തിരുവനന്തപുരം: ചിരട്ടകൾ രാകിമിനുക്കി മനോഹരമായ ശില്‍പ്പങ്ങൾ തീർക്കുന്ന ഒരു ആയുർവേദ ഡോക്ടറുണ്ട് തിരുവനന്തപുരത്ത്. ആയുർവേദ കോളേജിലെ ഔദ്യോഗിക വൃത്തിയിൽ നിന്നു വിരമിച്ച ഡോ. ചന്തു നായർ. വിശ്രമജീവിതകാലത്തും തന്റെ കലാസപര്യക്ക് ഇദ്ദേഹം അവധി നൽകുന്നില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിരട്ടകൾ കൊണ്ട് സർഗാത്മകമായ കഴിവുകളെ രാകിമിനുക്കിയെടുക്കുകയാണ് ഡോ. ചന്തു നായർ. ഡോക്ടർക്ക് ചിരട്ട ഒരു പാഴ്വസ്തുവല്ല. മനോഹരമായ ശില്പങ്ങൾക്കുള്ള അസംസ്കൃതവസ്തുവാണ്. കൈയിൽ കിട്ടുന്ന ചിരട്ടകൾ രാകിമിനുക്കി നൂറുകണക്കിനു വസ്തുക്കളാണ് ഡോക്ടർ പണിതിട്ടുള്ളത്. 


അനന്തശയനം ശില്പങ്ങളുണ്ടാക്കാൻ ഡോക്ടർക്ക് ആകെ വേണ്ടത് ചിരട്ടകളും ഒരു ചെറിയ ആക്സോ ബ്ലെയ്ഡും മാത്രമാണ്. ആയുർവേദ കോളേജിൽ നിന്ന് വിരമിച്ചെങ്കിലും തന്റെ കഴിവുകൾക്ക് അവധി കൊടുക്കാൻ ഇദ്ദേഹം തയ്യാറല്ല. ലോക്ക്ഡൗൺ കാലത്താണ് ചിരട്ടകൾ കൊണ്ട് അനന്തശയന രൂപം ഉണ്ടാക്കാനുള്ള ആശയം അദ്ദേഹത്തിനുണ്ടായത്. അങ്ങനെയാണ് അയ്യായിരത്തിലധികം ചിരട്ടകൾ കൊണ്ട് മിഴിവാർന്ന അന്തശയനരൂപം തയ്യാറാക്കിയത്. ഒന്നര വർഷമാണ് ഇതിനായി അദ്ദേഹത്തിന് വേണ്ടി വന്നത്. യന്ത്രസഹായമില്ലാതെ കൈകൊണ്ടു മാത്രമാണ് ഡോക്ടറുടെ ശില്പനിർമ്മാണം. 


സ്വന്തം വീട്ടിൽ നിന്നുള്ളതും സുഹൃത്തുക്കൾ നൽകിയതുമായ ചിരട്ടകളാണ് ശില്പനിർമ്മാണത്തിന് ചന്തുനായർ ഉപയോഗിച്ചത്. ദിവസവും രണ്ടു മണിക്കൂറെങ്കിലും ശില്പനിർമ്മാണത്തിനായി ചെലവഴിച്ചു. നിർമാണത്തിനിടെ പലതവണ കൈ മുറിഞ്ഞ് നിർമാണം നിർത്തിവയ്ക്കേണ്ടി വന്നിരുന്നു. പക്ഷേ, തന്റെ പ്രയ്തനത്തിൽ നിന്ന് ഡോക്ടർ പിന്നോട്ട് പോയില്ല. എട്ടടി നീളവും മൂന്നടി ഉയരവുമുള്ള ശില്പം, ചിരട്ടകൊണ്ടുള്ള പത്തടി നീളം വരുന്ന ചീങ്കണ്ണി, മൂന്നടിയിലേറെ ഉയരമുള്ള ചിമ്പാൻസി തുടങ്ങിയവയൊക്കെ ഡോക്ടറുടെ കൈമനം അമൃതനഗർ 'ചന്ദ്രിമ' വീട്ടിലുണ്ട്. നൂറുകണക്കിന് ചിരട്ടശില്പങ്ങളാണ് അവിടെയുള്ളത്. 


പക്ഷികളുടെയും മൃഗങ്ങളുടെയും രൂപങ്ങളാണ് ഇതിൽ അധികവും. കോളേജ് പഠനകാലത്ത് പെയിന്റിങ് മത്സരത്തിൽ വിജയിയായിരുന്നു. പിന്നീട് ചിത്രകലാരംഗത്തുനിന്ന് മാറിനിന്നു. കോളേജിൽ ക്ലാസെടുക്കാൻ ചില ജീവികളുടെ രേഖാചിത്രം തയ്യാറാക്കിയതിനെത്തുടർന്നാണ് ചിരട്ടകൊണ്ട് ഇവയെ സൃഷ്ടിക്കാമെന്നു തോന്നിയത്. ചിരട്ടകൾ സാൻഡ്പേപ്പർകൊണ്ട് മിനുസപ്പെടുത്തി ഫെവിക്കോൾ ചേർത്ത് ഒട്ടിച്ചാണ് ശില്പങ്ങളൊരുക്കുക.  തൊണ്ടും കൊതുമ്പും ഉപയോഗിച്ചും ശില്പങ്ങൾ നിർമ്മിച്ചിട്ടുണ്ട്.


ഭാര്യ ഡോ. കെ.രമാദേവിയുടെയും മകൻ ചിന്തു സി.നായരുടെയും സഹായവും ഇദ്ദേഹത്തിനുണ്ട്. 2008-ൽ സർക്കാർ സർവീസിൽ നിന്നു വിരമിച്ച ശേഷം 2018 വരെ പങ്കജകസ്തൂരി മെഡിക്കൽ കോളേജിൽ പ്രിൻസിപ്പലായും ഡോ. ചന്തു നായർ സേവനമനുഷ്ഠിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.