മുംബൈ: ബിനോയ്‌ കോടിയേരിക്കെതിരെയുള്ള പീഡന പരാതിയിലെ കുരുക്ക് മുറുകുന്നു.  ബിനോയ്‌ കൊടിയേരിയോട് മൂന്ന് ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് മുംബൈ പൊലീസ് നിര്‍ദ്ദേശിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

മുംബൈ ഒഷിവാര പൊലീസാണ് ബിനോയിയോട് ഫോണിലൂടെ ഹാജരാകാന്‍ ആവശ്യപ്പെട്ടതെന്നാണ് വിവരം. അതിനിടെ അറസ്റ്റ് ഒഴിവാക്കാന്‍ ബിനോയ്‌ മുന്‍‌കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നുണ്ടെന്ന് സൂചനയുണ്ട്. 


കേസ് സിപിഎമ്മിനെതിരെ കോൺഗ്രസ് ആയുധമാക്കിയപ്പോൾ പാർട്ടിക്ക് ബന്ധമില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് സിപിഎം നേതാക്കൾ. യുവതിയുടെ പരാതിയിന്‍മേല്‍ തെളിവുകള്‍ ശേഖരിക്കുകയാണ് മുംബൈ പൊലീസ്. 


ബിനോയിയുമായി വാട്സ് അപ് സന്ദേശങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് യുവതി അറിയിച്ചിട്ടുള്ളതിനാല്‍ ഡിജിറ്റല്‍ തെളിവുകളും പൊലീസ് ശേഖരിക്കുന്നുണ്ട്. അതേസമയം ആരോപണം ഉന്നയിച്ച യുവതിയെ താന്‍ കല്യാണം കഴിച്ചിട്ടില്ലെന്നും അവരില്‍ തനിക്കു മകനില്ലെന്നും ബിനോയ് കോടിയേരി ചൂണ്ടിക്കാട്ടി. 


എന്നാല്‍ ബിനോയിയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകള്‍ തന്‍റെ കൈവശമുണ്ടെന്നു യുവതി നേരത്തെ അവകാശപ്പെട്ടിരുന്നു.  ഈ സാഹചര്യത്തില്‍ കുട്ടിയുടെ പിതൃത്വം തെളിയിക്കാന്‍ ഡിഎന്‍എ പരിശോധനയ്ക്ക് പൊലീസ് ഒരുങ്ങാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. എന്ത് അന്വേഷണത്തിനും താന്‍ സഹകരിക്കാമെന്ന് യുവതി വ്യക്തമാക്കിയിട്ടുണ്ട്. 


2009 മുതല്‍ 2018 വരെ ബിനോയ്‌ തന്നെ പീഡിപ്പിച്ചതായാണ് യുവതി പരാതിയില്‍ പറയുന്നത്. ബന്ധത്തില്‍ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നും യുവതി പറയുന്നു. പരാതിക്കാരിയായ യുവതി ബാര്‍ ഡാന്‍സ് ജീവനക്കാരിയാണ്.