അഭിമന്യൂ വധം: പ്രധാന പ്രതികള്‍ പിടിയില്‍
അഭിമന്യൂവിനെ കുത്തിയത് സംഘത്തിലുള്ള മൂഹമ്മദ് ആണെന്നാണ് പോലീസ് നിഗമനം. മൊഴികള്‍ പരിശോധിച്ചതില്‍ നിന്നുമാണ് പോലീസ് ഇത്തരത്തിലൊരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യൂവിന്‍റെ കൊലപാതകത്തില്‍ കൂടുതല്‍ പ്രതികള്‍ അറസ്റ്റില്‍. സംഭവത്തില്‍ നേരിട്ട് പങ്കുള്ളവരും പ്രതികളെ സഹായിച്ചവരുമാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. 15 പ്രതികളില്‍ ആരാണ് അഭിമന്യുവിനെ കുത്തിയതെന്നാണ് പൊലീസ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
അഭിമന്യൂവിനെ കുത്തിയത് സംഘത്തിലുള്ള മൂഹമ്മദ് ആണെന്നാണ് പോലീസ് നിഗമനം. മൊഴികള്‍ പരിശോധിച്ചതില്‍ നിന്നുമാണ് പോലീസ് ഇത്തരത്തിലൊരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. കേസില്‍ മുഹമ്മദ് എന്ന് പേരുള്ള രണ്ടു പേരുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഇതില്‍ ഒരാള്‍ മഹാരാജാസ് കോളേജ് വിദ്യാര്‍ഥിയാണ്. മറ്റേയാള്‍ പുറത്തു നിന്നെത്തിയവരുടെ കൂട്ടത്തില്‍ ഉള്ളയാളുമാണ്. കോളേജ് വിദ്യാര്‍ഥിയായ മുഹമ്മദാണ് കേസില്‍ ഒന്നാം പ്രതി. പുറത്തു നിന്ന് അക്രമികളെ വിളിച്ചുവരുത്തിയത് ഇയാളാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
അതേസമയം കൊലയുമായി അധ്യാപകന്‍റെ കൈവെട്ട് കേസിലെ പ്രതികള്‍ക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കും. തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ പ്രൊഫ. ടി.ജെ. ജോസഫിന്‍റെ കൈവെട്ടിയതിന്‍റെ എട്ടാം വാര്‍ഷികമായിരുന്നു ജൂലായ് നാല്. കൈവെട്ട് കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ പ്രതികള്‍ ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണ സംഘം പരിശോധിക്കും.
കേസില്‍ ആറ് പേരെ കൂടി പൊലീസ് ഇന്ന് കസ്റ്റഡിയിലെടുത്തു. എസ്ഡിപിഐ, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായ ആറ് പേരെയാണ് കസ്റ്റഡിയിലെടുത്തത്. നേരത്തെ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് റിമാന്‍റ് ചെയ്തിരുന്നു. ഇന്നലെ പിടിയിലായ രണ്ട് എസ്ഡിപിഐ പ്രവർത്തകരുടെ അറസ്റ്റ് ഇന്ന് പുലര്‍ച്ചെ രേഖപ്പെടുത്തിയിരുന്നു. നവാസ്, ജഫ്രി എന്നിവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
കൊലപാതകത്തില്‍ ഗൂഡാലോചനയുണ്ടെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. കേസില്‍ യുഎപിഎ ചുമത്തുന്ന കാര്യം നിയമോപദേശം ലഭിച്ച ശേഷം ആലോചിക്കുമെന്നും ഡിജിപി പറഞ്ഞു