Unni Mukundan: ഇന്നലെ ഗണപതി, നാളെ കൃഷ്ണനും ശിവനും, മറ്റ് മതങ്ങളെ കണ്ട് പഠിക്കണം; മിത്ത് വിവാദത്തിൽ പ്രതികരിച്ച് ഉണ്ണി മുകുന്ദൻ
Unni Mukundan on Myth controversy: മറ്റ് മതങ്ങളുടെ ആചാരങ്ങളെയോ ദൈവങ്ങളെയോ കുറിച്ചു പറയാൻ ആർക്കും ധൈര്യമില്ലെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു.
കൊല്ലം: മിത്ത് വിവാദത്തിൽ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ. ഇന്ന് ഗണപതി മിത്താണെന്ന് പറഞ്ഞവർ നാളെ കൃഷ്ണനും ശിവനും മിത്താണെന്ന് പറയുമെന്നാണ് അദ്ദേഹം പറഞ്ഞത്. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ നടന്ന വിനായക ചതുർഥി ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കവേയാണ് താരം മിത്ത് വിവാദത്തിൽ നിലപാട് വ്യക്തമാക്കിയത്.
മറ്റ് മതങ്ങളെ കണ്ട് പഠിക്കണമെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. മറ്റ് മതങ്ങളുടെ ആചാരങ്ങളെയോ ദൈവങ്ങളെയോ കുറിച്ചു പറയാൻ ആർക്കും ധൈര്യം പോലുമില്ല. നമ്മൾ ദൈവങ്ങൾക്കു വേണ്ടി സംസാരിക്കണം. ഏറ്റവും കുറഞ്ഞത് അത്തരത്തിലെങ്കിലും നമ്മൾ മുന്നോട്ട് പോകണം. ഇത്തരം വിഷയങ്ങളിൽ വിഷമമുണ്ടായെങ്കിൽ അത് പറയണമെന്നും അതൊരു ഓർമപ്പെടുത്തലാണെന്നും അദ്ദേഹം വ്യക്തമാക്കി.
ALSO READ: എന്താണ് എഫ്ഐആർ? എങ്ങനെയാണ് രജിസ്റ്റർ ചെയ്യുക? വിശദീകരിച്ച് പോലീസ്
ഹിന്ദു വിശ്വാസികളുടെ മനോഭാവം തന്നെ വിഷമിപ്പിക്കാറുണ്ടെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. മറ്റുള്ളവരെ വേദനിപ്പിക്കാനോ ഉപദ്രവിക്കാനോ അല്ല. നിങ്ങൾ നിങ്ങളുടെ അവസ്ഥ മനസ്സിലാക്കണം. ഇപ്പോൾ ഈ നടന്നു കൊണ്ടിരിക്കുന്നത് എന്തിനാണെന്ന് ചിന്തിക്കണം. ഇവിടെയിരിക്കുന്ന എല്ലാവരുടെയും വീട്ടിൽ ഒരു ഗണപതി വിഗ്രഹമോ ചിത്രമോ ഉണ്ടാകും. വിഘ്നങ്ങളെല്ലാം ശരിയാക്കിത്തരണേ എന്നു പറയാനാണ് ഇവിടെ ക്ഷേത്രത്തിൽ വന്ന് നമ്മളെല്ലാം പ്രാർത്ഥിക്കുന്നത്. അപ്പോൾ ഗണപതി ഇല്ലെന്ന് ആരെങ്കിലും പറയുമ്പോൾ മര്യാദയുടെ പേരിലെങ്കിലും അദ്ദേഹത്തിന് വേണ്ടി നമ്മൾ സംസാരിക്കണമെന്നും താരം കൂട്ടിച്ചേർത്തു.
ദൈവം ഉണ്ടെന്നത് നമ്മൾ ജനിച്ചു വളർന്ന സാഹചര്യത്തിൽ മാതാപിതാക്കൾ പറഞ്ഞ കാര്യമാണെന്നും ദൈവം എവിടെ ഉണ്ടെന്നു ചോദിച്ചാൽ നമുക്ക് അറിയില്ലെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി. സാങ്കേതിക വിദ്യയുടെ ഇന്നത്തെ കാലത്ത് തൂണിലും തുരുമ്പിലും ഹനുമാൻ സ്വാമിയുണ്ടെന്ന് പറയുന്നത് കേൾക്കുമ്പോൾ ചിലർക്ക് ചിരി വരും. ജീവിതത്തിൽ എന്തെങ്കിലും ബുദ്ധിമുട്ട് വരുമ്പോൾ ആരെങ്കിലും സഹായിക്കാൻ വരുമെന്നും അതിൽ നിന്ന് പുറത്തുകടക്കാൻ പറ്റുമെന്നും പറയാനുള്ള സങ്കൽപ്പമാണ് ദൈവം എന്ന കാര്യത്തിൽ തനിക്ക് നല്ല ബോധമുണ്ടെന്നും ആ ബോധം നമുക്ക് എല്ലാവർക്കും ഉണ്ടാകണമെന്നാണ് പ്രാർത്ഥനയെന്നും പറഞ്ഞ അദ്ദേഹം നമ്മുടെ ആചാരങ്ങളെക്കുറിച്ചും ദൈവങ്ങളെപ്പറ്റിയും പറയുമ്പോൾ സംസാരിക്കാൻ മടിക്കരുതെന്നും ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...