കൊച്ചി: ദിലീപിന് സ്വകാര്യ സുരക്ഷാ സേനയുടെ സംരക്ഷണം. ഗോവ ആസ്ഥാനമായ സ്വകാര്യ ഏജന്‍സിയായ തണ്ടര്‍ഫോഴ്‌സിനെയാണ് സംരക്ഷണത്തിനായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ എപ്പോഴും ദിലീപിനൊപ്പം ഉണ്ടായിരിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

ദിലീപിനെ ആരെങ്കിലും കയ്യേറ്റം ചെയ്താല്‍ തടയുകയാണ് സുരക്ഷാഭടന്‍മാരുടെ ജോലി.  വിരമിച്ച മലയാളി പോലിസ് ഉദ്യോഗസ്ഥനാണ് സുരക്ഷയുടെ ചുമതല.  ദിലീപ് സുരക്ഷ തേടിയ സാഹചര്യം അന്വേഷണ സംഘം പരിശോധിക്കും. ആയുധങ്ങളുടെ സഹായത്തോടെയാണോ സുരക്ഷ എന്ന കാര്യവും പരിശോധിക്കും.  റിട്ടയേര്‍ഡ് ഐ.പി.എസ്. ഉദ്യോഗസ്ഥനായ പി.എ.വല്‍സനാണ് സുരക്ഷാ ഏജന്‍സിയുടെ കേരളത്തിലെ തലവന്‍ എന്നാണ് റിപ്പോര്‍ട്ട്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ദിലീപ് സ്വന്തം സുരക്ഷയ്ക്കു വേണ്ടിയാണ് സ്വകാര്യ സുരക്ഷാ ഏജന്‍സിയുടെ സഹായം തേടിയത്. ദിലീപിനെ ആരെങ്കിലും ഉപദ്രവിച്ചാല്‍ പ്രതിരോധിക്കുക. കയ്യോടെ പിടികൂടി പൊലീസിന് കൈമാറുക എന്നതാണ് ഇവരുടെ ഡ്യൂട്ടി. 


രാജ്യത്ത് 11 സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന സുരക്ഷാ ഏജൻസിയാണ് തണ്ടർ ഫോഴ്സ്. നാലു വർഷമായി കേരളത്തിൽ പ്രവർത്തിക്കുന്ന ഏജൻസിക്ക് തൃശൂർ, പാലക്കാട് ജില്ലകളിൽ ഓഫീസുകളുണ്ട്. നാവിക സേനയിലെ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനായ കാസര്‍കോട് സ്വദേശി അനില്‍ നായരാണ് സുരക്ഷാ ഏജന്‍സിയുടെ ഉടമ. തണ്ടര്‍ഫോഴ്‌സ് എന്ന പേരില്‍ പതിനൊന്നു സംസ്ഥാനങ്ങളില്‍ ഈ ഏജന്‍സി പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തില്‍ നൂറു പേര്‍ ജീവനക്കാരാണ്. കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് കോഴിക്കോട് മുന്‍ കമ്മിഷണറായിരുന്ന പി.എ.വല്‍സനാണ്.