തിരുവനന്തപുരം: നരേന്ദ്രമോദി നരാധമനെന്ന പരാമർശം നടത്തിയ സിപിഎം നേതാവ് ജെയ്ക് സി. തോമസിനെതിരെ നിയമനടപടിയുമായി ബിജെപി. ജെയ്ക് സി. തോമസിനെതിരെ വക്കീൽ നോട്ടീസ് അയച്ചു. ഒരാഴ്ചയ്ക്കകം വിവാദ പരാമർശം പിൻവലിച്ച് മാപ്പു പറയാത്തപക്ഷം ക്രിമിനൽ കേസും കോടതി നടപടികളുമായി മുന്നോട്ടു പോകുമെന്ന്  ബിജെപി നേതാവ് ഡോ. ആർ. ബാലശങ്കർ അയച്ച വക്കീൽ നോട്ടീസിൽ പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയുടെ ഭരണഘടന പ്രകാരം ജനാധിപത്യപരമായി തെരഞ്ഞെടുപ്പിൽ മത്സരിച്ച് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ ജയിച്ച് പ്രധാനമന്ത്രിയായ വ്യക്തിയെ നരാധമൻ എന്ന് വിളിക്കുന്നത് രാജ്യത്തെ 140 കോടി ജനങ്ങളേയും, ലോക ജനതയുടെ മുമ്പിൽ ഇന്ത്യയെയും അപമാനിക്കലാണ്. നരാധമൻ എന്ന് പറയപ്പെടുന്ന ഒരു വ്യക്തിക്ക് തെരെഞ്ഞെടുപ്പിൽ പോലും മത്സരിക്കാൻ കഴിയില്ല. ഭരണഘടനാ പ്രകാരം സ്ത്രീയെയും, പുരുഷനെയും, ഭിന്ന ലിംഗത്തിൽപ്പെടുന്നവരെയും തുല്യ മനുഷ്യരായിട്ടാണ് വിവക്ഷിക്കുന്നത്. നരാധമൻ എന്ന പരാമർശം ഇതിൽ ഒന്നും പെടാത്തതാണ്. ഇത് ഭരണ ഘടനയോടുള്ള അവമതിപ്പായി മാത്രമേ കാണാൻ കഴിയൂ.


രാഷ്ട്രീയ സംസ്കാരമുള്ള ആരും പ്രതിയോഗികളോട് ഇത്തരത്തിൽ പ്രതികരിക്കാൻ പാടില്ലാത്തതാണ്. ലോകമെമ്പാടും പ്രേക്ഷകരുള്ളതും ജനങ്ങൾ ഏറെ ശ്രദ്ധിക്കുന്നതുമായ ഒരു ചാനലിൽ മൂന്ന് തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുള്ള എസ്.എഫ്.ഐ യുടെ മുൻ സംസ്ഥാന പ്രസിഡന്റും, സി.പി.എം നേതാവുമായ ജെയ്ക് സി. തോമസ് നടത്തിയ പരാമർശം അത്യന്തം അപലപനീയമാണ്.


നരേന്ദ്ര മോദിയുടെ അനുഭാവിയും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്ന ആളെന്ന നിലയിൽ അദ്ദേഹത്തിനെതിരെയുള്ള നീചമായ പരാമർശം തനിക്ക് വ്യക്തിപരമായി വളരെ ദുഖം ഉണ്ടാക്കിയതായി ആർ. ബാലശങ്കർ പറഞ്ഞു. 2017 ഡിസംബറിലെ ഗുജറാത്ത് തെരെഞ്ഞെടുപ്പിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ "നീച് ആദ്മി" എന്ന് വിളിച്ചതിന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന മണിശങ്കർ അയ്യരെ അച്ചടക്ക നടപടിയുടെ ഭാഗമായി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.


ALSO READ: 'തോക്കും പത്ത് റൗണ്ട് തിരകളും ' തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പോലീസ് ഉദ്യോഗസ്ഥൻറെ തോക്ക് നഷ്ടമായി


എന്നാൽ അത്തരത്തിലുള്ള ഒരു നടപടിയും സിപിഎം നേതാവായ ജെയ്ക് സി. തോമസിനെതിരെ ഇടതുപക്ഷ പാർട്ടിയിൽ നിന്ന് ഉണ്ടാവാത്ത പശ്ചാത്തലത്തിലാണ് ഇത്തരം ഒരു നിയമ നടപടിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതെന്ന് ബാലശങ്കർ പറഞ്ഞു. കഴിഞ്ഞ നവംബർ 19 ന് ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവർ ചർച്ചക്കിടെയാണ് ജെയ്ക് വിവാദ പരാമർശം നടത്തിയത്. ക്ഷേമ പെൻഷൻ മുടങ്ങിയതുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയ്ക്കിടെയാണ് സിപിഎം സംസ്ഥാന സമിതിയം​ഗം നരേന്ദ്രമോദിയെ നരാധമൻ എന്ന് വിളിച്ചത്. നാക്കുപിഴയല്ലെന്ന് പറഞ്ഞ ജെയ്ക്ക് ചർച്ചയിൽ വീണ്ടും തെറ്റായ  പദപ്രയോഗം ആവർത്തിക്കുകയും, വിവാദ പരാമർശം പിൻവലിക്കാൻ തയ്യാറായതുമില്ല.


കഴിഞ്ഞ 24 മാസമായി നരേന്ദ്രമോദിയെന്ന നരാധമൻ കേന്ദ്ര വിഹിതം നൽകാതിരിക്കുകയാണെന്നായിരുന്നു ജെയ്ക്കിന്റെ പരാമർശം. 1600 രൂപയുടെ വിധവ പെൻഷനിൽ 500 രൂപ കേന്ദ്ര വിഹിതവും 1100 രൂപ സംസ്ഥാന സർക്കാർ വിഹിതവുമാണെന്നും ഇതിൽ കേന്ദ്ര വിഹിതം കേരളത്തിന് നൽകാതായിട്ട് 24 മാസമായെന്നായിരുന്നു ജയ്കിന്റെ ആരോപണം. കേരളത്തിലെ വിധവകളാണെങ്കിൽ നിങ്ങൾക്ക് കാശ് തരില്ലെന്നാണ് കേന്ദ്രം പറയുന്നതെന്നും ജെയ്ക് ആരോപിച്ചിരുന്നു.


രാഷ്ട്രീയമായി കേന്ദ്രത്തെ കുറ്റപ്പെടുത്തുമ്പോഴും, ക്ഷേമ പെൻഷനുകൾ മറ്റ് പല കാരണങ്ങൾ കൊണ്ടും ഇതിന് മുമ്പും കേരളത്തിൽ മുടങ്ങിയിട്ടുണ്ടെന്നും, എന്നാൽ അപ്പോഴൊക്കെ അതിന് കാരണക്കാരായിട്ടുള്ളവരെ സംസ്കാര ശൂന്യമായ ഭാഷയിൽ അപമാനിച്ചിരുന്നുവെങ്കിൽ എന്തായിരിന്നിരിക്കും സ്ഥിതി എന്നും ബാലശങ്കർ ചോദിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.