Attappadi infant death | അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; പുതൂര്‍ നടുമുള്ളി ഊരിൽ മൂന്ന് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു
പുതൂര്‍ നടുമുള്ളി ഊരിലെ മൂന്ന് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. ഈശ്വരി- കുമാര്‍ ദമ്പതികളുടെ മകനാണ് മരിച്ചത്
പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശുമരണം. പുതൂര്‍ നടുമുള്ളി ഊരിലെ മൂന്ന് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. ഈശ്വരി- കുമാര്‍ ദമ്പതികളുടെ മകനാണ് മരിച്ചത്. കോട്ടത്തറ ട്രൈബര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് കുഞ്ഞ് മരിച്ചത്.
മൂന്നാം തീയതിയാണ് ഈശ്വരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബ്ലഡ് പ്രഷര്‍ കുറവായിരുന്നതടക്കം ഈശ്വരിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഏഴാം തീയതി സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. രണ്ട് കിലോ മാത്രമായിരുന്നു കുഞ്ഞിന്റെ ഭാരം. അട്ടപ്പാടിയില്‍ ഈ വര്‍ഷത്തെ ആദ്യ ശിശുമരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഒമ്പത് ശിശുമരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ വർഷം അട്ടപ്പാടിയിൽ 24 മണിക്കൂറിനിടെ മൂന്ന് കുഞ്ഞുങ്ങൾ മരിച്ചിരുന്നു. തുടർന്ന് വലിയ വിമർശനങ്ങളാണ് ആരോഗ്യവകുപ്പിനും പട്ടികജാതി വികസന വകുപ്പിനും എതിരെ ഉയർന്നത്. തുടർച്ചയായ ശിശു മരണങ്ങളുടെ പശ്ചാത്തലത്തിൽ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
അട്ടപ്പാടിക്കായി കർമ്മ പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. അട്ടപ്പാടിയിൽ തുടർച്ചയായി ശിശു മരണം ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് മന്ത്രി പ്രഖ്യാപനം നടത്തിയത്. ആദിവാസികളെ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...