പിണറായി വിരുദ്ധ തരംഗം: ജനവിരുദ്ധ വികസന നയത്തിന് എതിരായ ജനവികാരമെന്ന് എൻകെ പേമചന്ദ്രൻ എംപി
മുഖ്യമന്ത്രിയും മന്ത്രിമാരും സിപിഎം സെക്രട്ടറിയേറ്റും പോലീസ് ഉള്‍പ്പെടെയുളള ഭരണയന്ത്രങ്ങളും അധികാര ദുര്‍വിനിയോഗം നടത്തിയിട്ടും അതില്‍ വഞ്ചിതരാകാതെ ജനാധിപത്യം സംരക്ഷിച്ച തൃക്കാക്കരയിലെ പ്രബുദ്ധരായ വോട്ടറന്മാരെ അഭിവാദ്യം ചെയ്യുന്നു.
കൊല്ലം: തൃക്കാക്കരയില്‍ പിണറായി വിരുദ്ധ തരംഗമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. ഭരണപരാജയത്തിന് ജനങ്ങള്‍ നല്‍കിയ സാക്ഷ്യപത്രമാണ് വിധിയെഴുത്ത്. മതപരവും സാമുദായികവുമായ വിഭാഗീയത വളര്‍ത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുളള സിപിഎമ്മിന്‍റെ അടവ് നയരാഷ്ട്രീയ നയത്തിനേറ്റ കനത്ത പ്രഹരമാണിത്. ഭൂരിപക്ഷ വര്‍ഗ്ഗീയതയേയും ന്യൂനപക്ഷ വര്‍ഗ്ഗീയതയേയും തരാതരംപോലെ പ്രീണിപ്പിച്ച് വോട്ട് നേടാമെന്ന സിപിഎം തന്ത്രത്തിന് ജനം നല്‍കിയ കനത്ത തിരിച്ചടിയാണ്.
മുഖ്യമന്ത്രിയും മന്ത്രിമാരും സിപിഎം സെക്രട്ടറിയേറ്റും പോലീസ് ഉള്‍പ്പെടെയുളള ഭരണയന്ത്രങ്ങളും അധികാര ദുര്‍വിനിയോഗം നടത്തിയിട്ടും അതില്‍ വഞ്ചിതരാകാതെ ജനാധിപത്യം സംരക്ഷിച്ച തൃക്കാക്കരയിലെ പ്രബുദ്ധരായ വോട്ടറന്മാരെ അഭിവാദ്യം ചെയ്യുന്നു.
കേരളം നാളിതുവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത തരത്തില്‍ കേരളത്തിലെ മുഖ്യമന്ത്രിയും മന്ത്രിമാരും ഭരണകൂടവും തങ്ങളുടെ അധികാരങ്ങളും ഭരണയന്ത്രവും തൃക്കാക്കര തെരഞ്ഞെടുപ്പിനായി ദുര്‍വിനിയോഗം ചെയ്തു. രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികത്തിന് ജനങ്ങള്‍ നല്‍കിയ പ്രോഗ്രസ് റിപ്പോര്‍ട്ടാണ് തൃക്കാക്കര വിധി.
തെരഞ്ഞെടുപ്പ് ഭരണത്തിന്‍റെ വിലയിരുത്തലാണെന്ന് അവകാശപ്പെട്ട സിപിഎം ഭരണപരാജയത്തിന്‍റെ വിധിയെഴുത്തിനെ മാനിക്കണം. സംസ്ഥാനത്തെ തകര്‍ക്കുന്ന കെ-റെയില്‍ ഉള്‍പ്പെടെയുളള ജനവിരുദ്ധ വികസന നയത്തിന് എതിരായ ജനവികാരമാണിത്. തെരഞ്ഞെടുപ്പ് വിജയിക്കാന്‍ സ്വീകരിച്ച നിയമവിരുദ്ധ മാര്‍ഗ്ഗങ്ങള്‍ ജനം തളളിക്കളഞ്ഞു.
വോട്ടര്‍ പട്ടികയില്‍ നിന്നും അര്‍ഹരായവരെ ഒഴിവാക്കിയതു മുതല്‍ വ്യാജ വോട്ടര്‍ ഐ.ഡികളും, രേഖകളും നിര്‍മ്മിച്ച് കളളവോട്ട് ചെയ്തിട്ടും ജനാധിപത്യത്തെ പരാജയപ്പെടുത്താന്‍ കഴിഞ്ഞില്ല. ജനവിധിയില്‍ നിന്നും സര്‍ക്കാര്‍ പാഠം ഉള്‍ക്കൊളളണമെന്നും ജനവിരുദ്ധ നയപരിപാടികളും വര്‍ഗ്ഗീയ വിദ്വേഷം വളര്‍ത്തുന്ന പരിപാടികളും ഉപേക്ഷിക്കണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...