ADM Naveen Babu Death: നവീൻ ബാബു തൂങ്ങിമരിച്ചത്; ശരീരത്തിൽ പരിക്കുകളോ പാടുകളോ ഇല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
നവീൻ ബാബുവിന്റെ ശരീരത്തിൽ സംശയകരമായ പരിക്കുകളോ പാടുകളോ ഇല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പത്തനംതിട്ട: കണ്ണൂർ മുൻ എഡിഎം നവീൻ ബാബു തൂങ്ങിമരിച്ചതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ സംശയകരമായ പരിക്കുകളോ പാടുകളോ ഇല്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതേസമയം നവീൻ ബാബുവിന്റെ മൃതദേഹത്തിൽ ഇൻക്വസ്റ്റ് പരിശോധന നടത്തും മുൻപ് തങ്ങളെ അറിയിച്ചില്ലെന്ന് വ്യക്തമാക്കി കുടുംബം രംഗത്ത് വന്നു.
നവീൻ ബാബുവിൻ്റെ കണ്ണുകൾ അടഞ്ഞിരിക്കുകയായിരുന്നെന്നും മൂക്ക്, വായ, ചെവി എന്നിവയ്ക്ക് പരിക്കില്ലെന്നും വ്യക്തമാക്കുന്നു. ചുണ്ടിന് നീല നിറമായിരുന്നു, പല്ലുകൾക്കും മോണകൾക്കും കേടില്ല, നാവ് കടിച്ചിരുന്നു, വിരലിലെ നഖങ്ങൾക്ക് നീല നിറമായിരുന്നു, ശരീരം അഴുകിയതിൻ്റെ ലക്ഷണങ്ങളില്ല, വയറും മൂത്രാശയവും ശൂന്യമായിരുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. സുഷുമ്നാ നാഡിക്ക് പരിക്കില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മൃതദേഹം തണുത്ത അറയിൽ സൂക്ഷിച്ചിരുന്നില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം നവീൻ ബാബുവിന്റെ മരണത്തിൽ സർക്കാർ ഇന്നലെ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. നവീൻ ബാബു ജീവനൊടുക്കിയതാണെന്നും ഉദ്യോഗസ്ഥരുടെ മുമ്പിൽ വെച്ച് ദിവ്യ അധിക്ഷേപിച്ചതിലുള്ള മാനസിക വിഷമത്തിലാണ് തൂങ്ങിമരിച്ചതെന്നും പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
നവീൻ ബാബുവിനെ അധിക്ഷേപിക്കുക എന്ന ദുരുദ്ദേശത്തോടെയാണ് ക്ഷണിക്കാതെ തന്നെ ദിവ്യ യോഗത്തിനെത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സഹപ്രവർത്തകരുടെ മുന്നിൽവെച്ച് നവീൻ ബാബുവിനെതിരെ ഗുരുതരമായ അഴിമതി ആരോപണമാണ് ഉന്നയിച്ചത്. ഇത് മനോവിഷമമുണ്ടാക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്തു. സംഭവത്തിൽ ശരിയായ ദിശയിലാണ് അന്വേഷണം നടക്കുന്നതെന്നും കേസിൽ തെളിവുകളെല്ലാം ശേഖരിച്ചുവെന്നും പഴുതില്ലാത്ത അന്വേഷണമാണ് നടത്തുന്നതെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy