ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ച് പ്രസ്താവന നടത്തിയ പൂഞ്ഞാര്‍ എംഎല്‍എയോട് പീഡനമെന്നത് താങ്കള്‍ക്കൊരു തമാശയാണോയെന്ന് ഭാഗ്യലക്ഷ്മിയുടെ മറുചോദ്യം.


COMMERCIAL BREAK
SCROLL TO CONTINUE READING

ക്രൂരമായ പീഡനത്തിന് ഇരയായെന്നാണ് നടിയുടെ പരാതിയെന്നും, ക്രൂരമായ പീഡനത്തിന് ഇരയായെങ്കില്‍  അടുത്ത ദിവസം എങ്ങനെ അഭിനയിക്കാന്‍ പോയിയെന്നും, ഏത് ആശുപത്രിയിലാണ് നടി ചികിത്സ തേടിയതെന്നും പി സി ജോര്‍ജ് ചോദിച്ചിരുന്നു.  അതേസമയം ദിലീപ് നിരപരാധിയാണെന്നും ദിലീപിനെതിരെ ഗൂഢാലോചന നടക്കുന്നതായും പി.സി ജോര്‍ജ് പറഞ്ഞിരുന്നു. 


പി സി ജോര്‍ജ് എംഎല്‍എയുടെ ഈ പ്രസ്താവനയ്ക്കുള്ള മറുപടിയാണ്‌ ഭാഗ്യലക്ഷ്മിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. പീഡനമെന്നത് താങ്കള്‍ക്കൊരു തമാശയാണോയെന്ന് അവര്‍ എംഎല്‍എയോട് ചോദിച്ചു. 


"അപമാനിക്കപ്പെട്ടതിനു പുറമേ, പെണ്‍കുട്ടിക്കെതിരെ ഇത്ര നീചമായ പ്രസ്താവനകള്‍ കേള്‍ക്കുമ്പോള്‍ എങ്ങനെ പ്രതികരിക്കാതെയിരിക്കും…
പെണ്‍കുട്ടിക്കെതിരെ പരിഹാസവുമായി MLA PC GEORGE..


"പീഡനമെന്നത് താങ്കള്‍ക്കൊരു തമാശയാണോ? അതോ അവര്‍ ഒരു നടി ആയതുകൊണ്ടാണോ..? താങ്കളുടെ പെണ്‍മക്കള്‍ക്കാണിത് സംഭവിച്ചതെങ്കില്‍ താങ്കളവരെ വീട്ടില്‍ പൂട്ടിയിടുമോ? അവര്‍ നുണയാണ് പറയുന്നതെന്ന് അപ്പോഴും താങ്കള്‍ പറയുമോ?


ജോര്‍ജ് സാറേ താങ്കള്‍ ഉളള കാര്യം പച്ചക്ക് വിളിച്ച് പറയുന്നവനാണെന്ന് സ്വയം അഭിമാനിക്കുന്നത് മാധ്യമങ്ങളിലൂടെ കണ്ടിട്ടുണ്ട്. അതിന് കൈയ്യടിക്കുന്നവരേയും കണ്ടിട്ടുണ്ട്….പക്ഷേ ഇതിത്തിരി ക്രൂരമായ പ്രസ്താവനയായിപ്പോയി സാറേ… ഇതിന് ജനം കൈയ്യടിക്കുമെന്ന് കരുതരുത്.. ആരെ സംരക്ഷിക്കാനാണീ നാടകം? എന്നും അവര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.