നടിയെ ആക്രമിച്ച കേസ്; മഞ്ജു വാരിയരെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ ദിലീപിന്റെ ഹർജി
പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണ് നടി മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കാൻ ഒരുങ്ങുന്നത്.
നടിയെ ആക്രമിച്ച കേസിൽ പുതിയ സത്യവാങ്മൂലം നൽകി ദിലീപ്. കേസിൽ നടി മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതിന് എതിരെയാണ് ദിലീപ് കോടതിയിൽ എത്തിയിരിക്കുന്നത്. സുപ്രീം കോടതിയിൽ സമർപ്പിച്ച പുതിയ സത്യവാങ്മൂലത്തിലാണ് ഈ ആവശ്യം അറിയിച്ചിരിക്കുന്നത്. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണ് നടി മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കാൻ ഒരുങ്ങുന്നത്. എന്നാൽ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചിരിക്കുന്ന കാരണങ്ങൾ വ്യാജമാണെന്നും ദിലീപ് നൽകിയ ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
കേസുകളിലെ തെളിവുകളിൽ കൂട്ടിച്ചേർക്കാൻ കഴിയാത്ത ചില കാര്യങ്ങൾ ഉണ്ടെന്നും ഈ വിടവുകൾ നികത്തണമെങ്കിൽ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും ഹർജിയിൽ വ്യക്തമാക്കി. കൂടാതെ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്റെ മാതാപിതാക്കാളെ വീണ്ടും വിസ്തരിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നത് വിചാരണ നീട്ടി കൊണ്ട് പോകാനാണെന്നും ദിലീപ് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നുണ്ട്.
കേസിലെ എട്ടാം പ്രതിയാണ് ദിലീപ് 34ാം സാക്ഷിയാണ് മഞ്ജു വാര്യർ. കേസിൽ ഇതിന് മുമ്പും കോടതി വിസ്തരിച്ചിരുന്നു. ഫെബ്രുവരി 16 നാണ് നടി മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കാൻ വിളിച്ചിരിക്കുന്നത്. കേസിൽ വിചാരണ നീണ്ടു പോകുന്നതിൽ സുപ്രീം കോടതി കഴിഞ്ഞ ദിവസം അതൃപ്തി അറിയിച്ചിരുന്നു. കൂടാതെ പ്രോസിക്യൂഷൻ പുതുതായി 41 സാക്ഷികളെ കൂടി വിസ്തരിക്കണമെന്ന് പറഞ്ഞതിന്റെ കാരണം അറിയിക്കണമെന്നും സുപ്രീംകോടതി അറിയിച്ചിരുന്നു.
കേസ് അനന്തമായി നീട്ടിക്കൊണ്ടു പോവുകയാണ് സർക്കാർ ചെയ്യുന്നതെന്ന് ദിലീപിന്റെ അഭിഭാഷകനായ മുൻ അറ്റോർണി ജനറൽ മുകുൾ റോഹ്‌തഗി കോടതിയിൽ പറഞ്ഞിരുന്നു. കൂടാതെ കേസ് ഇങ്ങനെ നീട്ടി കൊണ്ട് പോകാൻ അനുവദിക്കല്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു. 2019 ൽ കേസിന്റെ വിചാരണ ആറ് മാസം കൊണ്ട് പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. സുപ്രീം കോടതി ഉത്തരവിട്ടതിന് 24 മാസങ്ങൾ കഴിഞ്ഞിട്ടും കേസിന്റെ വിചാരണ നീട്ടി കൊണ്ട് പോകുകയാണെന്ന് ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...