റാന്നി: ചിത്തിര ആട്ട വിശേഷത്തിന് സന്നിധാനത്ത് നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ റിമാന്‍ഡ് ചെയ്തു‍. ഡിസംബര്‍ 6 വരെയാണ് സുരേന്ദ്രനെ റിമാന്‍ഡ് ചെയ്തത്. സുരേന്ദ്രന്‍റെ ജാമ്യാപേക്ഷ റാന്നി കോടതി നാളെ പരിഗണിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊട്ടാരക്കര ജയിലില്‍ നിന്ന് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. റാന്നി ഗ്രാമന്യായാലയ കോടതിയാണ് കേസ് പരിഗണിച്ചത്. ചോദ്യം ചെയ്യണം എന്ന പൊലീസിന്‍റെ ആവശ്യവും ജയിൽ മാറ്റണമെന്ന സുരേന്ദ്രന്‍റെ ആവശ്യവും നാളെ റാന്നി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പരിഗണിക്കും.


തന്നെ ജയിലില്‍ അടയ്ക്കാന്‍ ആസൂത്രിത നീക്കമാണെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. യുവതീപ്രവേശനം ആസൂത്രിതമായി നടപ്പാക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. സര്‍ക്കാര്‍ നീക്കം നടക്കാന്‍ പോകുന്നില്ല. സത്യം പുറത്തുകൊണ്ടുവന്ന് കൂടുതല്‍ ശക്തമായി പൊതുരംഗത്തെത്തുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.


ചിത്തിര  ആട്ടവിശേഷത്തില്‍ 52കാരിയെ തടഞ്ഞസംഭവത്തില്‍ കെ. സുരേന്ദ്രന്‍ ഗുഢാലോചന നടത്തിയെന്ന് കാണിച്ചാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 


അതിനിടെ, ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ 4 ദിവസത്തേക്കു കൂടി നീട്ടിയെങ്കിലും ഒറ്റയ്ക്കോ കൂട്ടായോ ശരണം വിളിക്കുന്നതിൽ കേസെടുക്കില്ലെന്ന് അറിയിച്ച പൊലീസ് വ്യാഴാഴ്ച രാത്രി സന്നിധാനത്ത് ശരണംവിളിച്ച 100 പേർക്കെതിരെ കേസെടുത്തു. 


രാത്രി പത്തരയ്ക്കാണ് ഇവർ സന്നിധാനത്ത് ശരണം വിളിച്ചത്. കണ്ടാലറിയാവുന്ന 100 പേർക്കെതിരെയാണ് സന്നിധാനം പൊലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം, തിങ്കളാഴ്ച അർധരാത്രി വരെ സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവിടങ്ങളിൽ വീണ്ടും 144 പ്രഖ്യാപിച്ച് പത്തനംതിട്ട കലക്ടറുടെ ഉത്തരവ് ഇന്നലെ ഇറങ്ങിയിരുന്നു. എന്നാൽ നിരോധനാജ്ഞ ജനുവരി 14 വരെ നീട്ടണമെന്നാണു പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ടി.നാരായണൻ കലക്ടർക്കു റിപ്പോർട്ട് നൽകിയിരുന്നത്.