അടിമാലി: ഇടുക്കി കല്ലാറിൽ വച്ച് നടൻ ബാബുരാജിനെ ഭൂമി സംബന്ധിച്ച തർക്കത്തിനിടെ വെട്ടേറ്റു.  റിസോർട്ടിലെ കുളം വറ്റിക്കുന്നതുമായി ബന്ധപ്പെട്ട് സമീപവാസികളുമായുള്ള തർക്കത്തിനിടെ ഒരാൾ വാക്കത്തി ഉപയോഗിച്ച് ബാബുരാജിനെ വെട്ടുകയായിരുന്നു. കല്ലാർ സ്വദേശി സണ്ണിയാണു ബാബുരാജിനെ വെട്ടിയതെന്നു പൊലീസ് പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇടതു നെഞ്ചിലാണു വെട്ടേറ്റത്. അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ബാബുരാജിനെ കൊച്ചി രാജഗിരി ആശുപത്രിയിലേക്കു കൊണ്ടു പോയി.


ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. വൈറ്റ് മിസ്റ്റ് എന്ന പേരിൽ കല്ലാറിൽ ബാബുരാജ് റിസോർട്ട് നടത്തുന്നുണ്ട്. ഈ റിസോർട്ടിലെ വെള്ളത്തിന്‍റെ ആവശ്യത്തിനായി സമീപത്തെ സണ്ണിയുടെ 10 സെന്‍റ് ഭൂമി ബാബുരാജ് നേരത്തെ വാങ്ങിയിരുന്നു. 
 
ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കം നിലനിന്നിരുന്നു. രാവിലെ ബാബുരാജ് വാങ്ങിയ ഭൂമിയിൽ കുളംകുത്തുന്നതിനിടെ സണ്ണി എത്തി തടയാൻ ശ്രമിച്ചതോടെയാണ് സംഭവത്തിന്‍റെ തുടക്കം. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെയാണ് സണ്ണി വാക്കത്തി ഉപയോഗിച്ച് ബാബുരാജിനെ വെട്ടിയത്.