സക്കീർ ചികിത്സ തേടിയത്. മഞ്ഞപ്പിത്തം കരളിനെ ബാധിച്ചതിനെ തുടർന്നാണ് അന്ത്യം.