കോട്ടയം: കന്യാസ്ത്രീ നല്‍കിയ പീഡന പരാതിയില്‍ അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാകണമെന്ന നോട്ടീസ് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കൈപ്പറ്റി. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളാ പൊലീസ് നല്‍കിയ നോട്ടീസ് ജലന്ധര്‍ പൊലീസാണ് ബിഷപ്പിന് കൈമാറിയത്. നോട്ടീസനുസരിച്ച് 19ന് ബിഷപ്പ് കേരളത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകുമെന്നാണ് സൂചന.


ബുധനാഴ്ച രാവിലെ പത്തു മണിക്കകം ഹാജരാകാനാണ് നോട്ടീസ്. ബിഷപ്പിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നതോടെ അറസ്റ്റ് ഉൾപ്പെടെയുള്ള ഘട്ടങ്ങളിലേക്ക് കടക്കാനാവും അന്വേഷണസംഘത്തിന്‍റെ നീക്കമെന്നാണ് റിപ്പോര്‍ട്ട്.


അതേസമയം, പീഡനപരാതിയില്‍ ബിഷപ്പിനെതിരെ വത്തിക്കാന്‍. ബിഷപ്പിനോട് അധികാരസ്ഥാനത്തുനിന്നും മാറി നില്‍ക്കാന്‍ വത്തിക്കാന്‍ ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. രണ്ട് ദിവസത്തിനകം നടപടി ഉണ്ടായേക്കും. കൂടാതെ, പീഡന കേസ് സംബന്ധിച്ച് കേരള സഭാ നേതൃത്വത്തില്‍ നിന്ന് വത്തിക്കാന്‍ അടിയന്തരമായി വിവരങ്ങള്‍ തേടിയിട്ടുണ്ട്.


ബിഷപ്പിനെതിരായ പരാതിയില്‍ വത്തിക്കാന്‍റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കന്യാസ്ത്രീ കത്ത് നല്‍കിയിരുന്നു. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിക്കും സഭയുമായി ബന്ധപ്പെട്ട മറ്റ് 21 ആളുകള്‍ക്കുമാണ് കന്യാസ്ത്രീ കത്ത് നല്‍കിയിരുന്നത്.