Art street: ആർട്ട് സ്ട്രീറ്റ്: മറവൻതുരുത്തിലെ മതിലുകളിൽ വിരിയുന്നത് വർണചിത്രങ്ങൾ
Art street: സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷനുമായി ചേർന്ന് പ്രവർത്തിക്കുന്ന കേരളത്തിലെ യുവജന കൂട്ടായ്മയായ ക്യാപ്റ്റൻസ് സോഷ്യൽ ഫൗണ്ടേഷൻ ആണ് മറവൻതുരുത്ത് ഗ്രാമപഞ്ചായത്തിൽ ആർട്ട് സ്ട്രീറ്റ് തയ്യാറാക്കുന്നത്.
കോട്ടയം: മറവൻതുരുത്തിലെ മതിലുകളിൽ ഇനി വർണചിത്രങ്ങൾ വിരിയും. ഇന്ത്യയിലെ വിവിധ ക്യാമ്പസുകളിൽ നിന്നും വിവിധ പ്രദേശങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കലാപ്രവർത്തകർ ചേർന്നാണ് മറവന്തുരുത്ത് ഗ്രാമപഞ്ചായത്തിന്റെ കൂട്ടുമേൽ മുതൽ മൂഴിക്കൽ വരെയുള്ള ഭാഗത്ത് ആർട്ട് സ്ട്രീറ്റ് തയ്യാറാക്കുന്ന പ്രവർത്തനം ആരംഭിച്ചത്. സംസ്ഥാന ടൂറിസം വകുപ്പിന്റെ ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തിൽ മറവന്തുരുത്ത് ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന സ്ട്രീറ്റ് പദ്ധതിയുടെ ഭാഗമായാണ് ആർട്ട് സ്ട്രീറ്റ് തയ്യാറാക്കുന്നത്. ചിത്രകലാ പ്രവർത്തകർ സൗജന്യമായാണ് ചിത്രങ്ങൾ വരച്ച് നൽകുന്നത്. തദ്ദേശവാസികളുടെ ചുറ്റുമതിലിൽ അവർ പെയിന്റ് വാങ്ങി നൽകുന്നതിന് അനുസരിച്ചാണ് ചിത്രങ്ങൾ വരയ്ക്കുന്നത്. സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷനുമായി ചേർന്ന് പ്രവർത്തിക്കുന്ന കേരളത്തിലെ യുവജന കൂട്ടായ്മയായ ക്യാപ്റ്റൻസ് സോഷ്യൽ ഫൗണ്ടേഷൻ ആണ് മറവൻതുരുത്ത് ഗ്രാമപഞ്ചായത്തിൽ ആർട്ട് സ്ട്രീറ്റ് തയ്യാറാക്കുന്നത്.
ഡൽഹിയിലെ വിവിധ സർവകലാശാലകൾ മുതൽ കേരളത്തിലെ വിവിധ ക്യാമ്പസുകളിൽ പഠിക്കുന്നവരും പഠിപ്പിക്കുന്നവരും ആയ ചിത്രകലാ പ്രവർത്തകരും സ്വന്തമായി കമ്പനി നടത്തുന്നവർ, തെരുവിൽ ചിത്രം വരയ്ക്കുന്നത് തങ്ങളുടെ സമൂഹത്തോടുള്ള പ്രതിബദ്ധതയായി കാണുന്നവർ, കോളേജ് വിദ്യാർത്ഥിനികൾ, അമ്മമാർ തുടങ്ങി ഒരു വലിയ കൂട്ടായ്മയാണ് ആർട്ട് സ്ട്രീറ്റ് തയ്യാറാക്കുന്നതിന് വേണ്ടി മറവൻതുരുത്ത് ഗ്രാമപഞ്ചായത്തിലെ കുലശേഖരമംഗലം ഗവൺമെന്റ് എൽപി സ്കൂളിൽ മൂന്ന് ദിവസമായി നടന്ന ചിത്രരചനാ ക്യാമ്പിൽ പങ്കെടുത്തത്. മറവൻതുരുത്തിലെ പക്ഷികൾ, ചിത്രശലഭങ്ങൾ, മറവൻതുരുത്തിന്റെ ചരിത്രം, ആറ്റുവേലയും തീയാട്ടും ഗരുഡൻ തൂക്കവും ഉൾപ്പെടെയുള്ള ഉത്സവങ്ങൾ, കള്ള് ചെത്തും ഓലമെടയലും വലവീശലും അടക്കമുള്ള പരമ്പരാഗത തൊഴിലുകൾ എന്നിങ്ങനെ മറവൻതുരുത്തിന്റെ ടൂറിസം റിസോഴ്സ് ഡയറക്ടറിയിൽ ജനകീയമായി കണ്ടെത്തി അടയാളപ്പെടുത്തിയ വിവിധ പ്രവർത്തനങ്ങളാണ് ആർട്ട് സ്ട്രീറ്റിൽ വരച്ചിടുന്നത്. ചുവരുകൾ ഒരുക്കുന്നതിന് തദ്ദേശീയരായ ചെറുപ്പക്കാരും ചിത്രങ്ങൾ വരയ്ക്കുന്നതിന് തദ്ദേശീയരായ യുവതി യുവാക്കളും സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയവർക്ക് ഒപ്പം ഒത്തുചേർന്നപ്പോൾ
ആർട്ട് സ്ട്രീറ്റ് തയ്യാറാക്കൽ ജനകീയ പ്രവർത്തനമായി മാറി.
ALSO READ: സദ്യയും ഊഞ്ഞാലുമില്ലെങ്കിലും ഈ തമിഴ്നാടൻ ഗ്രാമങ്ങൾക്കും ഓണം ഉത്സവമാണ്
ടൂറിസം മേഖലയിൽ ജനകീയ ബദലുകൾ സൃഷ്ടിക്കുക എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ജനകീയമായി ആർട്ട് സ്ട്രീറ്റ് തയ്യാറാക്കുന്ന പ്രവർത്തനം മറവൻതുരുത്തിൽ ആരംഭിച്ചതെന്ന് സ്ട്രീറ്റ് പദ്ധതി തയ്യാറാക്കിയ ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷൻ കോഡിനേറ്റർ കെ. രൂപേഷ് കുമാർ പറഞ്ഞു. ആർട്ട് സ്ട്രീറ്റിന്റെ ഒന്നാം ഘട്ടം ഞായറാഴ്ച രാത്രി പൂർത്തിയായതായും അടുത്തഘട്ടം സെപ്റ്റംബർ മാസം അവസാന ആഴ്ചയിൽ നടക്കുന്ന അടുത്ത ചിത്രകല ക്യാമ്പോടെ ആരംഭിക്കുമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. രമ പറഞ്ഞു. ആർട്ട് സ്ട്രീറ്റ് തയ്യാറാക്കുന്ന പ്രവർത്തനത്തിനും ക്യാമ്പിനും ഉത്തരവാദിത്വ ടൂറിസം സംസ്ഥാന കോർഡിനേറ്റർ കെ. രൂപേഷ്കുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ബി രമ, ക്യാപ്റ്റൻ എൻജിഒ പ്രവർത്തകർരായ അഫ്സൽ മുഹമ്മദ് ബി, ജാസിം ഉമർ, ഫസ്‌ന, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു പ്രദീപ്, പഞ്ചായത്തംഗം പോൾ തോമസ്, ടൂറിസം വികസന സമിതി കൺവീനർ ടി കെ സുവർണൻ,
കുലശേഖരമംഗലം ഉത്തരവാദിത്ത ടൂറിസം ക്ലബ്ബ് സെക്രട്ടറി വിജയൻ കൊല്ലൂരത്തിൽ, രാജേന്ദ്രപ്രസാദ്, ആർട്ട് സ്ട്രീറ്റ് കൺവീനർ നൗഷാദ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു.
കടൂക്കര വിജ്ഞാന പ്രദായനി വായനശാല, കുലശേഖരമംഗലം ഗവൺമെന്റ് എൽപി സ്കൂൾ, വിവിധ സ്വകാര്യ വ്യക്തികളുടെ ചുവരുകൾ എന്നിവിടങ്ങളിലാണ് ആദ്യഘട്ട ആർട്ട് സ്ട്രീറ്റ് തയ്യാറാക്കിയിട്ടുള്ളത്. കൂട്ടുമേൽ മുതൽ വാട്ടർ സ്ട്രീറ്റ് ആയ മൂഴിക്കൽ വരെ എത്തിച്ചേരും വിധം എല്ലാ ചുവരുകളിലും വ്യക്തികളുടെ അനുമതിക്ക് വിധേയമായി ചിത്രം വരയ്ക്കുകയാണ് ആർട്ട് സ്ട്രീറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. ആർട്ട് സ്ട്രീറ്റ് തയ്യാറായശേഷം സ്ട്രീറ്റ് വോക്കുകളും സ്റ്റോറി ടെല്ലിംഗ് ട്രയലുകളുംആരംഭിക്കും എന്ന് ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷൻ കോഡിനേറ്റർമാർ കെ. രൂപേഷ് കുമാർ പറഞ്ഞു. മൂന്ന് മാസം കൊണ്ടാണ് ആർട്ട് സ്ട്രീറ്റ് പൂർത്തിയാവുക. ഇന്ത്യയിലെ ആദ്യ വാട്ടർ സ്റ്റ്രീറ്റ് മറവൻതുരുത്ത് മൂഴിക്കലിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തിരുന്നു. ടൂറിസം റിസോർസ് ഡയറക്ടറി മന്ത്രി വി.എൻ. വാസവൻ പ്രകാശനം ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...