തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായി ഉച്ചഭാഷിണികള്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ ബന്ധപ്പെട്ട പോലീസ് അധികാരിയുടെ അനുമതി വാങ്ങിയിരിക്കണം.  ഉച്ചഭാഷിണികള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം ഓരോ പ്രദേശത്തും നിയമപ്രകാരം അനുവദിനീയമായ ശബ്ദപരിധിയില്‍ നിന്നും 10 ഡെസിബലില്‍ കൂടാനും പാടില്ല. വ്യാവസായിക മേഖലയില്‍ പകല്‍ പരമാവധി 75 ഡെസിബല്‍, രാത്രിയില്‍ 70 ഡെസിബല്‍, വാണിജ്യ മേഖലകളില്‍ പകല്‍  65 ഡെസിബല്‍, രാത്രിയില്‍ 55 ഡെസിബല്‍, താമസ മേഖലകളില്‍ പകല്‍ 55 ഡെസിബല്‍, രാത്രിയില്‍ 45 ഡെസിബല്‍, നിശബ്ദ മേഖലയില്‍ പകല്‍ 50 ഡെസിബല്‍, രാത്രി 40 ഡെസിബല്‍ എന്നിങ്ങനെയാണ് നിയമപ്രകാരം നിശ്ചയിച്ചിട്ടുള്ള ശബ്ദപരിധി. ഉച്ചഭാഷിണികളുടെ ഉപയോഗം മൂലമുള്ള ശബ്ദമലിനീകരണം സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ബന്ധപ്പെട്ട പോലീസ് അധികാരിക്ക് പരാതി നല്‍കാവുന്നതാണെന്നും ആറ്റുകാല്‍ പൊങ്കാല നോഡല്‍ ഓഫീസര്‍ കൂടിയായ സബ് കളക്ടര്‍ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: ആറ്റുകാല്‍ പൊങ്കാല: ഐശ്വര്യപ്രദമായ ഉത്സവം ആശംസിച്ച് മുഖ്യമന്ത്രി


ആറ്റുകാൽ പൊങ്കാല ഉത്സവം: വിപുലമായ സജ്ജീകരണവുമായി ആരോഗ്യവകുപ്പ് 


ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് വിപുലമായ സേവനങ്ങളാണ് ആരോഗ്യവകുപ്പ് ഭക്തജനങ്ങൾക്കായി സജ്ജമാക്കിയിരിക്കുന്നത്. മെഡിക്കൽ ടീം, പബ്ലിക് ഹെൽത്ത് ടീം, സാനിട്ടേഷൻ ടീം എന്നിങ്ങനെ സംഘങ്ങളായി തിരിഞ്ഞാകും  പ്രവർത്തിക്കുക. ഫെബ്രുവരി 17 മുതൽ 26 വരെ രാവിലെ ഏഴ് മുതൽ 10 വരെ രണ്ട് ഷിഫ്റ്റുകളിലായി ഡോക്ടർമാർ, സ്റ്റാഫ് നഴ്സ്, അറ്റന്റർ എന്നിവരുടെ സേവനം ക്ഷേത്രപരിസരത്തുണ്ടാകും. രണ്ട് 108 ആംബുലൻസുകളുടെ മുഴുവൻ സമയ സേവനവും ലഭ്യമാകും. അഡീഷണൽ ഡി.എം.ഒയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം, വിവിധ സംഘങ്ങളുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കും. 9447220462 ആണ് കൺട്രോൾ റൂം നമ്പർ. 


കുത്തിയോട്ട വ്രതമനുഷ്ഠിക്കുന്ന കുട്ടികൾക്ക് വൈദ്യസഹായത്തിനായി ഒരു സമയം രണ്ട് ശിശുരോഗ വിദഗ്ദ്ധർ, സ്റ്റാഫ് നഴ്സ്, നഴ്സിംഗ് അസിസ്റ്റന്റ് ഉൾപ്പെടുന്ന മെഡിക്കൽ സംഘവും 24 മണിക്കൂറും പ്രവർത്തിക്കും. ഫെബ്രുവരി 26ന് മണക്കാട് ക്ഷേത്രപരിസരത്തും മെഡിക്കൽ ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. 


ഡോക്ടർമാർ അടങ്ങിയ 10 മെഡിക്കൽ സംഘങ്ങൾ, ആംബുലൻസ് സംവിധാനത്തോടുകൂടി ഫെബ്രുവരി 24 മുതൽ പൊങ്കാല അവസാനിക്കുന്നത് വരെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാകും. ആരോഗ്യവകുപ്പിന്റെയും അഗ്നിരക്ഷാസേനയുൾപ്പെടെ ഇതര വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും ആംബുലൻസുകൾ ഫെബ്രുവരി 24 വൈകിട്ട് മുതൽ വിവിധ പോയിന്റുകളിൽ സജ്ജമായിരിക്കും. 


നഗര പരിധിയിലെ 16 അർബൻ ഹെൽത്ത് സെന്ററുകൾ പ്രാഥമിക ശുശ്രൂഷ നൽകുന്ന ഫീൽഡ് ഹോസ്പിറ്റലുകളായി പ്രവർത്തിക്കും. ഫോർട്ട് താലൂക്ക് ആശുപത്രി, നേമം താലൂക്ക് ആശുപത്രി, ജനറൽ ആശുപത്രി, തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ഐരാണിമുട്ടം സാമൂഹികാരോഗ്യ കേന്ദ്രം, തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികൾ എന്നിവ അതിതീവ്രമല്ലാത്ത സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്ന കേന്ദ്രങ്ങളായും പ്രവർത്തിക്കും.  


അതിതീവ്ര അടിയന്തരസാഹചര്യങ്ങളെ നേരിടാനുള്ള കേന്ദ്രമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രവർത്തിക്കും. പൊള്ളൽ സംബന്ധമായ സാഹചര്യങ്ങളുണ്ടായാൽ അത് നേരിടുന്നതിന് 30 കിടക്കകളും പ്രത്യേക ഐ.സി.യുവും സജ്ജമാക്കിയിട്ടുണ്ട്. ഇതിന് പുറമേ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ അഞ്ച് ഡോക്ടർമാരും നഴ്സുമാരുമടങ്ങുന്ന മെഡിക്കൽ ടീമിന്റെ സേവനവും ഉത്സവദിനങ്ങളിൽ ക്ഷേത്രപരിസരത്തുണ്ടാകും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.