Ambulance: ആംബുലൻസുകളുടെ ഏകോപനത്തിന് കേന്ദ്രീകൃത സംവിധാനം; നിറം ഏകീകരിക്കും, ഡ്രൈവർമാർക്ക് പോലീസ് വെരിഫിക്കേഷൻ
Ambulance services: ആംബുലൻസ് സർവീസുകളുടെ നിലവാരം ഉയർത്താനും പുതിയ മാനദണ്ഡങ്ങൾ ആവിഷ്‌കരിക്കാനും തീരുമാനമായി.
തിരുവനന്തപുരം: അനധികൃത ആംബുലൻസുകളെ നിയന്ത്രിക്കാനും ആംബുലൻസുകളുടെ സേവനം സംസ്ഥാനത്തുടനീളം ഏകോപിപ്പിക്കാനും സർക്കാർ ഇടപെടൽ. ആംബുലൻസ് സർവീസുകളുടെ നിലവാരം ഉയർത്താനും പുതിയ മാനദണ്ഡങ്ങൾ ആവിഷ്‌കരിക്കാനും തീരുമാനമായി. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെയും നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.
ആംബുലൻസുകളുടെ ഏകോപനത്തിന് കേന്ദ്രീകൃത സംവിധാനമൊരുക്കും. ആംബുലൻസുകളുടെ ദുരുപയോഗം നിയന്ത്രിക്കുന്നതിന് നടപടികൾ സ്വീകരിക്കും. ആരോഗ്യ വകുപ്പിന്റെ കീഴിൽ എല്ലാ ആംബുലൻസ് ഡ്രൈവർമാർക്കും വിദഗ്ധ പരിശീലനം നൽകും. ബേസിക് ലൈഫ് കെയർ സപ്പോർട്ട്, അഡ്വാൻസ്ഡ് ലൈഫ് കെയർ സപ്പോർട്ട് എന്നിവയിലാണ് പരിശീലനം നൽകുക. ആബുലൻസുകൾക്ക് ജിപിഎസും ഡ്രൈവർമാർക്ക് പോലീസ് വെരിഫിക്കേഷനും നിർബന്ധമാക്കും. ആംബുലൻസുകളുടെ നിറം ഏകീകൃതമാക്കും. മികച്ച ആംബുലൻസ് സേവനങ്ങൾക്കായി ആരോഗ്യ വകുപ്പും ഗതാഗത വകുപ്പും സംയുക്തമായി നടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി.
ആംബുലൻസുകളുടെ സേവനങ്ങൾ സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും വിലയിരുത്താൻ ഗതാഗത വകുപ്പിലെയും ആരോഗ്യവകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥർ, ഐഎംഎ, ആംബുലൻസ് സേവനമേഖല എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെടുന്ന അഞ്ചംഗ കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചു. വിവിധ കാറ്റഗറികളിലുള്ള ആംബുലൻസുകളുടെ സൗകര്യങ്ങൾ, അവയുടെ സേവനം, ഫീസ്, നിറം, ആംബുലൻസ് ഡ്രൈവർമാരുടെ യോഗ്യത, പോലീസ് വെരിഫിക്കേഷൻ, യൂണിഫോം, ആംബുലൻസുകളുടെ ദുരുപയോഗം എന്നിവ പരിശോധിച്ച് കമ്മിറ്റി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കും. കമ്മിറ്റി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...