ഈ ധൈര്യം എന്നുമുണ്ടാകട്ടെ, മഞ്ജു വാര്യരെ പിന്തുണച്ച് ഭാഗ്യലക്ഷ്മി
വ്യക്തിപരമായ വിയോജിപ്പുകളും എതിര്‍പ്പുകളും കാണിക്കേണ്ടത് സിനിമയോടല്ലെന്ന് പറഞ്ഞുകൊണ്ട് രാമലീലയുടെ റിലീസിനെ പിന്തുണച്ച ചലച്ചിത്ര താരം മഞ്ജു വാര്യരെ അഭിനന്ദിച്ച് നടിയും ഡബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ഫേസ്ബുക്കിലൂടെയാണ് ഭാഗ്യലക്ഷ്മി മഞ്ജുവിന് അഭിനന്ദനങ്ങള്‍ അറിയിച്ചത്.
രാമലീലയുടെ റിലീസിനെ സ്വാഗതം ചെയ്യുന്ന മഞ്ജുവിന്‍റെ നിലപാടിനെ ബഹുമാനിക്കുന്നുവെന്നും കഥയറിയാതെ വിമര്‍ശിക്കുന്നവരോട് പ്രതികരിക്കാതെ സ്വന്തം വഴിയില്‍ സഞ്ചരിക്കുന്നത് ഉള്ളില്‍ സത്യമുണ്ടെന്ന് വിശ്വസിക്കുന്നതുകൊണ്ടാണെന്നും ഭാഗ്യലക്ഷ്മി കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:
Well said Manju...നിന്റെ ഈ നിലപാടിനെ ഞാൻ ബഹുമാനിക്കുന്നു..
കഥയറിയാതെ നിന്നെ വിമർശിക്കുന്നവരോടും അപഹസിക്കുന്നവരോടും പ്രതികരിക്കാതെ നീ നിന്റേതായ വഴിയിൽ സഞ്ചരിക്കുന്നത് നിന്നിൽ സത്യമുണ്ടെന്ന് നീ ഉറച്ച് വിശ്വസിക്കുന്നത്കൊണ്ടാണ്...ഈ പോസ്റ്റിൽ പോലും നിന്നെ കുറ്റപ്പെടുത്തിയും സംശയിച്ചും കമന്റുകൾ വായിച്ച് നീ ചിരിക്കുന്നത് എനിക്ക് കാണാം..ആ പക്വതയും സമ ചിത്തതയുമാണ് എനിക്ക് നിന്നോടുളള സ്നേഹം..നിനക്കെതിരെ വരുന്ന ഓരോ സംശയത്തിനും കുറ്റപ്പെടുത്തലുകൾക്കും മറുപടി പറയേണ്ട കാര്യമില്ല എന്ന് നീ ഒരിക്കൽ പറഞ്ഞത് ഞാനോർക്കുന്നു..
അത് നിന്നെ എതിർക്കുന്നവരേക്കാൾ നിന്നെ വിശ്വസിക്കുന്നവരും സ്നേഹിക്കുന്നവരുമാണധികവും എന്ന് നിനക്ക് നന്നായി അറിയാവുന്നതുകൊണ്ടാണ്...ഈ ധൈര്യം എന്നുമുണ്ടാവട്ടെ..
സിനിമ തിയറ്ററിലെത്തിക്കാനും അതു പ്രേക്ഷകന്‍ കാണണമെന്ന് ആഗ്രഹിക്കാനും എല്ലാവർക്കും അവകാശമുണ്ട്. അതിനെ നിഷേധിക്കാന്‍ നമുക്കു അധികാരമില്ലെന്ന് മഞ്ജു വാര്യര്‍ ഇന്നലെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. നടിയെ അക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന ദിലീപ് അഭിനയിച്ച രാമലീല സപ്തംബര്‍ 28ന് തിയ്യറ്ററുകളില്‍ എത്തും. അന്ന് തന്നെയാണ് മഞ്ജു വാര്യര്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ഉദാഹരണം സുജാതയുടെ റിലീസും.