AAP Kerala : മൃദു ഹിന്ദുത്വ സമീപനമില്ല, വെറുപ്പ് വിൽക്കുന്ന സംഘടനകൾക്കെതിരെയാണ് ആം ആദ്മി; ആപ്പിന്റെ നിലപാട് വ്യക്തമാക്കി സംസ്ഥാന സെക്രട്ടറി പത്മനാഭൻ ഭാസ്കരൻ
ആര് വോട്ട് വന്ന് ചോദിച്ചാലും അവരുമായി ചർച്ച ചെയ്യുമെന്ന് നിലപാടിലാണ് ആം ആദ്മി
കൊച്ചി : ഉപതിരഞ്ഞെടുപ്പിന് മത്സരിക്കുന്നില്ലെങ്കിലും ആം ആദ്മിയും ട്വന്റി-20യും സഖ്യമുണ്ടാക്കിയതോടെ ഇവരുടെ വോട്ട് ആർക്കാണ് എന്ന ചോദ്യമാണ് തൃക്കാക്കരയിൽ ഉയരുന്നത്. ആര് വോട്ട് വന്ന് ചോദിച്ചാലും അവരുമായി ചർച്ച ചെയ്യുമെന്ന് നിലപാടിലാണ് ആം ആദ്മി. തങ്ങൾക്ക് മൃദ ഹിന്ദുത്വ സമീപനമില്ലെന്നും വെറുപ്പ് ആര് വിൽക്കുന്നോ അവർക്കെതിരെയാണ് ആം ആദ്മി പാർട്ടിയെന്ന് ആപ്പ് സംസ്ഥാന സെക്രട്ടറി പത്മനാഭൻ ഭാസ്കരൻ സീ മലയാളം ന്യൂസ് നടത്തിയ അഭിമുഖത്തിൽ വ്യക്തമാക്കി.
പത്മനാഭൻ ഭാസ്കരന്റെ വാക്കുകൾ.
തൃക്കാക്കര തിരഞ്ഞെടുപ്പ് അടിസ്ഥാനമാക്കിയല്ല പുതിയ മുന്നണി രൂപീകരിച്ചത്. രണ്ടുമാസമായി നടക്കുന്ന ചർച്ച ഇപ്പോൾ പൂർത്തീകരിച്ചുവെന്ന് മാത്രമാണുള്ളത്. തൃക്കാക്കരയിൽ ഉപതിരഞ്ഞെടുപ്പ് ജയിച്ചാലും ഇല്ലെങ്കിലും കേരള രാഷ്ട്രീയത്തിൽ അത് വലിയ മാറ്റങ്ങൾ ഉണ്ടാക്കില്ല. അതുകൊണ്ടാണ് ഞങ്ങൾ അവിടെ മത്സരിക്കുന്നില്ല എന്ന് തീരുമാനിച്ചത്.
ഞങ്ങൾ കുറച്ചു തിരഞ്ഞെടുപ്പിൽ മാത്രമാണ് മത്സരിച്ചിട്ടുള്ളത്. ബാക്കിയുള്ള സമയങ്ങളിൽ മനസാക്ഷി വോട്ടാണ് പ്രവർത്തകർ ചെയ്തിട്ടുള്ളത്. അതിനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട്. കെപിസിസി പ്രസിഡന്റ് പിന്തുണ ആവശ്യപ്പെട്ടത് ചർച്ച ചെയ്യും. ആര് പിന്തുണ ആവശ്യപ്പെട്ടാലും അത് ചർച്ച ചെയ്യും.
പൗരത്വഭേദഗതി നിയമം കൊണ്ടുവരാൻ ആർക്കും വലിയ താല്പര്യം ഉണ്ടായിരുന്നില്ല. അതൊരു അജണ്ടയായിരുന്നു. അതിൽ വീണ് കൊടുത്തവരാണ് ഭൂരിഭാഗം ആളുകളും. സിഎഎ വന്നപ്പോൾ ന്യൂനപക്ഷങ്ങളെയൊക്കെ ഇപ്പോൾ പുറത്താക്കാൻ പോകുന്നതെന്ന തെറ്റായ പേടി സമൂഹത്തിൽ ചിലർ ഉണ്ടാക്കി. സിഎഎയ്ക്കെതിരെ രാജ്യസഭയിലും ലോക്സഭയിലും ഞങ്ങൾ വോട്ട് ചെയ്തു. അതാണ് ഞങ്ങളുടെ നിലപാട്. പക്ഷെ സമൂഹത്തിനിടയിൽ സിഎഎ വലിയ പ്രശ്നമാക്കി ഉയർത്തി ഫിയർ സൈക്കോസിസിലൂടെ വോട്ട് പോളറൈസേഷൻ ഉണ്ടാക്കുന്നതാണ് ഇവരുടെ ലക്ഷ്യമെന്ന് ഞങ്ങൾ മനസിലാക്കുന്നു.
മൃദു ഹിന്ദുത്വ സമീപനം എന്ന ആരോപണം ശരിയല്ല. രാമനെ വെച്ചാണ് അവർ വിലപേശുന്നത്. പക്ഷെ രാമൻ അങ്ങനെയല്ല എന്നാണ് ഞങ്ങൾ പറയുന്നത്. ബാബറി മസ്ജിദ് പ്രശ്നത്തിന് ശേഷമാണ് ഞങ്ങളുടെ സംഘടന രൂപീകരിക്കപ്പെട്ടത്. ബാബറി മസ്ജിദ് ഹെറിറ്റേജായി സംരക്ഷിക്കപ്പെടേണ്ടതാണ്. വെറുപ്പ് വിൽക്കുന്ന സംഘടനകൾക്ക് ആംആദ്മിപാർട്ടി എതിരാണ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.