സംസ്ഥാനത്ത് ഭരണ സ്തംഭനം; മദ്യനയം തൃക്കാക്കരയിൽ ചര്‍ച്ച ചെയ്യപ്പെടണമെന്ന കെ.സി.ബി.സിയുടെ ആവശ്യം സ്വാഗതം ചെയ്യുന്നുയെന്ന് വി.ഡി സതീശൻ
ലാഭത്തില്‍ ഓടിക്കൊണ്ടിരുന്ന 20 ശതമാനം സര്‍വീസുകളെയും സ്വിഫ്റ്റ് കമ്പനിയിലേക്ക് മാറ്റി
തിരുവനന്തപുരം: ക്രമരഹിതമായി പോകുന്ന ഭരണ സംവിധാനങ്ങള്‍ നേരെയാക്കി സംസ്ഥാനത്തെ ഭരണസ്തംഭനം ഒഴിവാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്. 25 ലക്ഷം രൂപയില്‍ കൂടുതലുള്ള ഒരു ചെക്കും പാസാക്കാനാകാതെ വികസന പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചിരിക്കുകയാണ്. പല ബില്ലുകളും പാസാകുന്നില്ല. ഈ വര്‍ഷം ശമ്പളം കൊടുക്കാന്‍ പോലും പറ്റുമോയെന്ന് ഭയപ്പെടുന്ന ധനകാര്യ മന്ത്രിയാണ് കേരളത്തിലുള്ളതെന്നും വി.ഡി.സതീശൻ പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം കൊടുക്കാന്‍ പറ്റില്ലെന്ന് ജീവനക്കാരെ വെല്ലുവിളിക്കുന്നതു പോലെയാണ് ഗതാഗത മന്ത്രി പറയുന്നത്. വേണമെങ്കില്‍ മാനേജ്‌മെന്റ് ചെയ്യട്ടേയെന്നാണ് മന്ത്രിയുടെ നിലപാട്.
മാനേജ്‌മെന്റ് സര്‍ക്കാര്‍ തന്നെയല്ലേയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.അപകടകരമായ രീതിയിലേക്ക് കെ.എസ്.ആര്‍.ടി.സി പോകുകയാണ്. ലാഭത്തില്‍ ഓടിക്കൊണ്ടിരുന്ന 20 ശതമാനം സര്‍വീസുകളെയും സ്വിഫ്റ്റ് കമ്പനിയിലേക്ക് മാറ്റി. ബാക്കി 80 ശതമാനവും നഷ്ടത്തിലുള്ള സര്‍വീസുകളാണ്. അതാണ് കെ.എസ്.ആര്‍.ടി.സിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്ഥിരം ജീവനക്കാരുള്ള പൊതുഗതാഗത സംവിധാനമായ കെ.എസ്.ആര്‍.ടി.സിയെ തകര്‍ത്ത് കരാര്‍ തൊഴിലാളികളെ ഉള്‍പ്പെടുത്തി പുതിയ കമ്പനി ഉണ്ടാക്കിയ ഈ സര്‍ക്കാരിനെയാണോ ഇടതുപക്ഷമെന്ന് പറയുന്നത്.ഇതാണോ ഇടതുപക്ഷ സമീപനം. രണ്ടു ലക്ഷം കോടിയുടെ കമ്മീഷന്‍ റെയില്‍ കൊണ്ടുവരുന്നവര്‍ 2000 കോടി രൂപ കൊടുത്ത് കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാന്‍ ശ്രമിക്കാതെ അത് നശിച്ചു പോട്ടെയെന്ന നിലപാടിലാണ്.
ബസുകള്‍ സ്‌ക്രാപ് അടിസ്ഥാനത്തില്‍ തൂക്കിവില്‍ക്കാന്‍ പോകുകയാണെന്നാണ് കോടതിയില്‍ പറഞ്ഞിരിക്കുന്നത്. ഇതാണോ ആറ് വര്‍ഷക്കാലത്തെ സര്‍ക്കാരിന്റെ ബാക്കിപത്രമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. 600 രൂപ കൂലി കിട്ടുന്നയാള്‍ 200 രൂപ ഓട്ടോയ്ക്ക് നല്‍കിയാണ് യാത്ര ചെയ്യുന്നത്. ഏറ്റവും സാധാരണക്കാരെ ബാധിക്കുന്ന ഈ വിഷയം പരിഹരിക്കാതെ ജനങ്ങളെ വെല്ലുവിളിക്കുന്ന രീതിയില്‍ മന്ത്രിമാര്‍ സംസാരിക്കുന്നത് ശരിയല്ല. ശമ്പളം കൊടുക്കാന്‍ സൗകര്യമില്ലെന്ന് മന്ത്രി പറയുന്നത് കേരള ചരിത്രത്തില്‍ ആദ്യമായാണ്. മുഖ്യമന്ത്രി വന്ന് ഇതൊക്കെ ശരിയാക്കാന്‍ ശ്രമിച്ചാല്‍ കേരളത്തിന് നല്ലതായിരിക്കുമെന്നാണ് യു.ഡി.എഫിന് പറയാനുള്ളത്.
മദ്യനയം തൃക്കാക്കര തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടണമെന്ന കെ.സി.ബി.സിയുടെ ആവശ്യം സ്വാഗതം ചെയ്യുന്നു. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പിണറായി വിജയന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റുകളൊക്കെ ഇപ്പോഴും നിലവിലുണ്ട്. പിണറായി അധികാരത്തില്‍ എത്തിയ ശേഷം മദ്യം മാത്രമല്ല, മയക്ക്മരുന്ന് മാഫിയകള്‍ക്കും പാര്‍ട്ടിയുടെ പ്രദേശിക നേതൃത്വങ്ങള്‍ പിന്തുണ കൊടുക്കുകയാണ്. കുഞ്ഞുങ്ങള്‍ക്കു വേണ്ടി ചതിക്കുഴികള്‍ ഒരുക്കി വച്ചിരിക്കുകയാണ്. അക്രമങ്ങളും ക്രൂരമായ കൊലപാതകങ്ങളും സ്ത്രീപീഡനങ്ങളും ഉണ്ടാകുന്നത് മയക്ക്മരുന്ന് ഉപയോഗത്തില്‍ നിന്നാണ്. ഈ മാഫിയകളെ സംരക്ഷിക്കുന്നത് സി.പി.എമ്മാണ്. ഭരണം പാര്‍ട്ടിക്ക് കൈമാറിയതിന്റെ ദുരന്തഫലമാണ് കേരളം അനുഭവിക്കുന്നതെനും വി.ഡി.സതീശൻ കുറ്റപ്പെടുത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...