Agriculture | ചതുപ്പിലും നൂറുമേനി വിളയിക്കാം; നവീന ആശയവുമായി തിരുവനന്തപുരത്തെ കോണ്ടൂർ ഗ്രൂപ്പ്
മഴ പെയ്താൽ ഏതുനിമിഷവും ചെളി നിറയുകയും വെള്ളക്കെട്ട് ഉണ്ടാകുകയും ചെയ്യുന്ന പ്രദേശമായിരുന്നു ഇവിടം. എന്നാൽ, കൃഷിക്ക് അനുയോജ്യമായ സ്ഥലമാക്കി ഇവിടെ ഹൈടെക് കൃഷി ആരംഭിക്കുകയായിരുന്നു.
തിരുവനന്തപുരം: മുട്ടട അഞ്ച്മുക്കിന് സമീപം രണ്ടര ഏക്കർ സ്ഥലം വൈവിധ്യമാർന്ന കാർഷിക കേന്ദ്രമാണ്. കുമ്പളവും പാവലവും ചീരയും മുതൽ കോഴിയും താറാവും മീനും വരെയുണ്ട് ഇവിടെ. ഒൻപത് മാസം മുമ്പ് വരെ ഇവിടം കണ്ടിട്ടുള്ളവർ ഒന്ന് ഞെട്ടും. കാരണം, രണ്ടര ഏക്കർ വരുന്ന ഈ പ്രദേശത്തിന്റെ ഭൂരിഭാഗവും കെട്ടിടാവശിഷ്ടങ്ങളാൽ നിറഞ്ഞിരിക്കുകയായിരുന്നു. മറുവശത്താകട്ടെ ചെളി നിറഞ്ഞ ചതുപ്പും വെള്ളക്കെട്ടും.
മഴ പെയ്താൽ ഏതുനിമിഷവും ചെളി നിറയുകയും വെള്ളക്കെട്ട് ഉണ്ടാകുകയും ചെയ്യുന്ന പ്രദേശമായിരുന്നു ഇവിടം. എന്നാൽ, കൃഷിക്ക് അനുയോജ്യമായ സ്ഥലമാക്കി ഇവിടെ ഹൈടെക് കൃഷി ആരംഭിക്കുകയായിരുന്നു. ലോക്ഡൗൺ സമയത്താണ് കോണ്ടൂർ ബിൽഡേഴ്സ് എം.ഡി വി.ശിവപ്രസാദ് തൻ്റെ ജീവനക്കാർക്ക് സൗജന്യമായി വിഷരഹിത പച്ചക്കറി ലഭ്യമാക്കാൻ ജൈവകൃഷി ആരംഭിച്ചത്. സംസ്ഥാന സർക്കാരിൻ്റെ സുഭിക്ഷ കേരളം പദ്ധതിയാണ് ഇതിന് പ്രചോദനമായത്. കൃഷിക്കായി മികച്ച മാർഗ്ഗങ്ങൾ തെരഞ്ഞെടുത്തത് കൃഷി വകുപ്പിലെ ടെക്നിക്കൽ അസിസ്റ്റന്റ് കെജി ബിനുലാലാണ്. കഴിഞ്ഞ ഓണക്കാലത്ത് ഒന്നാംഘട്ട വിളവെടുപ്പ് നടത്തി. ഒക്ടോബറിലാണ് രണ്ടാംഘട്ടം വിളവെടുത്തത്.
വെള്ളക്കെട്ട് ഒഴിവാക്കാൻ രണ്ട് കുളങ്ങൾ നിർമിച്ചു. ഈ കുളങ്ങളിൽ അയ്യായിരത്തിലധികം മീനുകളെയാണ് വളർത്തുന്നത്. കുളങ്ങൾക്ക് ചുറ്റും രണ്ട് തോടും നിർമിച്ചിട്ടുണ്ട്. ഇതിൻ്റെ ഒരു ഭാഗത്ത് താറാവുകൾ, വാത്തകൾ എന്നിവയെയും വളർത്തുന്നു. മഴക്കാലത്ത് പ്രദേശത്ത് കെട്ടിനിൽക്കുന്ന വെള്ളം രണ്ട് പമ്പ് സെറ്റുകൾ ഉപയോഗിച്ച് പമ്പ് ചെയ്ത് കളയും. മറ്റ് സമയത്ത് കുളങ്ങളിൽ നിന്നുള്ള വെള്ളം കൃഷിയിടങ്ങളിൽ ഉപയോഗിക്കും.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ചെറിയ കുഴികളെടുത്ത് ചാണകവും മറ്റ് വളങ്ങളും നിറച്ചാണ് പച്ചക്കറികൾ നടുന്നത്. ഹൈടെക് കൃഷിരീതിയാണ് ഇവിടെ അവലംബിച്ച് വരുന്നത്. മാത്രമല്ല, ഡ്രിപ്പ് ഇറിഗേഷനിൽ നിന്നുള്ള വെള്ളവും വളവും എത്തിക്കുന്നതിനാൽ നല്ല വിളവ് ലഭിക്കുന്നുണ്ട്. കെട്ടിട നിർമാണത്തിന് ശേഷം ബാക്കിവരുന്ന കമ്പികൾ ഉപയോഗിച്ചാണ് ചെടികൾക്ക് വേണ്ടിയുള്ള പന്തൽ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്.
ഗ്രോബാഗുകൾ ഉപയോഗിച്ചുള്ള കൃഷിയും നടത്തുന്നുണ്ട്. പയർ,വെണ്ട,പാവലം, മുളക്, കത്തിരി, തക്കാളി, മത്തൻ, ചീര, വാഴ വിവിധയിനം പപ്പായകൾ തുടങ്ങിയവയാണ് കൃഷിയിടത്തിലുള്ളത്. സ്ഥലമൊരുക്കാൻ മാത്രം 18 ലക്ഷം രൂപയാണ് ഇവിടെ ചെലവായത്. കോണ്ടൂർ ഗ്രൂപ്പിലെ ജീവനക്കാർക്ക് പച്ചക്കറികൾ സൗജന്യമായാണ് നൽകുന്നത്. കൂടാതെ തിരുവനന്തപുരത്ത് കൃഷി ചെയ്യുന്ന ഉൽപ്പന്നങ്ങൾ എല്ലാ വെള്ളിയാഴ്ചയും ദുബായിലേക്ക് കയറ്റി അയയ്ക്കുന്നുമുണ്ട്. പ്രതിദിനം ആറായിരത്തോളം രൂപ പച്ചക്കറി വിൽപ്പനയിലൂടെ മാത്രം ലഭിക്കുമെന്ന് കോണ്ടൂർ ഗ്രൂപ്പിൻ്റെ കൃഷിയിടത്തിലെ സൂപ്പർവൈസർ എസ്. അനൂപ് പറയുന്നു. മാത്രമല്ല, നിരവധി ആളുകൾ പച്ചക്കറികൾ വാങ്ങാൻ ഇവിടേക്കെത്തുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...