Akash Thillankeri: ഷുഹൈബ് വധക്കേസ്; ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ ആകാശ് തില്ലങ്കേരിക്ക് കോടതി നോട്ടീസ് അയച്ചു
Shuhaib murder case: ഹൈക്കോടതി നിര്‍ദ്ദേശിച്ച ജാമ്യവ്യവസ്ഥ ആകാശ് തില്ലങ്കേരി ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.
കൊച്ചി: ഷുഹൈബ് വധക്കേസിൽ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ പ്രതി ആകാശ് തില്ലങ്കേരിക്ക് കോടതി നോട്ടീസ് അയച്ചു. മാര്‍ച്ച് ഒന്നിന് കോടതിയില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം നൽകിയിരിക്കുന്നത്. ഹൈക്കോടതി നിര്‍ദ്ദേശിച്ച ജാമ്യവ്യവസ്ഥ ആകാശ് തില്ലങ്കേരി ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ജാമ്യ കാലയളവില്‍ മറ്റു കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുതെന്ന വ്യവസ്ഥ ലംഘിച്ചുവെന്ന് പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. രണ്ട് ഡിവൈഎഫ്‌ഐ നേതാക്കളുടെ പരാതിയില്‍ മട്ടന്നൂര്‍, മുഴക്കുന്ന് പോലീസ് സ്റ്റേഷനുകളില്‍ ആകാശിനെതിരെ കേസെടുത്തിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ആകാശിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം പ്രോസിക്യൂഷൻ മുന്നോട്ട് വയ്ക്കുന്നത്.
ചുവപ്പ് തലയില്‍ കെട്ടിയാല്‍ കമ്മ്യൂണിസ്റ്റാവില്ലെന്നും മര്യാദയുണ്ടെങ്കില്‍ ആകാശ് പേരിനൊപ്പമുള്ള തില്ലങ്കേരി മാറ്റണമെന്നും സിപിഎം തില്ലങ്കേരിയില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ പറഞ്ഞു. തില്ലങ്കേരി രക്ത സാക്ഷികളുടെ മണ്ണാണെന്നും അവിഹിതമായ മാര്‍ഗത്തിലൂടെ പണമുണ്ടാക്കി ആളാകുന്നയാളാണ് ആകാശെന്നും ജയരാജൻ പറഞ്ഞു.
സമ്പത്തിലൂടെ എന്തും ചെയ്യുമെന്ന ഹുങ്കാണ് ആകാശിന്. ക്വട്ടേഷന്‍ സംഘത്തെ തില്ലങ്കേരി നാട് ഒരുമിച്ചെതിര്‍ക്കുകയാണ് വേണ്ടതെന്നും ജയരാജന്‍ പ്രതികരിച്ചു. 19 ബ്രാഞ്ചുകളിലെ അംഗങ്ങളും പാര്‍ട്ടി അനുഭാവികളുമാണ് രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പങ്കെടുക്കുന്നത്. പ്രാദേശികമായി ആകാശിനെ പിന്തുണയ്ക്കുന്നവര്‍ പാര്‍ട്ടിയിലുണ്ടെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...