വിചാരണകോടതിയിൽ നിർണായകദിനം; പ്രിയതമയ്ക്കായി ഇരുമുടിയേന്തി ദിലീപ് ശബരിമലയിൽ... അയ്യപ്പദർശനം പുനരന്വേഷണ റിപ്പോർട്ട് വരാനിരിക്കെ...
നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ സഹോദരനെയും സഹോദരീ ഭർത്താവിനെയും അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും
കാവ്യ മാധ്യവന്റെ ചോദ്യം ചെയ്യൽ ബുധനാഴ്ച്ച നടക്കാനിരിക്കെ ഭർത്താവ് ദിലീപ് ഇരുമുടിയേന്തി ശബരിമല ദർശനം നടത്തി. കേസിൽ ക്രൈംബ്രാഞ്ചിന്റെ പുനരന്വേഷണ പുരോഗതി റിപ്പോർട്ട് വരാനിരിക്കെയാണ് ദിലീപ് തന്റെ പ്രിയതമക്കായി പതിനെട്ടാംപടി കയറിയത്. നടിയെ ആക്രമിച്ച കേസിൽ കാവ്യയിലേക്ക് അന്വേഷണം എത്തിയത് ദിലീപിനെ വളരെയധികം അസ്വസ്ഥനാക്കിയിട്ടുണ്ട്. അതിനിടയിൽ ആത്മവിശ്വാസം വീണ്ടെടുക്കാനാണ് സുഹൃത്തുക്കളോടൊപ്പം ദിലീപ് അയ്യപ്പസന്നിധിയിലെത്തിയത്.
തിരക്കുകുറഞ്ഞ ദിവസമായതിനാൽ പ്രത്യേക പൂജകൾ നടത്തിയ ശേഷം മേൽശാന്തിയേയും തന്ത്രിയേയും കണ്ട് അനുഗ്രഹം വാങ്ങി മടങ്ങും. നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവനെ ബന്ധിപ്പിക്കുന്ന ഓഡിയോ സന്ദേശവും അവരുടെ സാന്നിധ്യം അറിയിക്കുന്ന നിരവധി തെളിവുകളും അന്വേഷണസംഘത്തിന്റെ പക്കലുണ്ട്. ചോദ്യം ചെയ്യാൻ പല തവണ വിളിപ്പിച്ചെങ്കിലും കാവ്യ ഒഴിഞ്ഞുമാറിയതും നിരവധി സംശയങ്ങൾക്കിടയാക്കി. ബുധനാഴ്ച കാവ്യയെ അന്വേഷണ സംഘം ചോദ്യം ചെയ്യും. സാക്ഷി പട്ടികയിൽ ഉൾപ്പെടുത്തിയാണ് ചോദ്യം ചെയ്യൽ. നിർണാകയ വിവരങ്ങൾ ലഭിച്ചാൽ ഒരുപക്ഷേ സാക്ഷി പട്ടികയിൽ നിന്ന് പ്രതിപട്ടികയിലെത്താനും സാധ്യതയുണ്ട്.
കേസില്‍ പുനരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച് മേധാവി കോടതിയിൽ സമർപ്പിച്ചു. വിചാരണക്കോടതിയുടെ നിർദേശ പ്രകാരമാണ് ക്രൈം ബ്രാഞ്ച് എഡിജിപി റിപ്പോർട്ട് സമർപ്പിച്ചത്. പുനരന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം തേടും. കേസുമായി ബന്ധപ്പെട്ട് പുതിയ ഡിജിറ്റൽ തെളിവുകളും ലഭിച്ചിട്ടുണ്ട്. ഇത് സാങ്കേതികമായി പരിശോധിക്കാൻ സമയമെടുക്കും. കൂടാതെ നിരവധി പേരെയും കേസിൽ ചോദ്യം ചെയ്യേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ അന്വേഷണം പൂർത്തിയാക്കാൻ സമയം ആവശ്യപ്പെട്ട് ഇതിനകം തന്നെ ഹൈക്കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയിട്ടുണ്ട്. അക്കാര്യവും വിചാരണകോടതിയെ അറിയിക്കും.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ സഹോദരനെയും സഹോദരീ ഭർത്താവിനെയും അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. ഇതിനായി നോട്ടീസ് നൽകിയിട്ടുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നെങ്കിലും ഇരുവരും എത്താൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. ഏപ്രിൽ 19ന് രാവിലെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് അറിയിച്ചിരിക്കുന്നത്. ആലുവ പോലീസ് ക്ലബ്ബിൽ രാവിലെ 11 മണിക്ക് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
കേസിൽ പുറത്ത് വന്ന ഓഡിയോ റെക്കോർഡുകൾ കുറിച്ച് അന്വേഷിക്കാനാണ് ചോദ്യം ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബാലചന്ദ്രകുമാർ, അനൂപ്, സുരാജ്, ദിലീപ്, ഒരു കൂറ് മാറിയ സാക്ഷി എന്നിവരുടെയൊക്കെ ഓഡിയോ ക്ലിപ്പികൾ പുറത്ത് വന്നിരുന്നു. കൂടാതെ ദിലീപ് ചോദ്യം ചെയ്യലിൽ പറഞ്ഞ വിവരങ്ങളിൽ വ്യക്തത വരുത്താനും വേണ്ടിയാണ് കൂടുതൽ ചോദ്യം ചെയ്യൽ നടത്തുന്നത്.
നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ സഹോദരനെയും സഹോദരീ ഭർത്താവിനെയും ആദ്യമായാണ് ചോദ്യം ചെയ്യുന്നത്. എന്നാൽ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെതിരെ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഇരുവരെയും ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. കേസിൽ കാവ്യാ മാധവന്‍ മുന്‍കൂര്‍ജാമ്യത്തിന് ശ്രമം തുടങ്ങിയതായി സൂചനയുണ്ടായിരുന്നു. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെയായിരുന്നു കാവ്യയുടെ നീക്കമെന്നായിരുന്നു റിപ്പോർട്ടുകൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...