Kerala Police: എന്താണ് എഫ്ഐആർ? എങ്ങനെയാണ് രജിസ്റ്റർ ചെയ്യുക? വിശദീകരിച്ച് പോലീസ്

Kerala Police about FIR: എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്യാൻ പോലീസ് സ്റ്റേഷനിൽ നേരിട്ട് എത്തുന്നതാണ് ഉചിതമെന്ന് പോലീസ് പറയുന്നു. 

Written by - Zee Malayalam News Desk | Last Updated : Aug 20, 2023, 07:11 PM IST
  • നിയമത്തിനു മുന്നിൽ എഫ്‌ ഐ ആറിന് വളരെ പ്രാധാന്യമുണ്ട്.
  • കൊഗ്നൈസബിൾ കുറ്റകൃത്യങ്ങളിൽ മാത്രമാണ് എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്യുന്നത്.
  • ക്രിമിനൽ കുറ്റങ്ങൾ കൈകാര്യം ചെയ്യുന്നതിനാണ് പോലീസിന് അധികാരമുള്ളത്.
Kerala Police: എന്താണ് എഫ്ഐആർ? എങ്ങനെയാണ് രജിസ്റ്റർ ചെയ്യുക? വിശദീകരിച്ച് പോലീസ്

തിരുവനന്തപുരം: പോലീസ് രജിസ്റ്റ‍‍‌‍ർ ചെയ്യുന്ന കേസുകളുമായി ബന്ധപ്പെട്ട് എഫ്ഐആ‍ർ എന്ന വാക്ക് എല്ലാവരും കേട്ടിരിക്കും. പലർക്കും എഫ്ഐആറിനെ കുറിച്ചുള്ള വിവരങ്ങൾ അറിയാമെങ്കിലും ഇതിനെ കുറിച്ച് സംശയങ്ങളുള്ളവരും നിരവധിയുണ്ട്. അത്തരം ആൾക്കാർക്ക് സഹായകമാകാനായി എന്താണ് എഫ്ഐആറിനെ കുറിച്ചും എങ്ങനെയാണ് അത് രജിസ്റ്റ‍ർ ചെയ്യേണ്ടത് എന്നതിനെ കുറിച്ചും വിശദീകരണവുമായി കേരള പോലീസ് രം​ഗത്ത് എത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കേരള പോലീസ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. 

കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പോലീസിന് നേരിട്ട് കേസ് എടുക്കാവുന്ന കൊഗ്നൈസബിൾ കുറ്റകൃത്യങ്ങളിൽ പോലീസ് സ്‌റ്റേഷനിൽ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ  പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്  CrPC 154 വകുപ്പ് പ്രകാരം എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്യാം. നിലവിൽ പോലീസ് ഇൻസ്പെക്ടർക്കാണ് സ്റ്റേഷൻ ചുമതല എങ്കിലും അദ്ദേഹം സ്ഥലത്തില്ലെങ്കിൽ നിലവിൽ സ്റ്റേഷനിലുള്ള സീനിയർ സിവിൽ പോലീസ് ഓഫീസർ റാങ്കിനു മുകളിലുള്ള ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥന് നിയമ പ്രകാരം എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്യാവുന്നതാണ്. 

ALSO READ: ശശി തരൂര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍; ചെന്നിത്തല സ്ഥിരം ക്ഷണിതാവ്
 
കുറ്റകൃത്യം നടന്നു എന്നതു സംബന്ധിച്ച് പോലീസ് സ്റ്റേഷനിൽ ആദ്യം ലഭിക്കുന്ന വിവരം എന്ന നിലയിൽ നിയമത്തിനു മുന്നിൽ എഫ്‌ ഐ ആറിന് വളരെ പ്രാധാന്യമുണ്ട്. പോലീസിന് നേരിട്ട് കേസെടുക്കാൻ കഴിയുന്ന കൊഗ്നൈസബിൾ കുറ്റകൃത്യങ്ങളിൽ മാത്രമാണ് എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്യുന്നത്. മറ്റു കുറ്റകൃത്യങ്ങളിൽ എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്യുന്നതിന് പരാതിക്കാർ ചാർജ് ഉള്ള മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ച് കേസെടുക്കാൻ ഉത്തരവ് നേടണം. ക്രിമിനൽ കുറ്റങ്ങൾ കൈകാര്യം ചെയ്യുന്നതിനാണ് പോലീസിന് അധികാരമുള്ളത്. വസ്തു തർക്കം, കരാർ ലംഘനം, കിട്ടാക്കടം തിരിച്ചുപിടിക്കൽ തുടങ്ങിയ സിവിൽ വിഷയങ്ങൾ തീർപ്പാക്കാൻ സിവിൽ കോടതിയെയാണ് സമീപിക്കേണ്ടത്.  

ഒപ്പിട്ടു നൽകിയ മൊഴിയിലോ പരാതിയിലോ നിയമപ്രകാരം പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന് എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്യാം. പരാതി തയ്യാറാക്കാതെ പോലീസ് സ്‌റ്റേഷനിൽ എത്തിയാലും വിശദമായ മൊഴി രേഖപ്പെടുത്തി നൽകാൻ പോലീസ് സ്റ്റേഷനിലെ ഹെൽപ് ഡെസ്കിന്റെ സഹായം ലഭിക്കും. ഐ ടി നിയമപ്രകാരം ഡിജിറ്റൽ ഒപ്പും സ്വീകാര്യമാണ്. ചുരുക്കത്തിൽ, ഒരു പരാതി തയ്യാറാക്കുന്നതിനെക്കുറിച്ച് നിങ്ങൾ വിഷമിക്കേണ്ടതില്ല. 

എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്യാൻ പോലീസ് സ്റ്റേഷനിൽ നേരിട്ട് എത്തുന്നതാണ് ഉചിതം. ഇ-മെയിലുകളിലും ടെലിഫോൺ വിവരങ്ങളിലും ചില സാഹചര്യങ്ങളിൽ എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്യാമെങ്കിലും ഫലപ്രദമായ അന്വേഷണത്തിനായി വിശദമായ മൊഴികൾ പിന്നീടുള്ള ഘട്ടത്തിൽ പോലീസിന് / മജിസ്ട്രേട്ടിന് നൽകേണ്ടതുണ്ട്.

എഫ് ഐ ആർ രജിസ്റ്റർ ചെയ്തശേഷം അതിന്റെ പകർപ്പ് പോലീസ് സ്റ്റേഷനിലെ പബ്ലിക് റിലേഷൻസ് ഓഫീസറുടെ കയ്യിൽ നിന്ന് പരാതിക്കാർക്ക് നേരിട്ട് കൈപ്പറ്റാവുന്നതാണ്. കേരള പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ  (keralapolice.gov.in) നിന്ന് എഫ്‌ ഐ ആർ ഡൗൺലോഡ് ചെയ്ത് എടുക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News