`ആ വിഐപി ഞാനല്ല`; ദിലീപിന്റെ കേസിലെ വിഐപി താനല്ലെന്ന് വിശദീകരിച്ച് കോട്ടയം സ്വദേശിയായ വ്യവസായി
വിഐപിയെ തിരിച്ചറിഞ്ഞുവെന്ന മാധ്യമ റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് അത് താനല്ലെന്ന് കോട്ടയം സ്വദേശിയായ വ്യവസായി മെഹബൂബ് മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
കോട്ടയം: നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ കൈമാറിയെന്ന് ആരോപിക്കപ്പെടുന്ന വ്യക്തി താനല്ലെന്ന് കോട്ടയം സ്വദേശിയായ വ്യവസായി. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിന് കൈമാറിയത് ഒരു വിഐപിയാണെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ ആരോപിച്ചിരുന്നു. വിഐപിയെ തിരിച്ചറിഞ്ഞുവെന്ന മാധ്യമ റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് അത് താനല്ലെന്ന് കോട്ടയം സ്വദേശിയായ വ്യവസായി മെഹബൂബ് മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളെക്കുറിച്ച് അറിയില്ല. വാർത്തകൾ കണ്ട് സുഹൃത്തുക്കൾ വിളിച്ചപ്പോഴാണ് ഇക്കാര്യം അറിയുന്നതെന്ന് മെഹബൂബ് പറയുന്നു. ദിലീപിന്റെ വീട്ടിൽ പോയത് ഒരു തവണ മാത്രമാണ് അത് മൂന്ന് കൊല്ലം മുമ്പാണ്. ദേ പുട്ടിന്റെ ഖത്തർ ശാഖ തുറക്കുന്നതുമായി ബന്ധപ്പെട്ടാണ് പോയത്. അന്ന് ചെല്ലുമ്പോൾ കാവ്യയും അമ്മയും അച്ഛനും ഒക്കെ ഉണ്ടായിരുന്നുവെന്നും മെഹബൂബ് വിശദീകരിച്ചു.
ALSO READ: Actress Attack case | ഫോട്ടോയിൽ കണ്ടയാളോ അത്, സംശയം ബലപ്പെടുന്നു, വിഐപിക്ക് അരികെ പോലീസ്?
ദിലീപിന്റെ സഹോദരനെയോ അളിയനെയോ അറിയില്ല. അന്വേഷണ ഉദ്യോഗസ്ഥർ ഇത് വരെ വിളിച്ചിട്ടില്ല. സംവിധായകൻ ബാലചന്ദ്രകുമാറിനെ അറിയില്ല. കണ്ടതായി ഓർക്കുന്നുപോലും ഇല്ലെന്ന് മെഹബൂബ് വ്യക്തമാക്കി. താൻ ദിലീപിന്‍റെ വീട്ടിലുള്ള സമയം ഇക്ക എന്ന് ദിലീപും കാവ്യയും വിളിക്കുന്ന ഒരാൾ അവിടെ എത്തുകയും ദിലീപിന് ഒരു പെൻഡ്രൈവ് കൈമാറുകയും ചെയ്തെന്നാണ് സംവിധായകൻ ബാലചന്ദ്രകുമാർ ആരോപിക്കുന്നത്.
ഒരു വിഐപിയെ പോലെ പെരുമാറിയ ഇയാൾ ദിലീപിനെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ മന്ത്രിയുടെ മുന്നിൽ ഇരുന്ന് ചീത്ത പറഞ്ഞാൽ മാത്രമെ സമാധാനം ആകൂവെന്ന് പറഞ്ഞതായും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, തനിക്ക് മന്ത്രിമാരുമായി ബന്ധമില്ലെന്നും മെഹബൂബ് പറയുന്നു. എന്തെങ്കിലും ആവശ്യത്തിന് വേണ്ടി മന്ത്രിമാരെ കാണേണ്ടി വരും. എന്നാൽ ആവശ്യങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും മെഹബൂബ് വിശദീകരിക്കുന്നു.
ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയ കേസിൽ വിഐപി എന്ന് വിശേഷിപ്പിച്ച വ്യക്തിയെ ആറാം പ്രതിയായി ഉൾപ്പെടുത്തിയിട്ടുണ്ട്. ബാലചന്ദ്രകുമാർ കൈമാറിയ ശബ്ദരേഖയുടെ അടിസ്ഥാനത്തിൽ വിഐപിയെ കണ്ടെത്താൻ അന്വേഷണം തുടങ്ങിയ പോലീസ് ആറ് ഫോട്ടോകളാണ് ബാലചന്ദ്രകുമാറിന് തിരിച്ചറിയാൻ നൽകിയത്. വിഐപി ആരാണെന്ന് അന്വേഷണ സംഘം ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...