Franco Mulakkal case updates | ഫ്രാങ്കോ കുറ്റവിമുക്തനാക്കപ്പെട്ടപ്പോൾ എംവി ജയരാജൻ സ്മരിക്കപ്പെടുന്നു - കാരണം
ജയരാജൻ മുൻപ് ജഡ്ജിമാർക്കെതിരെ നടത്തിയ പരാമർശമാണ് അദ്ദേഹത്തിന്റെ ചിത്രം പങ്കുവെച്ച് കൊണ്ട് പലരും ഓർമപ്പെടുത്തുന്നത്.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറ്റ വിമുക്തനാക്കിയുള്ള കോടതി വിധിയിൽ സമൂഹ മാധ്യമങ്ങളിലടക്കം വിമർശനങ്ങൾ ഉയരുകയാണ്. ഈ സാഹചര്യത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പലരും പങ്കുവയ്ക്കുന്നത് സിപിഎം നേതാവ് എംവി ജയരാജന്റെ ചിത്രമാണ്. ജയരാജൻ മുൻപ് ജഡ്ജിമാർക്കെതിരെ നടത്തിയ പരാമർശമാണ് അദ്ദേഹത്തിന്റെ ചിത്രം പങ്കുവെച്ച് കൊണ്ട് പലരും ഓർമപ്പെടുത്തുന്നത്.
പെട്രോൾ വിലവർധനയിൽ പ്രതിഷേധിച്ച് 2010 ജൂൺ 26ന് കണ്ണൂരിൽ ചേർന്ന യോഗത്തിലാണ് ജയരാജൻ വഴിയോര യോഗ നിരോധന ഉത്തരവിനെതിരെ ആഞ്ഞടിക്കുകയും ജഡ്ജിമാരെ ആക്ഷേപിക്കുന്ന തരത്തിൽ പരാമർശം നടത്തുകയും ചെയ്തത്.
റോഡിലും റോഡരികിലും വഴിതടയുന്ന യോഗവും പ്രകടനവും നിരോധിച്ചുകൊണ്ട് വിധി പുറപ്പെടുവിച്ച ജഡ്ജിമാരെയും കോടതിയെയും അവഹേളിക്കും വിധം പൊതുപ്രസംഗം നടത്തിയതിന്റെ പേരിൽ ജയരാജനെതിരെ ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യത്തിന് കേസെടുക്കുകയായിരുന്നു. ഇതിൽ ജയരാജൻ നൽകിയ വിശദീകരണവും വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.
Also Read: Nun Rape Case | കന്യാസ്ത്രീ ബലാത്സംഗ കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ കുറ്റ വിമുക്തൻ
കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റവിമുക്തനാണെന്ന വിധി പ്രസ്താവിച്ചത്. അപ്രതീക്ഷിതമായ വിധിയായാണ് പ്രോസീക്യൂഷൻ അടക്കം വിലയിരുത്തുന്നത്. പ്രതിക്കെതിരായ കുറ്റങ്ങൾ നിലനിൽക്കില്ലെന്നാണ് കോടതി നിരീക്ഷണം. ശാസ്ത്രീയ തെളിവുകളുടെ അഭാവമാണ് കേസിൽ വിനയായതെന്നാണ് സൂചന. ദൈവത്തിന് സ്തുതിയെന്നാണ് വിധി പ്രസ്താവം കേട്ട് ബിഷപ്പ് പ്രതികരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...