Actress Attack Case: കോടതിയിലെ രഹസ്യ രേഖകൾ ചോർത്തുന്നു; നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥനെതിരെ രൂക്ഷ വിമർശനം
അതേസമയം ഹണി എം വർഗീസിനെ വിചാരണ കോടതി ജഡ്ജി സ്ഥാനത്ത് നിന്നും മാറ്റണമെന്ന ആവശ്യം ഇന്നും പ്രോസിക്യൂഷനും അതിജീവതയും ആവർത്തിച്ചു.
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ അതിരൂക്ഷമായി വിമർശിച്ച് വിചാരണ കോടതി. കോടതിയെ കബളിപ്പിക്കാൻ ഉദ്യോഗസ്ഥൻ ശ്രമിക്കരുതെന്ന് കോടതി വ്യക്തമാക്കി. ഉദ്യോഗസ്ഥന് പ്രത്യേക താൽപര്യങ്ങളാണെന്നും കോടതി നടപടി ക്രമങ്ങളിൽ പങ്കെടുക്കാതെ പുറത്ത് കറങ്ങി നടക്കുകയാണെന്നും ജഡ്ജി വിമർശിച്ചു. കീഴുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി കോടതിയിലെ രഹസ്യ രേഖകൾ ചോർത്തുന്നുണ്ടെന്നും വിമർശനം ഉയർന്നു. കോടതി നടപടികൾ പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകുന്നുവെന്നും കോടതി പറഞ്ഞു.
അതേസമയം ഹണി എം വർഗീസിനെ വിചാരണ കോടതി ജഡ്ജി സ്ഥാനത്ത് നിന്നും മാറ്റണമെന്ന ആവശ്യം ഇന്നും പ്രോസിക്യൂഷനും അതിജീവതയും ആവർത്തിച്ചു. കേസ് പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്നും നടപടി ക്രമങ്ങൾ പാലിക്കാതെയാണ് കേസ് സെഷൻസ് കോടതിയിലേക്ക് മാറ്റിയതെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇത് ഭാവിയിൽ കേസിനെ ദോഷകരമായി ബാധിച്ചേക്കാമെന്നും പ്രോസിക്യൂഷനും അതിജീവതയും വാദിച്ചു. അതേസമയം ജഡ്ജി മാറണമെന്ന ആവശ്യത്തെ പ്രതിഭാഗം എതിർത്തു. ഹൈക്കോടതിയുടെ നിർദേശത്തെ കീഴ്കോടതിയിൽ ചോദ്യം ചെയ്യാനാവില്ലെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി.
കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജയിൽ അധികൃതർക്ക് നിർദേശമുണ്ട്. നാളെ റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. കേസ് ഈ മാസം പത്തൊൻപതിന് വീണ്ടും പരിഗണിക്കും. എട്ടാം പ്രതിയായ നടൻ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ ഹൈക്കോടതി ദിലീപിന് നോട്ടീസയച്ചു. 2017ൽ കർശന വ്യവസ്ഥകളോടെയാണ് ദിലീപിന് ജാമ്യം അനുവദിച്ചത്.
എന്നാൽ ദിലീപ് സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്നും അതിന് തെളിവുണ്ടെന്നും പ്രോസിക്യൂഷൻ വാദിക്കുന്നു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിനും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിചാരണ തുടരുന്നത് കണക്കിലെടുത്ത് ജാമ്യം റദ്ദാക്കണമെന്നും ദിലീപിനെ റിമാൻഡ് ചെയ്യണമെന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...