അഭിനയത്തേയും അക്ഷരങ്ങളെയും ഒരുപോലെ സ്നേഹിച്ച രവി വള്ളത്തോള്‍ വിടവാങ്ങി... 


COMMERCIAL BREAK
SCROLL TO CONTINUE READING

രോഗബാധിതനായി ചികിത്സയിൽ ആയിരുന്നു   67കാരനായ അദ്ദേഹം . തിരുവനന്തപുരത്തെ വീട്ടിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. പ്രശസ്ത കവി വള്ളത്തോൾ നാരായണമേനോന്‍റെ അനന്തരവൻ കൂടിയാണ് രവി വള്ളത്തോൾ. 


1976-ൽ മധുരം തിരുമധുരം എന്ന ചിത്രത്തിന് വേണ്ടി "താഴ്വരയിൽ  മഞ്ഞുപെയ്തു" എന്ന ഗാനം എഴുതിക്കൊണ്ടാണ് രവി വള്ളത്തോളിന്‍റെ  സിനിമാ ബന്ധം ആരംഭിക്കുന്നത്. പിന്നീട് ഒട്ടനവധി സിനിമകളിലും സീരിയലുകളിലും കഴിവ് തെളിയിച്ച അദ്ദേഹ൦  നല്ലൊരു എഴുത്തുകാരൻ കൂടിയായിരുന്നു.  നിരവധി ചെറുകഥകളും അദ്ദേഹം എഴുതിയിട്ടുണ്ട്.


1986-ൽ ഇറങ്ങിയ രേവതിക്കൊരു പാവക്കുട്ടി എന്ന സിനിമയുടെ കഥ രവിവള്ളത്തോളിന്റെതായിരുന്നു. 1986-ൽ ദൂരദർശൻ സംപ്രേഷണം ചെയ്ത "വൈതരണി" എന്ന സീരിയലിലൂടെയാണ് രവിവള്ളത്തോൾ അഭിനേതാവാകുന്നത്. അദ്ദേഹത്തിന്‍റെ അച്ഛൻ ടി എൻ ഗോപിനാഥൻ നായരുടെയായിരുന്നു സീരിയലിന്‍റെ തിരക്കഥ. തുടർന്ന് ഏതാണ്ട് നൂറോളം സീരിയലുകളിൽ രവിവള്ളത്തോൾ അഭിനയിച്ചു.


ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത് 1987-ൽ ഇറങ്ങിയ സ്വാതിതിരുനാൾ ആണ് രവി വള്ളത്തോളിന്റെ ആദ്യ സിനിമ. തുടർന്ന് മതിലുകൾ,കോട്ടയം കുഞ്ഞച്ചൻ,ഗോഡ് ഫാദര്‍, വിഷ്ണുലോകം,സർഗം,കമ്മീഷണർ...എന്നിങ്ങനെ അൻപതോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.


 ഗീതാലക്ഷ്മി ആണ് ഭാര്യ. ഇവര്‍ക്ക് മക്കളില്ല. രവിവള്ളത്തോളും ഭാര്യയും ചേർന്ന് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് വേണ്ടി "തണൽ" എന്ന പേരിൽ ഒരു ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്നുണ്ട്.


താരജാടകളില്ലാതെ വെള്ളിത്തിരയിലും മിനി സ്ക്രീനിലും സൗമ്യതയുടെ ആള്‍രൂപമായി തിളങ്ങിയ വ്യക്തിത്വമായിരുന്നു രവി വള്ളത്തോള്‍.