Kerala BJP: കേരളം പിടിക്കാൻ തുനിഞ്ഞിറങ്ങി ബിജെപി; ബിഷപ്പുമാരുമായി ബിജെപി നേതാക്കളുടെ കൂടിക്കാഴ്ച, മാറുന്ന രാഷ്ട്രീയ സമവാക്യങ്ങൾ
Kerala BJP new political strategies: വി. മുരളീധരൻ വെള്ളയമ്പലം ബിഷപ്പ് ഹൗസിലെത്തി ആർച്ച് ബിഷപ്പ് തോമസ്.ജെ. നെറ്റോയുമായും പി.കെ കൃഷ്ണദാസ് തലശേരി ആർച്ച് ബിഷപ്പുമായും കൂടിക്കാഴ്ച നടത്തി. ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ബിജെപിയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് പുതിയ രാഷ്ട്രീയതന്ത്രം.
തിരുവനന്തപുരം: ഈസ്റ്റർ ദിനത്തിൽ ജനസമ്പർക്ക പരിപാടി ശക്തിപ്പെടുത്തി ബിജെപി. കേന്ദ്ര മന്ത്രി വി. മുരളീധരൻ വെള്ളയമ്പലം ബിഷപ്പ് ഹൗസിലെത്തി ആർച്ച് ബിഷപ്പ് തോമസ്.ജെ. നെറ്റോയുമായി കൂടിക്കാഴ്ച നടത്തി. ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് തലശേരി ആർച്ച് ബിഷപ്പുമായും കൂടിക്കാഴ്ച നടത്തി. ക്രൈസ്തവ ന്യൂനപക്ഷ വിഭാഗങ്ങളെ ബിജെപിയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് പുതിയ രാഷ്ട്രീയതന്ത്രം.
കേരളം പിടിക്കാൻ ക്രൈസ്തവരുടെ വോട്ടുകൾ നിർണായകമാണെന്ന് ബിജെപി ദേശീയ നേതൃത്വത്തിന് തന്നെ തിരിച്ചറിയാൻ കഴിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ജനസമ്പർക്ക പരിപാടിയുമായി പാർട്ടി രംഗത്തിറങ്ങുന്നത്. ക്രൈസ്തവ വിഭാഗങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്നതോടൊപ്പം ബിജെപി നേതാക്കൾ അവരുടെ ഭവനങ്ങൾ സന്ദർശിക്കുകയും ദേവാലയങ്ങളിലെത്തി പെസഹ ദിനത്തിൽ പെസഹ അപ്പം മുറിക്കുന്നതിൽ ഉൾപ്പെടെ പങ്കാളികളാകുകയും ചെയ്തിരുന്നു.
ക്രൈസ്തവർക്കിടയിൽ അടുത്തിടെയായി ഇസ്ലാമോഫോബിയ ശക്തിപ്പെടുന്നുണ്ട്. ഇത്തരം കാര്യങ്ങൾ കൂടി മുന്നിൽകണ്ട് ബിജെപി രാഷ്ട്രീയ കരുനീക്കങ്ങൾ നടത്തുന്നുവെന്നത് ശ്രദ്ധേയമാണ്. പ്രത്യേകിച്ച് കേരളം പോലെ ന്യൂനപക്ഷങ്ങൾക്കിടയിൽ വലിയ സ്വാധീനമുള്ള സംസ്ഥാനത്ത് തെരഞ്ഞെടുപ്പിൽ നേട്ടം ഉണ്ടാക്കണമെങ്കിൽ ക്രൈസ്തവ വിഭാഗങ്ങളിൽ നിന്നുൾപ്പെടെ വോട്ടു സമാഹരണം പ്രധാനമാണ്. ഇതിന്റെ ഭാഗമായാണ് സഭയുമായി കൂടുതൽ അടുക്കുവാനുള്ള രാഷ്ട്രീയ തീരുമാനം ബിജെപി സ്വീകരിച്ചിരിക്കുന്നത്.
നേരത്തെ തന്നെ നാർക്കോട്ടിക്ക്, ലൗ ജിഹാദ് തുടങ്ങിയ പരാമർശങ്ങൾ ചില ബിഷപ്പുമാരിൽ നിന്ന് വന്നപ്പോൾ അതിനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു അന്ന് ബിജെപി സ്വീകരിച്ചിരുന്നത്. അതുകൊണ്ടുതന്നെ ബിജെപിയുടെ രാഷ്ട്രീയ ഉദ്ദേശം എന്തെന്ന കാര്യം സുവ്യക്തമാണ്.
2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ ഉൾപ്പെടെയുള്ള മണ്ഡലങ്ങൾ തങ്ങൾക്കൊപ്പം നിൽക്കുമെന്ന പ്രതീക്ഷ ബിജെപി വച്ചു പുലർത്തുമ്പോൾ ക്രൈസ്തവ ന്യൂനപക്ഷ വോട്ടുകൾ വളരെ നിർണായകമാണ്.
ബിജെപി-സംഘപരിവാർ സംഘടനകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രതിരോധിക്കാൻ പല ക്രൈസ്തവ നേതൃത്വങ്ങൾ തന്നെ ഇതിനോടകം തയ്യാറായിട്ടുമുണ്ട്. കേരളത്തിൽ ബിജെപിക്കൊപ്പം നിൽക്കുന്ന ക്രൈസ്തവ പാർട്ടി എന്നുള്ള ആശയവും അടുത്തിടെ സംസ്ഥാനത്ത് ചർച്ച ചെയ്യുന്നുണ്ട്. കോട്ടയം കേന്ദ്രീകരിച്ച് മുൻ എംപിമാരും എംഎൽഎമാരും ഇതിനായി രംഗത്തിറങ്ങുമെന്ന സൂചനയും പുറത്തു വന്നിരുന്നു.
ജനസമ്പർക്ക പരിപാടിയുടെ ഭാഗമായി കെ. സുരേന്ദ്രൻ കഴിഞ്ഞദിവസം താമരശേരി ബിഷപ്പിനെ കണ്ടിരുന്നു. ഇന്ന് വി. മുരളീധരൻ വെള്ളയമ്പലം ബിഷപ്പ് ഹൗസിൽ എത്തിയതും തലശേരി ആർച്ച് ബിഷപ്പിനെ കാണാൻ പി.കെ കൃഷ്ണദാസ് എത്തിയതിലും പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ തന്നെയാണ് പ്രതിഫലിക്കുന്നത്. ഈസ്റ്റർ ആശംസകൾ നേരാനാണ് എത്തിയതെന്നുള്ള പതിവ് അഭിപ്രായ പ്രകടനത്തിനപ്പുറം സന്ദർശനത്തിനും കൂടിക്കാഴ്ചകൾക്കുമുള്ള രാഷ്ട്രീയ മാനവും ഏറെയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...