Baby Elephant: അമ്മയെ കാത്തിരുന്നു, 13 ദിവസം കഴിഞ്ഞും അമ്മ വന്നില്ല; കുട്ടിക്കൊമ്പൻ ചരിഞ്ഞു
Baby elephant died: കാട്ടാനക്കൂട്ടം ഉപേക്ഷിച്ചതിനെ തുടർന്ന് കഴിഞ്ഞ പതിനാറിനാണ് വനപാലകർ കാട്ടാനക്കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തത്. ഒരുവയസ് മാത്രം പ്രായമുള്ള ആനക്കുട്ടിക്ക് കൃഷ്ണയെന്ന് പേരിടുകയും ചെയ്തു.
പാലക്കാട്: അട്ടപ്പാടിയിൽ ആനക്കൂട്ടത്തിൽ നിന്ന് കൂട്ടംതെറ്റിയ കുട്ടിക്കൊമ്പൻ ചരിഞ്ഞു. അമ്മയടക്കമുള്ള ആനക്കൂട്ടം കുട്ടിയാനയെ തേടി വരാതായതോടെ വനപാലകരാണ് കുട്ടിയാനയെ സംരക്ഷിച്ചിരുന്നത്. ബൊമ്മിയാംപടി ക്യാമ്പ് ഷെഡ്ഡിലാണ് ചികിത്സ നൽകിയിരുന്നത്. എന്നാൽ, അസുഖം മൂർച്ഛിച്ച് ചൊവ്വാഴ്ച കുട്ടിയാന ചരിഞ്ഞു. 13 ദിവസമായി അമ്മയെ കാത്തിരിക്കുകയായിരുന്നു കുട്ടിക്കൊമ്പൻ.
കാട്ടാനക്കൂട്ടം ഉപേക്ഷിച്ചതിനെ തുടർന്ന് കഴിഞ്ഞ പതിനാറിനാണ് വനപാലകർ കാട്ടാനക്കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തത്. ഒരുവയസ് മാത്രം പ്രായമുള്ള ആനക്കുട്ടിക്ക് കൃഷ്ണയെന്ന് പേരിടുകയും ചെയ്തു. വനംവകുപ്പിന് ലഭിക്കുമ്പോൾ ആനക്കുട്ടി വളരെ ക്ഷീണിതനായിരുന്നു. ആനക്കുട്ടിയെ അമ്മ വന്ന് കൊണ്ടുപോകുമെന്നായിരുന്നു വനംവകുപ്പിന്റെ നിഗമനം.
എന്നാൽ, നാല് ദിവസം കാത്തിരുന്നിട്ടും അമ്മയാന വരാതായതോടെ ചികിത്സക്കായി ബൊമ്മിയാംപടിയിലേക്ക് മാറ്റി. ചികിത്സയുടെ ആദ്യഘട്ടത്തിൽ ആരോഗ്യനിലയിൽ പുരോഗതിയുണ്ടാകുകയും ആനക്കുട്ടി ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. എന്നാൽ, കഴിഞ്ഞ രണ്ട് ദിവസമായി വീണ്ടും ക്ഷീണിതനായി. വെറ്ററിനറി ഡോക്ടർ പ്രത്യേക പരിചരണം നൽകിയെങ്കിലും ആനക്കുട്ടി ചരിഞ്ഞു.
തള്ളയാനയ്ക്കൊപ്പം ജനവാസ മേഖലയിലെത്തിയ കുട്ടിയാന കൂട്ടം വിട്ട് പോവുകയായിരുന്നു. തൊഴിലുറപ്പ് ജോലികള്‍ക്ക് പോയ നാട്ടുകാരാണ് കുട്ടിയാന തനിയെ നില്‍ക്കുന്നത് കണ്ടത്. തുടർന്ന്, ഇവർ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. ആദ്യം കൂട്ടം തെറ്റിയപ്പോൾ മണിക്കൂറുകൾ കഴിഞ്ഞ് തള്ളയാന വന്ന് കുഞ്ഞിനെ കാടുകയറ്റി കൊണ്ടുപോയിരുന്നു. എന്നാൽ കുട്ടിയാന തൊട്ടടുത്ത ദിവസം വീണ്ടും ജനവാസമേഖലയിൽ എത്തി.
രണ്ടാമതും കൃഷ്ണക്കരികിൽ വരെ അമ്മയാന എത്തിയിരുന്നെങ്കിലും കൃഷ്ണയെ കൂട്ടാതെ വനത്തിലേക്ക് തന്നെ മടങ്ങുകയായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കിലാണ് ആനക്കൂട്ടം ഒഴിവാക്കുന്നത്. എന്നാൽ, കുട്ടിയാനക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലെന്ന് വെറ്ററിനറി ഡോക്ടർ പരിശോധിച്ച് ഉറപ്പ് വരുത്തിയിരുന്നു. ആനയെ പരിപാലന കേന്ദ്രങ്ങളിലേക്ക് മാറ്റാൻ വനംവകുപ്പ് തീരുമാനിച്ചിരിക്കെയായിരുന്നു കുട്ടിക്കൊമ്പൻ ചരിഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...