തിരുവനന്തപുരം: ഡോക്ടര്‍മാരുടെ  കുറിപ്പടിയുണ്ടെങ്കില്‍ മദ്യം ലഭ്യമാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനയില്‍ വലഞ്ഞു സംസ്ഥാനത്തെ ഡോക്ടര്‍മാര്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

മദ്യം വാങ്ങാനുള്ള കുറിപ്പടി ചോദിച്ച് ഡോക്ടര്‍മാര്‍ക്ക് പ്രതിദിനമെത്തുന്നത് നിരവധി കോളുകള്‍. കുറിപ്പടിയില്‍ മദ്യത്തിന്‍റെ ബ്രാന്‍ഡ് എഴുതണമെന്ന് പറഞ്ഞാണ് പലരും വിളിക്കാറുള്ളതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 


എന്നാല്‍, മദ്യാസക്തിയ്ക്കുള്ള മരുന്നായി മദ്യം തന്നെ നല്‍കാനാകില്ലെന്ന എന്ന നിലപാടിലാണ് ഡോക്ടര്‍മാര്‍.  പിണറായി വിജയന്‍റെ ഈ പ്രസ്താവനയ്ക്കെതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ KGMOA  ഇന്നലെ രംഗത്തെത്തിയിരുന്നു.  
അത്യന്തം ദൗര്‍ഭാഗ്യകരമായ തീരുമാനമാണ് മുഖ്യമന്ത്രിയെടുത്തതെന്നും ഇത് പുന:പരിശോധിക്കണമെന്നുമാണ് KGMOA ആവശ്യപ്പെട്ടത്


ആധുനിക വൈദ്യശാസ്ത്രത്തില്‍ മദ്യാസക്തിയ്ക്കുള്ള മരുന്ന് മദ്യമല്ലെന്നും അത് തികച്ചും അശാസ്ത്രീയവും അധാര്‍മ്മികവുമാണെന്നും അതിനു മറ്റ് ചികിത്സാ മാര്‍ഗങ്ങളുണ്ടെന്നും KGMOA പറഞ്ഞിരുന്നു. കൂടാതെ, കൊറോണ വൈറസ് സമൂഹ വ്യാപനത്തിനുള്ള സാധ്യത കേരളത്തിലുണ്ടെന്നും അത് തള്ളികളയാനാകില്ലെന്നും KGMOA ഓര്‍മിപ്പിച്ചു. 


പനി, ജലദോഷം എന്നിവ ബാധിച്ച് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലുമെത്തുന്നവരുടെ എണ്ണം കൂടുന്നുണ്ടെന്നും ഇക്കാര്യത്തില്‍ ശാസ്ത്രീയ പരിശോധന ആവശ്യമുണ്ടെന്നും KGMOA പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കണമെന്നും ഡോക്ടര്‍മാരുടെ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.


KGMOAയ്ക്ക് പിന്നാലെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും കേരള സര്‍ക്കാര്‍ മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷനും ഇന്ത്യന്‍ സൈക്കാട്രിക് സൊസൈറ്റിയും മുഖ്യമന്ത്രിയുടെ ഈ നിലപാടിനെതിരെ രംഗത്തെത്തിയിരുന്നു. 


മദ്യാസക്തിയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ക്ക് ഫലപ്രദമായ സൈക്കോട്രോപ്പിക് മരുന്നുകള്‍ ലഭ്യമാണെന്നും അവ ഉറപ്പ് വരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നുമാണ് ഇന്ത്യന്‍ സൈക്കാട്രിക് സൊസൈറ്റി പ്രസിഡന്‍റ് ഡോ. എംടി ഹരീഷ് പറഞ്ഞു. 


അതേസമയം, മദ്യാസക്തിയ്ക്ക് ചികിത്സതേടി എക്സൈസിന്‍റെ വിമുക്തി കൗണ്‍സലിംഗ് കേന്ദ്രങ്ങളെ സമീപിക്കുന്നവരുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മദ്യശാലകള്‍ പൂട്ടിയ ശേഷം ഇതുവരെ 282 പേരാണ് മദ്യാസക്തിയ്ക്ക് ചികിത്സ തേടി ഇവിടെ എത്തിയിട്ടുള്ളത്.