ന്യൂഡൽഹി: രാഹുൽ ​ഗാന്ധി അമേഠിയിൽ നിന്നും ഒളിച്ചോടി പോയതാണെന്ന് ബിജെപി നേതാവ് രവി ശങ്കർ പ്രസാദ്. മുസ്ലീങ്ങളും ക്രിസ്ത്യാനികളും കൂടുതൽ ഉള്ളതിനാലാണ് വയനാട്ടിലേക്ക് പോയതെന്നും, അമേഠിയിൽ നിന്നും പോരിനിറങ്ങാനുള്ള ദൈര്യം അദ്ദേഹത്തിന് ഉണ്ടാകണമായിരുന്നുവെന്നും വാർത്താസമ്മേളനത്തിൽ രവി ശങ്കർ ആരോപിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

രവി ശങ്കറിന്റെ വാക്കുകൾ ഇങ്ങനെ...


രാഹുൽ ​ഗാന്ധി അമേഠിയിൽ നിന്നും എന്തിനാണ് ഒളിച്ചോടിയത്. അദ്ദേഹം നേരത്തെ അവിടെ നിന്ന് വിജയിച്ച ആളാണ്. അദ്ദേഹത്തിന്റെ പിതാവും അമ്മാവൻ സഞ്ജയ് ​ഗാന്ധിയും ഈ സീറ്റിനെ പ്രതിനിധീകരിച്ചതാണ്. അങ്ങനെയുള്ള അമേഠിയിൽ പോരിനിറങ്ങാനുള്ള ധൈര്യം രാഹുൽ ​ഗാന്ധിക്ക് ഉണ്ടാകണമായിരുന്നു. രാഹുൽ ​ഗാന്ധി വയനാട് എന്തുകൊണ്ടാണ് വയനാട് തിരഞ്ഞെടുത്തതെന്നറിയുമോ...? അവിടെ കൂടുതലായി മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഉള്ളതിനാലാണ്. 


എന്നാൽ ഇത്തവണ അദ്ദേഹത്തിന്റെ മത്സരം കടുക്കുമെന്നാണ് സർവ്വേകൾ നൽകുന്ന സൂചന. വയനാട്ടിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. ദേശിയ നേതാവ് ആനിരാജയാണ് സിപിഐ സ്ഥാനാർത്ഥി. എൻഡിഎ സ്ഥാനാർത്ഥി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ്.  


അതേസമയം യുഡി എഫ് സ്ഥാനാർഥി രാഹുല്‍ ഗാന്ധിയും എൽഡിഎഫ് സ്ഥാനാർഥി ആനി രാജയും ഇന്ന് നാമനിർദേശ പത്രിക സമർപ്പിച്ചു. രാവിലെ 10 മണിയോടെ മൂപ്പൈനാട് റിപ്പൺ തലക്കൽ ഗ്രൗണ്ടിൽ ഹെലികോപ്റ്ററിലെത്തിയ രാഹുൽ ​ഗാന്ധിക്ക് ​ഗംഭീര സ്വീകരണമാണ്  വയനാട് പാർലമന്റ് മണ്ഡലം ഒരുക്കിയത്.


11 മണിയോടെ കൽപറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന റോഡ് ഷോയിൽ മാനന്തവാടി, സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ, ഏറനാട്, വണ്ടൂര്‍ നിലമ്പൂര്‍, തിരുവമ്പാടി എന്നീ ഏഴ് നിയോജകമണ്ഡലങ്ങളിലെ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് പങ്കെടുത്തത്. രാഹുലിനൊപ്പം എ ഐ സി സി ജനറൽ സെക്രട്ടറിമാരായ പ്രിയങ്കാ ഗാന്ധി, കെ സി വേണുഗോപാൽ, ദീപദാസ് മുൻഷി, കനയ്യ കുമാർ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ഉൾപ്പെടെയുള്ള നേതാക്കളും അണിനിരന്നു.