ഭരതനാട്യത്തിൽ കഴിവുതെളിയിച്ച് ടീച്ചറും വിദ്യാർത്ഥിനിയും; വേൾഡ്, ഏഷ്യ, ഇന്ത്യൻ റെക്കോഡുകൾ സ്വന്തമാക്കി
ബി.എ. മോഹിനിയാട്ടം അവസാന വർഷ വിദ്യാർത്ഥിനിയായ ദേവിക സുരേഷും പത്താം ക്ലാസ് വിദ്യാർത്ഥിനിയായ അരുണ സുരേഷും ആണ് ഭരതനാട്യം കളിച്ച് റെക്കോഡുകൾ വാരിക്കൂട്ടിയത്
തിരുവനന്തപുരം: ഒരു കൊറിയോഗ്രാഫറിന് കീഴിൽ അഞ്ഞൂറിൽപ്പരം വിദ്യാർത്ഥികൾ അണിനിരന്ന് ഭരതനാട്യം അവതരിപ്പിച്ച് ലോക, ഏഷ്യൻ, ഇന്ത്യൻ റെക്കോഡുകളിൽ ഇടം പിടിച്ചു. ഈ അപൂർവ്വ നേട്ടത്തിന് നെയ്യാറ്റിൻകരയിലെ തിരുപുറം സ്വദേശികളായ നൃത്ത അധ്യാപികയും വിദ്യാർത്ഥിനിയും അർഹയായിരിക്കുകയാണ്. ബി.എ. മോഹിനിയാട്ടം അവസാന വർഷ വിദ്യാർത്ഥിനിയായ ദേവിക സുരേഷും പത്താം ക്ലാസ് വിദ്യാർത്ഥിനിയായ അരുണ സുരേഷും ആണ് ഭരതനാട്യം അവതരിപ്പിച്ച് റെക്കോഡുകൾ വാരിക്കൂട്ടിയത്. പത്താം ക്ലാസുകാരിയായ അരുണയുടെ നൃത്താധ്യാപികയാണ് ബി.എ. മോഹിനിയാട്ടം അവസാന വർഷ വിദ്യാർത്ഥിനിയായ ദേവികയെന്നതും കൗതുകകരമാണ്.
കേരളത്തിലെ 14 ജില്ലകളിൽ വിവിധ അധ്യാപകർക്ക് കീഴിൽ നൃത്തം അഭ്യസിച്ച വിദ്യാർത്ഥികൾ ആണ് ഈ റെക്കോഡിന് പിന്നിൽ ഉള്ളത്. തിരുവനന്തപുരത്തെ ഒരു സ്വകാര്യ മാധ്യമ സ്ഥാപനമാണ് കേരളത്തിലെ അഞ്ഞൂറിൽപ്പരം നർത്തകികൾക്ക് ഈ സുവർണ്ണാവസരം ഒരുക്കിയത്. ഏതാണ്ട് ഒരു വർഷം മുൻപേ ഈ റെക്കോഡിന് വേണ്ടിയുള്ള പരിശ്രമം തുടങ്ങിയെങ്കിലും കൊവിഡ് സാഹചര്യം കാരണം അത് നീണ്ട് പോകുകയായിരുന്നു. എങ്കിലും എല്ലാ പ്രതിസന്ധികളെയും മറികടന്ന് ഈ വർഷം മാർച്ച് മാസത്തോടെ അഞ്ഞൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്ത ഈ ഭരതനാട്യം ലോക റെക്കോഡിനും ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡിനും ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡിനും തെരഞ്ഞെടുക്കപ്പെട്ടു. അടുത്ത മാസം ഇരുപതാം തീയതി ആണ് ഇവർക്ക് പുരസ്കാരം നൽകി ആദരിക്കുന്നത്.
റെക്കോർഡുകൾ സ്വന്തമാക്കാൻ സാധിച്ചതിലെ സന്തോഷം ദേവികയും അരുണയും പങ്കുവച്ചു. അഭിനന്ദനാർഹമായ ഈ നേട്ടം കൈവരിച്ചിട്ടും ഇവരുടെ സ്വന്തം നാട്ടിൽ നിന്ന് ഇവർക്ക് യാതൊരു തരത്തിലെ അംഗീകാരങ്ങളും നൽകുന്നില്ല എന്നത് സന്തോഷത്തിനിടയിലും വിഷമം ഉണ്ടാക്കുന്ന ഒരു കാര്യമാണ്. പക്ഷെ അതിൽ യാതൊരു വിധ പരാതിയും ഇല്ലാതെ തങ്ങൾക്ക് അർഹമായത് എന്നായാലും തങ്ങളെത്തേടി വരുമെന്ന ശുഭ പ്രതീക്ഷയിലാണ് ഈ മിടുക്കികൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA