ജസ്റ്റിസ് ഹേമ കമ്മീഷനോ കമ്മിറ്റിയോ? ആരെയൊക്കെ വിറപ്പിക്കും ആ റിപ്പോർട്ട്? എന്തുകൊണ്ട് പുറത്ത് വിടുന്നില്ല
റിപ്പോർട്ട് സമർപ്പിച്ച് രണ്ട് വർഷം കഴിഞ്ഞിട്ടും ഉള്ളടക്കം വെളിപ്പെടുത്താത്തതിലാണ് പ്രതിഷേധം ഉയരുന്നത്.
സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാനായി നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടാത്തതിനെതിരെ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ശക്തമാകുകയാണ്. റിപ്പോർട്ട് സമർപ്പിച്ച് രണ്ട് വർഷം കഴിഞ്ഞിട്ടും ഉള്ളടക്കം വെളിപ്പെടുത്താത്തതിലാണ് പ്രതിഷേധം ഉയരുന്നത്. ഈ സാഹചര്യത്തിലാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് എന്തിനായിരുന്നുവെന്നും കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത് വിടാത്തത് എന്തെന്നും ചർച്ചയാകുന്നത്. കമ്മിറ്റിയാണോ കമ്മീഷനാണോ എന്ന സാങ്കേതികത്വം പറഞ്ഞ് ഒഴിയാതെ അതീവ രഹസ്യങ്ങൾ ഒഴിച്ച് നിർത്തി റിപ്പോർട്ടിലെ പ്രധാന വസ്തുതകൾ വ്യക്തമാക്കണമെന്നാണ് ആവശ്യം.
ഹേമ കമ്മിറ്റിയാണോ കമ്മീഷനാണോ?
ഹേമ കമ്മിറ്റിയാണോ കമ്മീഷനാണോ, എന്ത് സാങ്കേതികത്വത്തിന്റെ പേരിലാണ് റിപ്പോർട്ട് പുറത്ത് വിടാതിരിക്കുന്നത് എന്നീ കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. സിനിമാ മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളും വിവേചനങ്ങളും പഠിക്കുന്നതിനായി നിയോഗിച്ച കമ്മിഷന്റെ റിപ്പോർട്ട് പുറത്ത് വിടാത്തത് സംബന്ധിച്ച ചോദ്യത്തിനാണ് അത് കമ്മീഷൻ അല്ല കമ്മിറ്റിയാണ് അതിനാൽ റിപ്പോർട്ട് പുറത്ത് വിടേണ്ടതില്ലെന്ന് മുൻ സാംസ്കാരിക മന്ത്രി പറഞ്ഞതായി വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞത്. എന്നാൽ സാങ്കേതികത്വത്തിന്റെ പേര് പറഞ്ഞ് അട്ടിമറി ഉണ്ടാകരുതെന്നും കമ്മിറ്റിക്ക് മുൻപിൽ മൊഴി നൽകിയവരെ വഞ്ചിക്കരുതെന്നുമാണ് പൊതു സമൂഹത്തിന്റെ പ്രതികരണം.
ജസ്റ്റിസ് ഹേമ കമ്മിറ്റിയെ നിയമിച്ചത് എന്തിന്?
2017 ൽ നടി ആക്രമിക്കപ്പെട്ട സംഭവത്തെത്തുടർന്ന് മലയാള ചലച്ചിത്ര രംഗത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് ചർച്ചകൾ ഉയർന്നു വന്നിരുന്നു. തുടർന്ന് സിനിമാ മേഖലയിലെ സ്ത്രീകളുടെ കൂട്ടായ്മയായ വിമൻ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി) സ്ഥാപിക്കപ്പെട്ടു. വനിതാ അഭിനേതാക്കൾ, നിർമ്മാതാക്കൾ, സംവിധായകർ, സാങ്കേതിക വിദഗ്ധർ എന്നിവർ ഉൾപ്പെടുന്ന കൂട്ടായ്മയാണ് ഡബ്ല്യുസിസി. സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന വിവേചനത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു പാനലിനെ നിയോഗിക്കണമെന്ന് ഡബ്ല്യുസിസി സർക്കാരിനോട് അഭ്യർഥിച്ചു.
2017 ജൂലൈയിൽ മുൻ ഹൈക്കോടതി ജഡ്ജി കെ ഹേമ അധ്യക്ഷയായി കമ്മിറ്റി രൂപീകരിച്ചു. മുതിർന്ന നടി ശാരദ, റിട്ടയേഡ് ഐഎഎസ് ഉദ്യോഗസ്ഥ കെബി വത്സല കുമാരി എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ. സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കുന്നതിന് ഇന്ത്യയിലെ ആദ്യത്തെ കമ്മിറ്റിയായിരുന്നു രൂപീകരിക്കപ്പെട്ടത്. 2017ൽ രൂപീകരിച്ച കമ്മിറ്റി 2019ലാണ് റിപ്പോർട്ട് കൈമാറിയത്.
ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ പ്രവർത്തനം എന്തായിരുന്നു?
ചലച്ചിത്ര രംഗത്തുനിന്നുള്ള നിരവധി പേരുമായി ജസ്റ്റിസ് ഹേമ കമ്മിറ്റി അഭിമുഖം നടത്തി. നിരവധി വനിതാ അഭിനേതാക്കൾ അവരുടെ പേരുകൾ രഹസ്യമായി സൂക്ഷിക്കണമെന്ന വ്യവസ്ഥയിൽ സിനിമാ സെറ്റുകളിൽ നേരിടേണ്ടി വന്ന പീഡനത്തിന്റെ കഥകൾ കമ്മീഷനോട് വിവരിച്ചതായാണ് റിപ്പോർട്ടുകൾ. തൊഴിൽ അന്തരീക്ഷവും അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുടെ സ്വഭാവവും അന്വേഷിക്കുന്നതിനായാണ് സ്ത്രീ-പുരുഷ അഭിനേതാക്കൾ, നിർമ്മാതാക്കൾ, സംവിധായകർ, സാങ്കേതിക വിദഗ്ധർ എന്നിവരുൾപ്പെടെയുള്ളവരുമായി ഹേമ കമ്മിറ്റി കൂടിക്കാഴ്ച നടത്തിയത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത് എന്ന്?
2019 ഡിസംബർ 31 ന് കമ്മീഷൻ മുഖ്യമന്ത്രി പിണറായി വിജയന് 300 പേജുള്ള റിപ്പോർട്ട് ഹേമ കമ്മിറ്റി സമർപ്പിച്ചു. റിപ്പോർട്ടിലെ കണ്ടെത്തലുകളെ സാധൂകരിക്കുന്ന രേഖകളും സ്ക്രീൻഷോട്ടുകളും ഓഡിയോ ക്ലിപ്പുകളും സഹിതമാണ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ട് പരസ്യമാക്കിയില്ലെങ്കിലും, സ്ത്രീകൾ ചൂഷണം ചെയ്യപ്പെടുന്നതായി കമ്മിറ്റി കണ്ടെത്തിയതായാണ് റിപ്പോർട്ട്. പുരുഷന്മാരും സ്ത്രീകളുമായ അഭിനേതാക്കളിൽ നിന്ന് ഇതിനുള്ള തെളിവുകളും ലഭിച്ചു.
സിനിമാ സെറ്റുകളിൽ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം വ്യാപകമാണെന്നും കമ്മിറ്റി കണ്ടെത്തി. ഇത്തരം വീഴ്ചകളെല്ലാം അന്വേഷിക്കാൻ ഒരു ട്രൈബ്യൂണൽ രൂപീകരിക്കണമെന്നും കമ്മിറ്റി ശുപാർശ ചെയ്തു. കമ്മിറ്റിയുടെ റിപ്പോർട്ടിൽ വലിയ പ്രതീക്ഷയാണുള്ളതെന്ന് ഡബ്ല്യുസിസി വ്യക്തമാക്കി.
കമ്മിറ്റിയുടെ നിലവിലെ സ്ഥിതി എന്താണ്?
ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ച് രണ്ട് വർഷം പിന്നിട്ടു. റിപ്പോർട്ട് സമർപ്പിച്ച് രണ്ട് വർഷത്തിലേറെയായിട്ടും ഇതിൽ യാതൊരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിൽ പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളാണ് സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് ഉയർന്നത്. ഇതിനെ തുടർന്ന് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് കൂടുതൽ പഠിക്കാൻ മൂന്നംഗ സമിതി രൂപീകരിച്ചു.
ലൈംഗികാതിക്രമത്തിന്റെ തെളിവുകൾ ഉള്ളതിനാൽ റിപ്പോർട്ടിലെ മുഴുവൻ ഉള്ളടക്കവും പരസ്യപ്പെടുത്തിയിട്ടില്ലെന്ന് കമ്മിറ്റി വ്യക്തമാക്കിയതായാണ്. എന്നാൽ അത്തരം ഭാഗങ്ങൾ ഒഴിവാക്കി റിപ്പോർട്ടിലെ കാതലായ കണ്ടെത്തലുകൾ വെളിപ്പെടുത്താൻ ആവശ്യമുയർന്നിരുന്നു. 1952 ലെ കമ്മീഷൻ ഓഫ് എൻക്വയറി ആക്‌ട് പ്രകാരമല്ല കമ്മീഷനെ നിയമിച്ചതെന്നതിനാൽ, റിപ്പോർട്ട് സംസ്ഥാന നിയമസഭയുടെ മുമ്പാകെ വയ്ക്കേണ്ടതില്ലെന്നാണ് സർക്കാരിന്റെ വാദം. എന്നാൽ കമ്മിറ്റിയുടെ റിപ്പോർട്ട് പൊതു സമൂഹത്തെ അറിയിക്കേണ്ടതാണെന്നാണ് വിവിധ മേഖലകളിലുള്ള പ്രമുഖർ ഉൾപ്പെടെയുള്ളവർ വ്യക്തമാക്കുന്നത്.
എന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ട് വെളിച്ചം കാണില്ലെന്ന സൂചന ലഭിച്ചതോടെ ഡബ്ല്യുസിസി അംഗങ്ങൾ വനിതാ കമ്മീഷൻ അധ്യക്ഷയെ നേരിട്ട് കണ്ടു. നടിമാരായ പത്മപ്രിയ, പാർവതി തിരുവോത്ത്, ഗായിക സയനോര, തിരക്കഥാകൃത്ത് ദീദി ദമോദരൻ, സംവിധായിക അഞ്ജലി മേനോൻ തുടങ്ങിയവരാണ് വനിതാ കമ്മിഷൻ അധ്യക്ഷയെ കണ്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...