തിരുവനന്തപുരം: മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ ആരോപണ വിധേയയായ അനിത പുല്ലയിൽ നിയമസഭാ മന്ദിരത്തിൽ കടന്നത് പാസില്ലാതെയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായതായി സ്പീക്കർ എം.ബി രാജേഷ് വ്യക്തമാക്കി. സഭാ ടിവിക്ക് സാങ്കേതിക സഹായം നൽകുന്ന ജീവനക്കാരിക്ക് ഒപ്പമാണ് അനിത പുല്ലയിൽ സഭാ മന്ദിരത്തിൽ കടന്നത്. ഉത്തരവാദികളായ നാല് പേരെ സഭ ടിവിയുടെ ചുമതലകളിൽ നിന്ന് മാറ്റിയതായും സ്പീക്കർ പറഞ്ഞു. ഏജൻസിലെ ജീവനക്കാരായ ഫസീല,വിഷ്ണു,വിപുരാജ്,പ്രവീൺ എന്നിവർക്കെതിരെയാണ് നടപടി. ചീഫ് മാർഷലിന്റെ റിപ്പോർ‌ട്ടിന്റ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി സി.സി.ടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചതായും സ്പീക്കർ വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഓപ്പൺ ഫോറത്തിൽ പങ്കെടുക്കുന്നതിനുള്ള പാസ് അനിതാ പുല്ലയിലിന്റെ കൈവശം ഉണ്ടായിരുന്നു. അതുപയോഗിച്ചാണ് അവർ സഭാ വളപ്പിൽ കടന്നത്. അവിടെ നിന്ന് സഭയുടെ വരാന്തയിൽ എത്തുന്നതിനും സഭാ ടിവിക്ക് ഉള്ളിൽ കടക്കുന്നതിനുമാണ് ജീവനക്കാരുടെ സഹായം ലഭിച്ചതെന്നും സ്പീക്കർ വിശദീകരിച്ചു. അനിത പുല്ലയിൽ സഭാ ടിവിക്ക് ഉള്ളിൽ എത്തിയപ്പോൾ അവിടെ ഉണ്ടായിരുന്ന മൂന്ന് ജീവനക്കാർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.നാല് പേരും വീഴ്ച സമ്മതിച്ചതായും നിയമസഭയുടെ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ പേരിലാണ് നടപടിയെന്നുംസ്പീക്കർ പറഞ്ഞു.അനിത പുല്ലയിൽ ലോക കേരള സഭ നടന്ന ശങ്കരൻ തമ്പി ഹാളിലോ അതിന്റെ പരിസരത്തോ എത്തിയിട്ടില്ലന്നും നിയമസഭാ സെക്രട്ടറിയേറ്റിലെ ആരും അവർക്ക് സഹായം ചെയ്തിട്ടില്ലെന്നും സ്പീക്കർ പറഞ്ഞു.ഓപ്പൺ ഫോറത്തിന് 500 പാസുകളാണ് നൽകിയിരുന്നതത്. 250 എണ്ണം പ്രവാസി സംഘടനകൾക്കും 250 എണ്ണം മലയാളം മിഷൻ മുഖേനെ വിദ്യാർഥികൾക്കും നൽകിയിരുന്നുവെന്നും എം.ബി രാജേഷ് പറഞ്ഞു.


സഭാ ടിവിക്ക് സാങ്കേതിക സഹായം നൽകുന്ന ഏജൻസിക്ക് എതിരെ നടപടി സ്വീകരിക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നെങ്കിലും സ്പീക്കർ അത് നിഷേധിച്ചു.
സാങ്കേതിക, സാമ്പത്തിക, നിയമപരമായ വശങ്ങൾ പരിശോധിച്ച് മാത്രമെ കരാർ സംബന്ധിച്ച കാര്യത്തിൽ തീരുമാനം എടുക്കാൻ കഴിയുകയുള്ളുവെന്ന് സ്പീക്കർ വ്യക്തമാക്കി. 


 ലോക കേരള സഭയുടെ ആദ്യ ദിവസവും സമാപന ദിനത്തിലുമാണ് വിവാദ വനിത അതിന പുല്ലയിൽ നിയമ സഭയിൽ എത്തിയത്. മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെട്ടതോടെ സഭാ ടിവിക്ക് ഉള്ളിലാണ് അവർ അഭയം തേടിയത്.
രണ്ടര മണിക്കൂറോളം സമയമാണ് അവർ അവിടെ ചെലവഴിച്ചത്.ലോക കേരള സഭയുടെ പ്രതിനിധിയോ ക്ഷണിതാവോ അല്ലാത്ത അനിത പുല്ലയിൽ നിയമസഭയിൽ എത്തിയത് വലിയ വിവാദത്തിന് കാരണമായിരുന്നു.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.