ന്യൂഡല്‍ഹി: പ്രശസ്ത കവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്‌കാരം. സാഹിത്യത്തിന് നല്‍കിയ സമഗ്രസംഭാവനകള്‍ മാനിച്ചാണ് പുരസ്‌കാരം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജ്ഞാനപീഠ പുരസ്‌കാരം ലഭിക്കുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം. 2008 ല്‍ എഴുത്തച്ഛന്‍ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. 2017 ല്‍ പത്മശ്രീ നല്‍കി അദ്ദേഹത്തെ രാജ്യം ആദരിച്ചിരുന്നു. 


പ്രശസ്ത കവി ജി.ശങ്കരക്കുറുപ്പാണ് മലയാളത്തിലേയ്ക്ക് ആദ്യമായി ജ്ഞാനപീഠ പുരസ്‌കാരം കൊണ്ടുവരുന്നത്. ശേഷം തകഴി, എസ്.കെ.പൊറ്റക്കാട്‌, എം.ടി.വാസുദേവന്‍‌നായര്‍, ഒഎന്‍വി കുറുപ്പ് എന്നിവരാണ്‌ ജ്ഞാനപീഠ പുരസ്‌കാരം നേടിയവര്‍.


അമേറ്റൂര്‍ അക്കിത്തത്ത് മനയില്‍ വാസുദേവന്‍ നമ്പൂതിരിയുടെയും ചേകൂര്‍ മനയ്ക്കല്‍ പാര്‍വ്വതി അന്തര്‍ജ്ജനത്തിന്റെയും മകനായി 1926 മാര്‍ച്ച് 18 ന്  പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലാണ് ജനിച്ചത്.


ചെറുപ്പത്തില്‍ തന്നെ സംസ്കൃതത്തിലും ജ്യോതിഷത്തിലും അറിവുനേടിയ അദ്ദേഹം 1946 മുതല്‍ മൂന്നു കൊല്ലം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി സമുദായ പ്രവര്‍ത്തനത്തിലേയ്ക്ക് ഇറങ്ങി. 


അദ്ദേഹം പത്രപ്രവർത്തകനായും പ്രവർത്തിച്ചിട്ടുണ്ട്. മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായി അദ്ദേഹം പ്രവർത്തിച്ചിട്ടുമുണ്ട്.


1956 മുതല്‍ കോഴിക്കോട് ആകാശവാണി നിലയത്തിൽ സ്ക്രിപ്റ്റ് എഴുത്തുകാരനായി പ്രവർത്തിച്ച അദ്ദേഹം 1975-ൽ ആകാശവാണി തൃശ്ശൂർ നിലയത്തിൽ എഡിറ്ററായി ചുമതല വഹിച്ചിട്ടുണ്ട്‌ തുടര്‍ന്ന്‍ 1985 ൽ ആകാശവാണിയിൽ നിന്ന് വിരമിച്ചു.


അദ്ദേഹത്തിന്‍റെ 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാ‍സം' എന്ന കൃതിയിൽ നിന്നാണ് 'വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം' എന്ന വരികൾ. 1948-49 കാലഘട്ടത്തില്‍ കമ്മ്യൂണിസ്റ്റുകാരുമായി ഉണ്ടായിരുന്ന അടുത്ത സഹവര്‍ത്തിത്വമായിരുന്നു ഈ കവിത എഴുതാന്‍ പ്രചോദനം ലഭിച്ചിരുന്നത്.


ഇഎംഎസ് നമ്പൂതിരിപ്പാട് തുടങ്ങിയ കമ്മ്യൂണിസ്റ്റ് നേതാക്കന്മാരുമായി അക്കിത്തത്തിന് വളരെ നല്ല അടുപ്പമായിരുന്നു. എന്നാല്‍ ഈ കവിത പ്രകാശനം ചെയ്തതോടെ അദ്ദേഹം കമ്മ്യൂണിസ്റ്റ് വിരുദ്ധനായി മുദ്രകുത്തപ്പെട്ടു. ഈ കവിതയ്ക്ക് 1952 ലെ സഞ്ജയന്‍ അവാര്‍ഡ് കിട്ടിയിട്ടുണ്ട്.


കവിതകളും, നാടകവും, ചെറുകഥകളും, ഉപന്യാസങ്ങളുമായി 46 ഓളം കൃതികള്‍ മഹാകവി അക്കിത്തത്തിന്‍റെ സംഭാവനയായി മലയാളത്തിന് ലഭിച്ചിട്ടുണ്ട്.


ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസം, ഭാഗവതം, നിമിഷ ക്ഷേത്രം, വെണ്ണക്കല്ലിന്‍റെ കഥ, ബലിദര്‍ശനം, മനസ്സാക്ഷിയുടെ പൂക്കള്‍, അക്കിത്തത്തിന്‍റെ തിരഞ്ഞെടുത്ത കവിതകള്‍, പഞ്ചവര്‍ണ്ണക്കിളി, അരങ്ങേറ്റം, മധുവിധു, ഒരു കുല മുന്തിരിങ്ങ, ഇടിഞ്ഞു പൊളിഞ്ഞ ലോകം, അമൃതഗാഥിക, കളിക്കൊട്ടിലില്‍, സമത്വത്തിന്‍റെ ആകാശം, കരതലാമലകം, ആലഞ്ഞാട്ടമ്മ, പ്രതികാരദേവത, മധുവിധുവിനു ശേഷം, സ്പര്‍ശമണികള്‍, അഞ്ചു നാടോടിപ്പാട്ടുകള്‍, മാനസപൂജ എന്നിവയാണ് അക്കിത്തത്തിന്‍റെ പ്രധാന കൃതികള്‍.


ബലിദര്‍ശനം എന്നകൃതിക്ക് 1972 ല്‍ കേരള സാഹിത്യഅക്കാദമി അവാര്‍ഡ് ലഭിച്ചു. 1973 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, 1974 ലെ ഓടക്കുഴല്‍ അവാര്‍ഡ്, സഞ്ജയന്‍ പുരസ്‌കാരം, പത്മപ്രഭ പുരസ്‌കാരം, അമൃതകീര്‍ത്തി പുരസ്‌കാരം, സമഗ്രസംഭാവനയ്ക്കുള്ള 2008 ലെ എഴുത്തച്ഛന്‍ പുരസ്‌കാരം എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 


മാനവികതയിലൂന്നി നിന്നുള്ള ആത്മീയതയും ആഴത്തിലുള്ള ദാര്‍ശനികതയും അക്കിത്തം കവിതകളുടെ മുഖമുദ്രയാണ്. ചിത്രകാരന്മാരായ അക്കിത്തം നാരായണന്‍ സഹോദരനും അക്കിത്തം വാസുദേവന്‍ മകനുമാണ്.