മന്ത്രി ജി സുധാകരനെതിരായ പരാതി; ലോക്കൽ കമ്മിറ്റി യോഗം വിളിച്ചു
ജില്ലാ കമ്മിറ്റി ഓഫീസിൽ ലോക്കൽ കമ്മിറ്റി യോഗം വിളിക്കുന്നത് പതിവില്ല. പരാതിക്കാരിയുടെ ഭർത്താവും മന്ത്രി ജി സുധാകരന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗവുമായ പ്രാദേശിക നേതാവും യോഗത്തിൽ പങ്കെടുക്കും
ആലപ്പുഴ: മന്ത്രി ജി സുധാകരനെതിരായ പരാതിയിൽ അനുനയ നീക്കം ശക്തമാക്കി ജില്ലാ നേതൃത്വം. വിഷയം എത്രയും വേഗം പരിഹരിക്കാനുള്ള സിപിഎം (CPM) സംസ്ഥാന കമ്മിറ്റി നിർദേശത്തെ തുടർന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ പുറക്കാട് ലോക്കൽ കമ്മിറ്റി യോഗം വിളിച്ചു. ജില്ലാ കമ്മിറ്റി ഓഫീസിൽ ലോക്കൽ കമ്മിറ്റി യോഗം വിളിക്കുന്നത് പതിവില്ല. പരാതിക്കാരിയുടെ ഭർത്താവും മന്ത്രി ജി സുധാകരന്റെ (G Sudhakaran) മുൻ പേഴ്സണൽ സ്റ്റാഫ് അംഗവുമായ പ്രാദേശിക നേതാവും യോഗത്തിൽ പങ്കെടുക്കും.
ജില്ലാ കമ്മിറ്റി ഓഫീസിൽ ഉച്ചയ്ക്ക് ശേഷമാണ് യോഗം. വിവാദം എത്രയും വേഗം അവസാനിപ്പിക്കണമെന്നാണ് സംസഥാന നേതൃത്വത്തിന്റെ കർശന നിർദേശം. അതേ സമയം ജി സുധാകരനെതിരായ പരാതിയിൽ അമ്പലപ്പുഴ പൊലീസ് നിയമോപദേശം തേടി. ലോക്കൽ പൊലീസ് കേസെടുക്കാത്തതിനെ തുടർന്ന് പരാതിക്കാരി ഇന്നലെ ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചിരുന്നു. മന്ത്രിക്കെതിരെ പൊലീസ് കേസ് എടുക്കുന്നില്ലെങ്കിൽ കോടതിയെ (Court) സമീപിക്കാനാണ് തീരുമാനം. പൊലീസ് നടപടിയെടുക്കുന്നില്ലെന്നും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അമ്പലപ്പുഴ, ആലപ്പുഴ സ്റ്റേഷനുകളിൽ പരാതി തട്ടിക്കളിക്കുകയുമാണെന്നാണ് ആക്ഷേപം.
ALSO READ: ആലപ്പുഴ സിപിഎമ്മിലെ ചേരിപ്പോര്; പരസ്യപ്രതികരണം വിലക്കി സംസ്ഥാന നേതൃത്വം
ഇതേ തുടർന്നാണ് മന്ത്രിക്കെതിരെ കേസ് എടുക്കണമെന്ന ആവശ്യവുമായി പരാതിക്കാരി ജില്ലാ പൊലീസ് (police) മേധാവിയെ സമീപിച്ചത്. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യാനാണ് ഇവരുടെ തീരുമാനം. സ്ഥാനാർഥി നിർണയത്തിന് ശേഷം ആലപ്പുഴയിൽ രൂക്ഷമായ വിഭാഗീയതയിൽ ശക്തമായ നടപടിക്ക് ഒരുങ്ങുകയാണ് സംസ്ഥാന നേതൃത്വം. പരസ്യ പ്രതികരണം വിലക്കിയിട്ടുണ്ട്.
മന്ത്രിക്കെതിരായ പരാതിയിൽ വാർത്താസമ്മേളനത്തിന്റെ ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നാണ് അമ്പലപ്പുഴ പൊലീസ് വ്യക്തമാക്കുന്നത്. ആലപ്പുഴ സിപിഎമ്മിൽ ജി സുധാകരനെതിരെ രൂപപ്പെട്ട ചേരിയുടെ പിന്തുണ പരാതിക്കാരിക്ക് ഉണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ തുടങ്ങിയ രൂക്ഷമായ വിഭാഗീയത ചെറുക്കാൻ സംസ്ഥാന നേതൃത്വം ഇടപെടൽ ശക്തമാക്കിയിരിക്കുകയാണ്. പുതിയ വിവാദങ്ങളിൽ പരസ്യ പ്രതികരണം വേണ്ട. എന്നാൽ പുതിയ ചേരിക്കെതിരെ ശക്തമായി നീങ്ങാനാണ് സുധാകരനെ പിന്തുണയ്ക്കുന്ന പക്ഷത്തുള്ള നേതാക്കളുടെ തീരുമാനം.
മന്ത്രി ജി.സുധാകരന് എതിരെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ നൽകിയ പരാതി പിൻവലിച്ചെന്ന വാദവുമായി പൊലീസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മന്ത്രി ജി. സുധാകരന് എതിരായ പരാതിയിൽ ഉറച്ച് നിൽക്കുന്നില്ലെന്ന് പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. എന്നാൽ പരാതി പിൻവലിക്കില്ലെന്ന് പരാതിക്കാരി പറഞ്ഞു. പല ഭാഗത്ത് നിന്നും സമ്മർദം ഉണ്ടായെങ്കിലും പരാതി പിൻവലിക്കാൻ ഒരുക്കമല്ല. പിൻവലിച്ചുവെന്ന പൊലീസിന്റെ വാദം ശരിയല്ലെന്നും അവർ പ്രതികരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...